ആദ്യമത്സരത്തില്‍ നേടിയ ജയത്തിന്റെ ബലത്തില്‍ മുമ്പോട്ടുള്ള യാത്രക്ക് ആവശ്യമായ മിനിമം ഡിമാന്റില്‍ പന്ത് തട്ടുന്ന ബ്രസീലിനെയും സ്വിറ്റ്സര്ലന്റിനെയുമാണ് ആദ്യപകുതിയില്‍ കാണാനായത്. മൈതാന വ്യാപ്തിയെ നന്നായി ഉപയോഗിച്ച് തുറന്ന് കളിക്കാന്‍ വിഭവശേഷിയുള്ള ബ്രസീല്‍ സ്വതസിദ്ധമായ രീതിയില്‍ കളിച്ചെങ്കിലും വളരെ വ്യക്തതയുള്ള പദ്ധതികളോടെ സ്വിറ്റ്സര്‍ലന്റ് മറുമരുന്നുകളൊരുക്കി.
രണ്ടാം പകുതിയുടെ പാതിവഴിയില്‍ ടിറ്റേ നടത്തിയ ടാക്റ്റികല്‍ സബ്സ്റ്റിറ്റ്യൂഷനുകള്‍ നല്കിയ പുതിയ ഊര്‍ജ്ജം 72ാം മിനുറ്റിലെ ഗോള്‍ വരുന്നതിലേക്ക് ബ്രസീലിനെ എത്തിച്ചു. മത്സരഗതിയോട് നീതീകരിക്കുന്ന 1-0 വിജയത്തോടെ ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ തങ്ങളുടെ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.
സുരക്ഷിതമായ പ്രതിരോധകവചങ്ങളൊരുക്കി പ്രത്യാക്രമണസാധ്യതകളെ ഉപയോഗപ്പെടുത്താന്‍ തന്നെയായിരുന്നു സ്വിറ്റ്സര്‍ലന്റ് ശ്രമിച്ചിരുന്നുവെന്നാണ് പ്ലെയര്‍ മൂവ്മെന്റുകളില്‍ നിന്ന് മനസ്സിലാക്കാനായത്. 90മിനുറ്റും തടയിടാനാവാത്തവിധം ആക്രമണപ്രവണതയുള്ള ബ്രസീലിനെ ആയാസരഹിതമായി തന്നെ ഒരു പരിധിവരെ അവര്‍ പ്രതിരോധിച്ചു.
വലത് വിങില്‍ ആകാഞ്ചിയും, ഇടത് റോഡ്രിഗ്രസും അത്യധികം പെടാപ്പാട് പെട്ടാണെങ്കിലും കര്‍ത്തവ്യനിര്‍വഹണത്തില്‍ നീതിപുലര്‍ത്തി. കാസമിറോയുടെ ക്ലിനികല്‍ പെര്‍ഫെക്ഷനും റിഫ്ലക്ഷനും മേളിച്ച ആ ഗോള്‍ വരെ സ്വിസ് പ്രതിരോധവും മധ്യനിരയും ചിട്ടയോടെ പ്രോസസ് ചെയ്ത് കൊണ്ടേയിരുന്നു. ഒരു ദൗര്‍ബല്യമായി കണ്ടത് പ്രത്യാക്രമണങ്ങളില്‍ അവര്‍ ഒരു യൂണിറ്റായി ബ്രസീല്‍ പ്രതിരോധത്തിന് ഭീഷണി ഉയര്‍ത്തിയില്ലെന്നതാണ്..
മിനിമല്‍ ഡിമാന്റുമായി സമ്മര്‍ദ്ദങ്ങളേതുമില്ലാതെ 90മിനുറ്റും ബ്രസീല്‍ സേഫ് സോണെടുത്ത് കളിച്ച മത്സരമായി തോന്നി. നിര്‍വഹണതലത്തില്‍ വ്യക്തിഗതമികവുള്ള താരങ്ങളുടെ സാന്നിധ്യം നല്കുന്ന ബലം പക്ഷെ, ബ്രസീലിനെ കളിയുടെ മുക്കാല്‍ഭാഗം തീരും വരെയും ലക്ഷ്യത്തിലേക്കെത്തിച്ചില്ല.
പിന്നീട് നടത്തിയ സബ്സ്റ്റിറ്റ്യൂഷന്‍സ് കൊണ്ടുവന്ന കളിതീവ്രതയിലെ മാറ്റം സ്വിറ്റ്സര്‍ലന്റ് പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി. അതിന്റെ തുടര്‍ച്ചയായിരുന്നു കാസമിറോയുടെ ഗോള്‍. തുടര്‍ന്ന് ഗ്വിമേറസും റോഡ്രിഗേസും ജീസസും ആന്റണിയും നടത്തിയ തുടരാക്രമണങ്ങളും , വിനീഷ്യസിന്റെ ഒറ്റയാള്‍ ഓട്ടങ്ങളും കളിയുടെ ക്ലൈമാക്സ് ആവേശമുറ്റതാക്കി.
രണ്ടാം ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ബര്‍ത് നേടിയ ബ്രസീല്‍ , നെയ്മര്‍ കൂടി വരുന്നതോടെ എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടും. കാമറൂണുമായുള്ള അടുത്ത മല്‍സരം ടിറ്റേ പ്രീക്വാര്ടര് കൂടി മനസ്സില്‍ കണ്ട് എങ്ങനെ സമീപിക്കുമെന്നത് കൗതുകത്തോടെ കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.