ദോഹ: ഇന്ത്യ ഒരു ലോകകപ്പ് ഫുട്ബാളിന് വേദിയാവുന്നു...അർജൻറീനയും സ്പെയിനും ജർമനിയും ഉൾപ്പെടെ വമ്പൻ ടീമുകൾ കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാലാ ഹോസ്റ്റലിൽ താമസിക്കുകയും പരിശീലിക്കുകയും ചെയ്യുന്നു... എത്ര മനോഹരമായ നടക്കാത്ത സ്വപ്നം...
എന്നാൽ, ലോകകപ്പ് ഫുട്ബാൾ ഇത്തവണ ഇങ്ങ് ഖത്തറിലെത്തുേമ്പാൾ ഇതെല്ലാം നടക്കാൻപോകുന്ന മനോഹര സ്വപ്നങ്ങളാണ്. ബുധൻ, വ്യാഴം ദിവസങ്ങളിലായി ഖത്തറിലെത്തുന്ന ലയണൽ മെസ്സിയുടെ അർജൻറീനയും സെർജിയോ ബുസ്ക്വറ്റ്സിന്റെ സ്പെയിനും ഒരുമാസത്തിലേറെ കാലം ഉണ്ടും ഉറങ്ങിയും പരിശീലിച്ചും കഴിയുന്നത് ഇവിടെയൊരു സർവകലാശാലാ കാമ്പസിലാണ്. സർവകലാശാലാ കാമ്പസ് എന്നൊക്കെ കേൾക്കുേമ്പാൾ നാട്ടിലെ കാമ്പസുകളുടെ ചിത്രങ്ങളാണ് ഓർമയിലെത്തുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ലോകോത്തര താര സാന്നിധ്യമുള്ള ടീമുകൾ നിർബന്ധബുദ്ധിയോടെ തെരഞ്ഞെടുത്ത ഖത്തർ സർവകലാശാലാ കാമ്പസ് വേറെ ലെവൽ തന്നെയാണ്. പേരിൽ സർവകലാശാല കാമ്പസാണെങ്കിലും സംഗതി പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയാണ് അർജൻറീനയെയും സ്പെയിനിനെയും തങ്ങളുടെ മുറ്റത്തേക്ക് വരവേൽക്കുന്നത്.
ഒരു വർഷം മുമ്പ് ടീം ബേസ് ക്യാമ്പ് നിശ്ചയിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചപ്പോഴേ ഖത്തർ സർവകലാശാല കാമ്പസിനായിരുന്നു ആവശ്യക്കാരേറെ. അർജൻറീന ആദ്യം തന്നെ തങ്ങളുടെ ഇടമായി ഈ പഠനക്കളരിയെ ഉറപ്പിച്ചു. ക്ലബ് ലോകകപ്പ് വേളയിൽ ബയേൺമ്യൂണിക്കും ലിവർപൂളുമെല്ലാം താമസിച്ചതിന്റെ പാരമ്പര്യമുണ്ടായിരുന്നു ദോഹയിൽ നിന്നും അരമണിക്കൂർ മാത്രം സഞ്ചരിച്ചെത്താവുന്ന ഈ വിശാലമായ കാമ്പസിന്.
എല്ലാം ഒരു കുടക്കീഴിൽ
കളിക്കാർക്ക് താമസം, പരിശീലനം, വിനോദം തുടങ്ങി എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്നുവെന്നതാണ് ഖത്തർ സർവകലാശാലയെ ടീം ബേസ് ക്യാമ്പുകളിൽ ഏറ്റവും സ്വീകാര്യമാക്കുന്നത്. താമസത്തിന് ഉന്നത നിലവാരമുള്ള ഹോസ്റ്റൽ മുറികൾ. ജിംനേഷ്യവും വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ, ടെക്നിക്കൽ ഏരിയ, രണ്ടു പരിശീലന മൈതാനങ്ങൾ, മീറ്റിങ് റൂം എന്നിവയെല്ലാം ലോകോത്തരം. താമസവും, പരിശീലനവുമെല്ലാം കാമ്പസിനകത്തു തന്നെയാവുമ്പോൾ പുറത്തേക്കുള്ള സഞ്ചാരം മത്സരത്തിനു മാത്രമായി ചുരുങ്ങും.
പരിശീലന മൈതാനും, വിവിധോദ്ദേശ്യ സ്റ്റേഡിയം, ഫ്ലഡ്ലൈറ്റ് സൗകര്യം, ഫിറ്റ്നസ് സെൻറർ, കളിക്കാരുടെ സ്വകാര്യത കൂടി പരിഗണിക്കുന്ന അന്തരീക്ഷം, റീഹാബിലിറ്റേഷൻ -മസാജ് റൂം, ക്ലിനിക്, വിഡിയോ റൂം, അഡ്മിനിസ്ട്രേറ്റിവ് ഓഫിസ്, അക്വാട്ടിക് കോംപ്ലക്സ്, രണ്ട് ഒളിമ്പിക് സെസ് നീന്തൽ കുളങ്ങൾ, ഡ്രസ്സിങ് റൂം അങ്ങനെ ഒരു കാമ്പസിൽ എല്ലാം ഒത്തുചേരുന്നു.
സർവകലാശാലയിലെ ഹോസ്റ്റൽ വണ്ണിലാണ് അർജൻറീനയുടെ താമസം. ട്രെയിനിങ് സൈറ്റ് മൂന്നു പരിശീലന വേദിയുമാവും. 2019 ഫിഫ ക്ലബ് ലോകകപ്പ് സമയത്ത് ലിവർപൂൾ ടീമിന്റെ ക്യാമ്പും ഇവിടെയായിരുന്നു. ഹോസ്റ്റൽ രണ്ടിൽ താമസിക്കുന്ന സ്പെയിനിന് തൊട്ടടുത്ത് തന്നെ പരിശീലന സൗകര്യങ്ങളുമുണ്ട്. പുറത്താണ് താമസമെങ്കിലും നെതർലൻഡ്സിന്റെ പരിശീലന വേദിയും ഖത്തർ സർവകലാശാലാ കാമ്പസാണ്.
കളിയെല്ലാം അരികെ
അർജൻറീനക്ക് ഗ്രൂപ് മത്സരം നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിലേക്ക് 7.5 കിലോമീറ്റർ ദൂരം. ഇവിടെയാണ് രണ്ടു കളികളും. പോളണ്ടിനെ നേരിടുന്ന സ്റ്റേഡിയം 974ലേക്ക് 19.5 കിലോമീറ്റർ ദൂരവും. സ്പെയിനിന്, മത്സര വേദിയായ അൽ തുതാമയിലേക്ക് 25കി.മീയും അൽ ബെയ്തിലേക്ക് 38ഉം കിലോമീറ്റർ. കളിക്കല്ലാതെ ടീമുകൾക്ക് കാമ്പസ് വിടേണ്ടെന്നതാണ് ഏറ്റവും വലിയ സൗകര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.