1978നു ശേഷം ആദ്യമായിട്ടാണ് തുനീഷ്യ ഖത്തർ ലോകകപ്പിനെത്തുന്നത്. അതും ഒരു കളിയെങ്കിലും ജയിച്ചാൽ ആഘോഷിക്കാമെന്ന അർധ മനസ്സുമായി. ഗ്രൂപിൽ ഫ്രാൻസ് എന്ന അതികായനെ കിട്ടുമ്പോൾ തോൽക്കാനുള്ള ഒരു മത്സരം ഉറപ്പെന്നായിരുന്നു നാട്ടുകാരിൽ ചിലരെങ്കിലും കരുതിയത്. എന്നാൽ, ബുധനാഴ്ച എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഗ്രുപിലെ അവസാന മത്സരത്തിന് കിക്കോഫ് വിസിൽ മുഴങ്ങിയ നിമിഷം മുതൽ കാര്യങ്ങൾ മറ്റൊന്നായി മാറുകയായിരുന്നു. എംബാപ്പെ, ഡെംബലെ, ഗ്രീസ്മാൻ തുടങ്ങിയ പ്രമുഖരെ കരക്കിരുത്തി റിസർവ് ബെഞ്ചിന് അവസരം നൽകി ദെഷാംപ്സ് നടത്തിയ പരീക്ഷണം തുടക്കത്തിലേ പാളി. ഇരമ്പിയാർത്ത് വഹ്ബി ഖസ്രിയും സംഘവും ഫ്രഞ്ച് പകുതിയിൽ അപായമണി മുഴക്കിക്കൊണ്ടേയിരുന്നു. ഏതുനിമിഷവും (ഫഞ്ച് വലയിൽ ഗോൾ പിറക്കുമെന്നായി സ്ഥിതി. എണ്ണമറ്റ കോർണറുകൾ വഴങ്ങിയാണ് തുനീഷ്യക്കാരുടെ നീക്കങ്ങളെ ഫ്രഞ്ച് പ്രതിരോധം കാത്തത്. അതിനിടെ, രണ്ടാം പകുതിയിൽ ഗോളുമെത്തി. വഹ്ബി ഖസ്രിയുടെ മനോഹരമായ ഒറ്റയാൾ നീക്കത്തിനൊടുവിലായിരുന്നു രണ്ടു പ്രതിരോധക്കാരുടെയും കൂടെ ഗോളിയുടെയും നീട്ടിപ്പിടിച്ച കാലുകൾ കടന്ന് പന്ത് വലയുടെ വലതുമൂലയിൽ ചെന്നുതൊട്ടത്. പ്രകമ്പനം കൊണ്ട മൈതാനത്ത് തുനീഷ്യക്കാർക്ക് ആവേശവും ആഘോഷവും പകർന്ന് ടെന്നിസിലെ ലോക രണ്ടാം നമ്പർ താരം ഉൻസ് ജാബിർ ഉൾപ്പെടെ പ്രമുഖർ എത്തിയിരുന്നു. മുൻനിരയെ മൊത്തം തിരിച്ചുവിളിച്ച് പഠിച്ച പണി മുഴുവൻ പയറ്റിയിട്ടും ഫ്രാൻസ് തോറ്റു. ഗ്രീസ്മാന്റെ അവസാന നിമിഷ ഗോൾ വാറിലും കുടുങ്ങി.
ഇതുപക്ഷേ, ഫ്രാൻസിന് വെറും തോൽവിയായിരുന്നില്ല. തുനീഷ്യക്ക് ചെറിയ വിജയവും. 75 വർഷക്കാലം തങ്ങളെ അടിമകളാക്കുകയും കീഴടക്കി ഉള്ളതൊക്കെയും ഊറ്റിയെടുക്കുകയും ചെയ്തവരോടുള്ള മധുരപ്രതികാരമായിരുന്നു. ഒരേ സമയം ഗ്രൂപിലെ രണ്ടാം മത്സരത്തിൽ ഡെന്മാർക്കിനെ വീഴ്ത്തി ആസ്ട്രേലിയ നോക്കൗട്ട് ഉറപ്പാക്കിയത് വേദനയായെങ്കിലും ഈ ജയത്തോളം വരില്ലായിരുന്നു അതൊന്നും. അത്രമേൽ അവരെ ആ കോളനിക്കാലം മുറിവേൽപിച്ചിരുന്നു. കാൽപന്തു മൈതാനങ്ങളിൽ കരുത്തുകൂട്ടി പഴയ കോളനികൾ ലോകപോരാട്ട വേദികളിലെത്തുമ്പോൾ ഫ്രാൻസിനു മുന്നിൽ തുറന്നുവെച്ച് പതിറ്റാണ്ടുകൾക്കപ്പുറത്തെ കണക്കുപുസ്തകങ്ങളുമുണ്ടായിരുന്നു. അന്ന് രാജ്യത്തെത്തി ചെയ്തുകൂട്ടിയതിനൊക്കെയായിരുന്നു ഈ പ്രതികാരം.
ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത് ദരിദ്രരായ ഗ്രാമീണരോട് ക്രൂരതകളേറെ ചെയ്തുകൂട്ടിയ ബ്രിട്ടീഷുകാരോട് ക്രിക്കറ്റ് കളിച്ച് ജയിച്ച കഥയാണ് ആമിർ സിനിമയായ ലഗാൻ. അന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ അഹന്ത മൂത്ത് നാട്ടുകാരോട് ആവശ്യപ്പെട്ടതായിരുന്നു കളിച്ചു ജയിച്ചാൽ നികുതി ഒഴിവാക്കാമെന്നത്. ക്രിക്കറ്റ് കേട്ടുകേൾവി പോലുമില്ലാത്ത നാട്ടുകാർ അത് ഒടുക്കം നേടിയെടുക്കുക തന്നെ ചെയ്തതാണ് സിനിമ. അതുതന്നെയായിരുന്നില്ലേ ഖത്തർ മൈതാനത്തു കണ്ടതും.
അവസാനമായി ഫ്രാൻസ് ഇതുപോലൊരു ടീമുമായി മുഖാമുഖം നിന്ന 2002ലും സമാനമായിരുന്നു അനുഭവം. അന്ന് സെനഗാൾ വീറുകാട്ടിയപ്പോൾ ഫ്രഞ്ചുകാർ ഒരു ഗോൾ തോൽവിയുമായി പ്രാഥമിക റൗണ്ടിൽ പുറത്തായി. ഇത്തവണ പുറത്തായില്ല എന്നത് ഫ്രാൻസിന് ആശ്വാസമായിരിക്കണം. തുനീഷ്യൻ നിരയിലെ 10 പേർ ഫ്രാൻസിൽ പിറന്നവരാണ്. നേരത്തെ ഫ്രാൻസിനുവേണ്ടി ദേശീയ ജഴ്സിയണിഞ്ഞവരുമുണ്ട് അക്കൂട്ടത്തിൽ. മറ്റു രണ്ടുപേർ ഫ്രാൻസിൽ ഏറെ കാലം കഴിഞ്ഞവർ- ഇരട്ട പൗരത്വമുള്ളവരും. ഫ്രാൻസിൽ ഏഴു ലക്ഷം തുനീഷ്യക്കാരെങ്കിലും ഉണ്ടെന്നാണ് കണക്ക്. 2008ൽ തുനീഷ്യയുമായി ഫ്രാൻസ് സൗഹൃദ മത്സരം കളിച്ചത് വൻ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. മൈതാനത്ത് ഫ്രഞ്ച് ദേശീയ ഗാനം മുഴങ്ങിയപ്പോൾ കളിയാക്കിയ കാണികൾ തുനീഷ്യക്കാരനായ ഫ്രഞ്ചു താരം ഹാതിം ബിൻ അറഫയുടെ കാലുകളിൽ പന്തെത്തിയപ്പോൾ കൂക്കിവിളിക്കുകയും ചെയ്തു. പ്രകോപിതനായ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് നികൊളാസ് സർകോസി ഇനി മേലിൽ പഴയ കോളനികൾക്കെതിരെ സൗഹൃദ മത്സരം കളിക്കരുതെന്ന് ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷന് നിർദേശം നൽകിയതും ചരിത്രം. അത്തരം കഥകളൊക്കെ വീണ്ടും ഓർമിപ്പിച്ചായിരുന്നു തുനീഷ്യൻ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.