ഒറ്റനോട്ടത്തില്‍ ഉള്ളിലുടക്കാന് വലിയ കഥകളൊന്നും പറയാത്ത ആദ്യപകുതി. ട്വിസ്റ്റുകളും ടേണുകളും ക്ലൈമാക്സിനെ കൊഴുപ്പിച്ച രണ്ടാം പകുതി. ഒടുക്കം ആധികാരികമായ രണ്ട് ഗോള്‍ ജയത്തോടെ നിലവിലെ ലോകചാമ്പ്യന്മാര് 6 പോയന്റോടെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കളിയിലേക്ക് വന്നാല്‍ ടീമിനെ പ്രതിരോധാത്മക ഘടനയില്‍ അണിനിരത്തിയാണ് ഡെന്മാര്ക്കും, ആക്രമണത്തിലും പ്രതിരോധത്തിലും സന്തുലിതമായ ഘടനയിലാണ് ഫ്രാന്‍സും കളത്തിലിറങ്ങിയത്.
ഫ്രാന്‍സ് തുടങ്ങിയത് വളരെ അച്ചടക്കമുള്ള പ്രതിരോധസ്വഭാവത്തോടെ ഡെന്മാര്ക്കിന്റെ നീക്കങ്ങളെ സമ്മര്‍ദ്ദമേതുമില്ലാതെ അസാധുവാക്കുന്നതിലൂടെയാണ്. പരീക്ഷിക്കുന്ന തലത്തിലേക്ക് അറ്റാക്കിങ് തേഡില്‍ കളിമെനയാനുള്ള ഒരു സാധ്യതയും ഉപ്മെകാനോയും, വരാനെയും നിരന്ന ഫ്രഞ്ച് പ്രതിരോധം അനുവദിച്ചില്ല.
കഴിഞ്ഞ മാച്ചിലെ പോലെ ഫ്രഞ്ച് മധ്യനിര വലിയ ആക്രമണപ്രഭാവം കാണിക്കാതിരുന്നത് പന്തിനെ കൈവശം വെച്ച് പതിയെ ബില്‍ഡ് ചെയ്യുന്ന ഡെന്മാര്ക്ക് പ്ലാനിനെ വരുതിയിലാക്കാന്‍ സഹായകമായി . ഡീപ് ഡിഫന്‍സിലേക്ക് പൊസിഷണല്‍ സ്വിച്ച് ചെയ്യുന്ന ഗ്രീസ്മാനും , ച്യുമാനിയൂം ഡിഫന്‍സീവ് മിഡ്ഢിന്റെ സൊളിഡിറ്റി അധികരിപ്പിച്ചു.
പാര്‍ശ്വങ്ങളില്‍ വേഗം കുറച്ചും കൂട്ടിയും നിരന്തരതലവേദനയായ ഡെംബലേയും, റാബിയോയും, എംബാപെയും രണ്ടാം പകുതിയില്‍ കുറേക്കൂടി ഒത്തിണക്കം കാണിച്ചതോടെ ഗോളുകളും വന്നു. ശൂന്യമൊയൊരു നീക്കത്തിന് പുതുജീവന്‍ നല്കുന്ന എംബാപെയുടെ വ്യക്തിഗതമികവിനുദാസരണങ്ങളാണ് ആ രണ്ട് ഗോളുകളും.
നിമിഷാര്‍ദ്ധങ്ങളില്‍ എതിരാളിക്ക് ജഡ്ജ് ചെയ്യാനാവാത്ത വിധം ആക്സിലറേറ്റ് ചെയ്യുന്ന അയാള്‍ ആയിരുന്നു ഈ കളിയുടെ താരം. രണ്ടാം ഗോളില്‍ ഗോളിയുടെ കണക്ക് കൂട്ടലുകള്‍ തകര്‍ത്ത ആ ദീര്‍ഘവീക്ഷണമാണ് എംബാപെയെന്ന സ്ട്രൈക്കറെ കൂടുതല്‍ മാരകമാക്കുന്നത്.
ശക്തരായ ഫ്രാന്‍സിനെതിരെ ഏറ്റവും ഡീസന്റായ പ്ലാനോടെയാണ് ഡെന്മാര്ക്ക് കളിച്ച് തുടങ്ങിയത്. പന്ത് ഡിസ്പൊസെസ് ആയാല്‍ ട്രാന്സിഷന് സ്പീഡ് മിന്നല്സമാനമായ ഫ്രഞ്ച് ആക്രമണത്തെ പിടിച്ച് നിര്‍ത്താന്‍ 5 പേരെ കൂടുതല്‍ സമയവും പ്രതിരോധത്തില്‍ നിലനിര്‍ത്തിയിരുന്നു.
പതിയെ കൂടുതല്‍ ടച്ചുകളിലൂടെ മധ്യനിരയുടെ നിയന്ത്രണം ഏറ്റെടുത്ത ഫ്രഞ്ച് പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമങ്ങള്‍ പക്ഷെ , അധികം വിലപ്പോയില്ല. കളിഗതിക്കനുകൂലമായി ഫ്രഞ്ച് ഗോള്‍ വന്നതിന് ശേഷം ഡെന്മാര്ക്ക് അതിനോട് പ്രതികരിച്ച വിധം അതിമനോഹരമായിരുന്നു. അഞ്ച് മിനുറ്റിനുള്ളില്‍ അവര്‍ക്ക് ഗോള്‍ തിരിച്ചടിക്കാനായെങ്കിലും പിന്നീട് ഫ്രഞ്ച് ആക്രമണത്തെ പ്രതിരോധിക്കുക എന്നല്ലാതെ ക്രിയാത്മകമായ ഒരു നീക്കവും നടത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.