ഇഴകീറി അനലൈസ് ചെയ്ത് തയ്യാറാക്കുന്ന ടാക്റ്റിക്സുകള്ക്കും, പ്ലാനുകള്‍ക്കും മുകളില്‍ മാനുഷികവൈകാരികതകള് മുമ്പോട്ട് നയിക്കുന്ന കുറേ നിമിഷങ്ങള്‍ കൂടി നിറഞ്ഞതാണ് ലോകകപ്പ് പോലുള്ള വേദികള്‍. അത്തരമൊരു മത്സരമായിരുന്നു ടുണീഷ്യയും ഫ്രാന്‍സും തമ്മില്‍ അരങ്ങേറിയത്. അതിനാടകീയതനിമിഷങ്ങളാല് സമ്പന്നമായ കളിക്ക് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഖാസ്രി നേടിയ ഒരു ഗോളിന് തുനീഷ്യ ജയിച്ചു.
പക്ഷെ അപ്പുറത്ത് ആസ്ത്രേലിയ ഇതേ മാര്‍ജിനില്‍ ഡെന്മാര്ക്കിനെ പരാജയപ്പെടുത്തിയതോടെ ഒരു കാലത്ത് തങ്ങളെ കോളനിയാക്കി അനുഭവിച്ച, ലോകജേതാക്കള്‍ കൂടിയായ ഫ്രാന്‍സിനെതിരെ ഐതിഹാസികമായ ജയം നേടിയെങ്കിലും ടൂര്‍ണമെന്റില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നു.
പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയതിനാല്‍ ഇത് വരെ അണിനിരത്തിയ ലൈനപ്പില്‍ ഒമ്പതോളം മാറ്റങ്ങള്‍ വരുത്തിയാണ് ഫ്രാന്‍സ് ഇറങ്ങിയത്. ബെഞ്ചിലിരിക്കുന്നവരേക്കാള് ഒരളവിലും കുറവല്ലാത്ത പ്രതിഭാധാരാളിത്തമുള്ള ഈ യുവനിരക്കെതിരെ കിടപിടിക്കും തരത്തില്‍ തന്നെയാണ് ടുണീഷ്യ തുടക്കം മുതലേ പന്ത് തട്ടിയത്.
അവരുടെ മുഴുനീള ആക്രമണപ്രവണതക്ക് തുടക്കത്തിലേ ഫലം കിട്ടിയത് നിര്‍ഭാഗ്യവശാല്‍ ഓഫ്സൈഡായി മാറി. ഫൊഫാനയും ച്യുവമെനിയും മൈതാനമധ്യം അതിമനോഹരമായി നിയന്ത്രിച്ച ആദ്യപകുതിയില്‍ തുനീഷ്യന്‍ ഗോള്‍മുഖത്ത് ഭീതി പടര്‍ത്തുംവിധം ആ കരുനീക്കങ്ങളെ ഉപയോഗപ്പെടുത്താന്‍ ഫ്രഞ്ച് ഫോര്വേഡുകള്ക്കായില്ല. കളിയിലെ ഏകഗോളിന് നിദാനമായ പിഴവ് ചെയ്തെങ്കിലും ആദ്യ പകുതിയില്‍ ഏറ്റവും നൈസർഗികമായി കയറിയിറങ്ങി കളിച്ചത് യൂസുഫ് ഫൊഫാന ആയിരുന്നു.
പതിവ് പോലെ ച്യുവമാനി മധ്യനിരയെ മനോഹരമായി ബാലന്‍സ് ചെയ്യുകയും ട്രാന്‍സിഷനുകളെ നന്നായി ചാനലൈസ് ചെയ്യുകയും ചെയ്തു. കൂടുതല്‍ അപകടകരമായി തുനീഷ്യ നീക്കങ്ങള്‍ നടത്തിയ ഇടത് വിങില്‍ അതീവപക്വതയോടെ പ്രതിരോധിച്ച കാമവിങ്കയും ബിഗ്ടിക്കറ്റ് മാച്ചുകളിലേക്ക് വളര്‍ന്ന് കഴിഞ്ഞുവെന്ന് വിചാരിക്കുന്നു.
ഒരു ജയം എന്നത് മാത്രം ലക്ഷ്യമായി കണ്ടാണ് തുനീഷ്യ കളിച്ചത്. ഓഫ് സൈഡില്‍ നഷ്ടമായ ഗോളിന് ശേഷം കളിയിലെ ഓരോ സാഹചര്യങ്ങളോടും സാധ്യമായ സകലശേഷികളോടും കൂടെ ഒരു യൂണിറ്റായി അവര്‍ പ്രതികരിച്ചു കൊണ്ടേയിരുന്നു. നിയന്ത്രണം നഷ്ടപ്പെടുന്ന പന്തുകളെ തട്ടിയെടുക്കുന്നതിനേക്കാള് വളരെ പെട്ടെന്ന് തന്നെ അച്ചടക്കത്തോടെ പ്രതിരോധവിന്യാസം നടത്തി വ്യക്തിഗതമികവുള്ള ഫ്രഞ്ച് താരങ്ങള്‍ക്ക് ഡിഫന്‍സീവ് തേഡില്‍ യാതൊരു അവസരവും ലഭിക്കാതെ തുനീഷ്യ കോട്ടകെട്ടി.
ഖാസ്രി നേടിയ ആ ചരിത്രഗോള്‍ വല്ലാതെ വൈകാരികമായൊരു തലത്തിലേക്ക് പിന്നീട് കളിയെ വളര്‍ത്തി. സ്വാഭാവികമായും ടീം കൂടുതല്‍ ലോ-ലൈന്‍ പ്രതിരോധത്തിലേക്ക് വലിയുകയും ഫ്രാന്‍സ് സബ്സ്റ്റിറ്റ്യൂഷനുകളിലൂടെ അറ്റാക്കിങ് തേഡും കയ്യടക്കുന്നതാണ് കാണാനായത്.
ഗോളിയുടെ കണിശതയും, 11 പേരും പ്രതിരോധനിരയുടെ ഭാഗമായിമാറി നടത്തിയ എല്ലാം മറന്ന പ്രകടനവും തുനീഷ്യയെ കാഴ്ചക്കാരുടെ ഇഷ്ടമാക്കി. ഗ്രീസ്മാന്റെ ഇല്ലാതായ നാടകീയഗോളും, ആസ്ത്രേലിയയുടെ ജയവുമെല്ലാം നിറഞ്ഞ സംഭവബഹുലമായ അവസാനനിമിഷങ്ങള്‍ ഖത്തര്‍ ലോകകപ്പിന്റെ ഓര്‍മകളിലെ ഏറ്റവും മികച്ച ഏടുകളിലൊന്നാവും..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.