മാലിയോടുള്ള സ്വന്തം തട്ടകത്തിലെ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെ തുനീഷ്യ തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് യോഗ്യത നേടി. ഖത്തറിലെ അങ്കത്തിന് ഒരുങ്ങുമ്പോൾ കാർത്തേജിലെ ഈ പരുന്തു കൂട്ടത്തിന്റെ സ്വപ്നം ഒരിക്കലെങ്കിലും ലോകകപ്പിൽ മുത്തമിടണമെന്നാണ്. 1978ൽ ആദ്യമായി ലോകകപ്പ് യോഗ്യത നേടിയ ടീം ആറാം തവണയാണ് ഖത്തറിലെ പോരാട്ടത്തിനൊരുങ്ങുന്നത്.
ലോകകപ്പ് കളിച്ചപ്പോഴെല്ലാം വേണ്ടത്ര മുന്നേറ്റമൊന്നും നേടാനാവാതെ ഗ്രൂപ് ഘട്ടങ്ങളിൽനിന്നുതന്നെ പുറത്താവുകയായിരുന്നു. ഇത്തവണ യോഗ്യത മത്സരത്തിൽ ജയിച്ച് കയറാനായെങ്കിലും മൈതാനത്ത് വേണ്ടത്ര മികവ് പുലർത്താൻ തുനീഷ്യക്കാർക്കായിട്ടില്ല. ഖത്തറിലെത്തും മുമ്പ് പ്രതിരോധ നിരയെയടക്കം അറബ് ഭാഷ സംസാരിക്കുന്ന ഈ ആഫ്രിക്കൻ സംഘം ശക്തിപ്പെടുത്തിയാൽ മാത്രമേ ഗ്രൂപ് ഡിയിലെ കരുത്തരായ ഫ്രാൻസ്, ഡെൻമാർക്ക്, ആസ്ട്രേലിയ ടീമുകളെ മികച്ച രീതിയിൽ എതിരിടാനാവൂ. ആഫ്രിക്ക കപ്പ് ഓഫ് നാഷൻസിലും ആഫ്രിക്കൻ നാഷൻസ് ചാമ്പ്യൻസിലും അറബ് കപ്പിലും മുത്തമിട്ടത് തുനീഷ്യക്കാരുടെ മികച്ച നേട്ടങ്ങളാണ്.
ഗ്രൂപ്പ് ഡിയിൽ തുനീഷ്യയുടെ ആദ്യ മത്സരം ഡെൻമാർക്കിനോടും, രണ്ടാം മത്സരം ആസ്ട്രേലിയയോടുമാണ്. മൂന്നാം പക്കം ഫ്രാൻസിനോടും ഏറ്റുമുട്ടും. പ്രതിരോധനിരയിൽ ബിലേൽ ഇഫ, മോണ്ടസാർ തൽബി, അലി അബ്ദി തുടങ്ങിയ താരങ്ങളുണ്ട്. മുഹമ്മദ് സെഡ്കിയാണ് ഗോൾ കീപ്പർ.
യൂസഫ് മസാക്നിയാണ് ടീമിന്റെ നായകൻ. വിങ്ങർ പൊസിഷനിലും മുന്നേറ്റ താരമായും മൈതാനത്ത് നിറഞ്ഞുനിൽക്കാനുള്ള യുസഫിന്റെ മിടുക്ക് ടീമിലെ സഹകളിക്കാർക്കും ഏറെ അവസരങ്ങൾ സൃഷ്ടിക്കാറുണ്ട്. നിലവിൽ അൽ അറബി ക്ലബിലാണ് ഈ 32കാരൻ പന്ത് തട്ടുന്നത്.
ഖത്തർ സ്റ്റാർ ലീഗിൽ 2017-2018 കാലത്തെ മികച്ച കളിക്കാരനായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. തുനീഷ്യയുടെ അണ്ടർ 17 ദേശീയ ടീമിൽ കളിച്ചിരുന്ന ഇദ്ദേഹം 2010 മുതലാണ് തുനീഷ്യ ദേശീയ ടീമിൽ പന്തുതട്ടി തുടങ്ങിയത്. ദേശീയ ടീമിനായി ഈ നായകൻ 17 ഗോളുകളും സ്വന്തം പേരിൽ സംഭാവന ചെയ്തിട്ടുണ്ട്. ലോകകപ്പിൽ ഇതുവരെ ഗ്രൂപ് ഘട്ടങ്ങൾക്കപ്പുറത്തേക്ക് എത്താൻ സാധിക്കാതിരുന്ന ഈ പരുന്ത് കൂട്ടങ്ങൾക്ക് യൂസഫിന്റെ നായകത്വം ഖത്തറിൽ പുതിയ ചരിത്രം കുറിച്ചേക്കും. തന്റെ ടീമിനെ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം എത്തിക്കാനായാൽ തന്നെ യൂസഫിന്റെ നായകസ്ഥാനത്തിന് തിളക്കം കൂടും.
20 വർഷത്തിലധികമായി ഫുട്ബാൾ പരിശീലനരംഗത്തുള്ള ജലേൽ കദ്രിയാണ് ടീമിന്റെ പരിശീലകൻ. 50 വയസ്സുണ്ട്. കഴിഞ്ഞ വർഷം ഇദ്ദേഹം ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായിരുന്നു. ഈ വർഷം മുതലാണ് മുഖ്യ പരിശീലകനായത്. 2007-2008 ൽ തുനീഷ്യ അണ്ടർ 20 ടീമിനെയും പരിശീലിപ്പിച്ചിരുന്നു.
ഫുട്ബാളിൽ പരിശീലനം നൽകി തന്റെ കരിയർ ആരംഭിച്ച കദ്രിക്ക് എല്ലാ ടീമുകളുടെയും ശക്തിയും ദൗർബല്യവും നന്നായി അറിയാം. കളിക്കളത്തിൽ ധൈര്യവും കരുത്തും പകർന്നു നൽകാൻ ഇദ്ദേഹത്തിനാവും. ഖത്തറിൽ തുനീഷ്യ പുതിയനേട്ടം കൊയ്താൽ ആശാന്റെ കരിയറിലും അത് മികച്ച നേട്ടങ്ങളിൽ ഒന്നായിരിക്കും.
തുനീഷ്യ
ഫിഫ റാങ്കിങ് 30
കോച്ച്: ജലേൽ കദ്രി
ക്യാപ്റ്റൻ: യൂസഫ് മസാക്നി
നേട്ടം: ആഫ്രിക്ക കപ്പ് ഓഫ് നാഷൻസ് (2004 ചാമ്പ്യൻസ്) ആഫ്രിക്കൻ നാഷൻസ് ചാമ്പ്യൻഷിപ് (2011 ചാമ്പ്യൻസ്)അറബ് കപ്പ് (1963 ചാമ്പ്യൻസ് )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.