ദോഹ: അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയം ഇരട്ടപ്രഹരത്തിലുടെ സ്വന്തമാക്കിയെങ്കിലും ഉറുഗ്വായ് ലോകകപ്പിൽ പ്രീക്വാർട്ടർ കാണാതെ പുറത്ത്. ജോർജിയൻ ഡി അരാസ്കയേറ്റയുടെ ഇരട്ടഗോളിൽ എച്ച് ഗ്രൂപ്പിൽ ഘാനയെ 2-0ന് തോൽപ്പിച്ച ലൂയി സുവാരസിനും കൂട്ടർക്കും ഇത് കണ്ണീർമടക്കമായി.
മൂന്ന് കളികളിൽ നിന്ന് കൊറിയക്കൊപ്പം നാല് പോയന്റ് നേടിയെങ്കിലും ഗോൾ അടിച്ച കണക്കിൽ പിന്നിലായതിനാൽ പുറത്താവുകയായിരുന്നു. 26, 32 മിനിറ്റുകളിലായിരുന്നു അരാസ്കയേറ്റയുടെ ഗോളുകൾ. രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ലക്ഷ്യമിട്ട ഉറുഗ്വായ് തുടക്കത്തിൽ ഘാനയുടെ ആക്രമണത്തിന് മുന്നിൽ പകച്ചു.21ാം മിനിറ്റഇ മിനിറ്റിൽ ഘാനയുടെ മുഹമ്മദ് കുദൂസിന്റെ മുന്നേറ്റം ഉറുഗ്വായ് ഗോളി സെർജി റോഷെ തടഞ്ഞത് ഫൗളാണെന്ന് റഫറി വാറിലൂടെ കണ്ടെത്തി. പിന്നാലെ പെനാൽറ്റി വിധിച്ചു. ക്യാപ്റ്റൻ ആന്ദ്രെ ആയു തന്നെയാണ് പെനാൽറ്റി കിക്കെടുത്തത്.
തീർത്തും നിരാശപ്പെടുത്തിയ കിക്ക് കൃത്യമായ ആസൂത്രണത്തോടെയും മനഃസാന്നിധ്യത്തോടെയും ഉറുഗ്വായ് ഗോളി റോഷെ പനണത് വലയിലേക്ക് കടത്തിയില്ല. ഘാനയുടെ മോശം സമയത്തിന്റെ തുടക്കമായിരുന്നു അത്. മുഹമ്മദ് സാലിസുവിന്റെ ഗോൾലൈൻ സേവ് ഘാനക്ക് പിന്നീട് 23ാം മിനിറ്റിൽ ആശ്വാസമായി. ഡാർവിൻ നുനസിന്റെ ചിപ്പ് ചെയ്ത പന്ത് സ്ഥാനം തെറ്റി നിന്ന ഘാന ഗോളി ലോറൻസ് അറ്റി സിഗി ഗോളെന്നുറപ്പിച്ചപ്പോൾ സാലിസുവിന്റെ ഇടപെടൽ തുണയായി.
എന്നാൽ, അധികം ആശ്വസിക്കേണ്ടി വന്നില്ല. 26ാം മിനിറ്റിൽ ക്യാപ്റ്റൻ ലൂയി സുവാരസിന്റെ ഷോട്ടിൽനിന്നുള്ള റീബൗണ്ട് ജോർജിയൻ ഡി അരാസ്കയേറ്റ വെടിയുതിർത്തു. ഉറുഗ്വായ് ഒരു ഗോളിന് മുന്നിൽ. ഫോമിലേക്കുയർന്ന ക്യാപ്റ്റൻ സുവാരസിന്റെ പാസിൽനിന്ന് ആറ് മിനിറ്റിന് ശേഷം അരാസ്കയേറ്റ ഡബ്ൾ തികച്ചു. ഇതിനിടെ ഉറുഗ്വായ് മിഡ്ഫീൽഡർ റോഡ്രിഗ്വോ ബെന്റൻകർ പരിക്കേറ്റ് പുറത്തായി.
രണ്ടാം പകുതിയിൽ ഉറുഗ്വായ് ആക്രമണം തുടർന്നു. 57ാം മിനിറ്റിൽ അരാസ്കയേറ്റയിൽ നിന്നുള്ള പന്ത് നുനസ് നെഞ്ചിൽ സ്വീകരിച്ച് ഷൂട്ട് ചെയ്യാനിരിക്കേ ബോക്സിൽ വെച്ച് ഘാന മിഡ്ഫീൽഡർ ഡാനിയേൽ അമാർത്തയുടെ അപകകരമായ ചാലഞ്ച്.
നുനസ് വീണെങ്കിലും റഫറി 'വാർ' പരിശോധിച്ച് പെനാൽറ്റി അനുവദിച്ചില്ല. 66ാം മിനിറ്റിൽ എഡിസൻ കവാനിയും നിക്കോളാസ് ഡി ലാ ക്രൂസും ഉറുഗ്വായ് നിരയിലെത്തി. മികച്ച പാസുകളും ആക്രമണങ്ങളുമായി മിന്നിയ ലൂയി സുവാരസും ഫക്കുണ്ടോ പെല്ലിസ്ട്രിയും തിരിച്ചുകയറി. എന്നാൽ, കളി അവസാനഘട്ടത്തിലേക്കെത്തിയപ്പോൾ ഉറുഗ്വായിക്ക് സങ്കടവാർത്തയെത്തി. ഈ സമയത്ത് പോർച്ചുഗലിനെതിരെ 2-1ന് ദക്ഷിണ കൊറിയ മുന്നേറിയത് പോർച്ചുഗലിന് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.