കൗറു മിറ്റോമ, തകുമി മിനാമിനോ, മായ യോഷിദ-കളി അധിക സമയവും കടന്ന് ഷൂട്ടൗട്ടിലെത്തിയപ്പോൾ ജപ്പാനെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ടവർ. വലിയ ലീഗുകളിലെ അനുഭവവും ടൂർണമെന്റിൽ പുറത്തെടുത്ത കളിമികവും പരിഗണിച്ചാൽ എന്തുകൊണ്ടും ടീമിനെ കരകടത്തേണ്ടവർ. പക്ഷേ, നാലു കിക്കിൽ കളി തീർത്ത് ആഘോഷവുമായി ക്രൊയേഷ്യ മടങ്ങുമ്പോൾ ഉത്തരമില്ലാതെ നെടുവീർപിടുകയാണ് സാമുറായികൾ.
ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച്ച് അത്ര വലിയ പെനാൽറ്റി വിദഗ്ധനായതു കൊണ്ടാകാം മൂന്നു കിക്കുകൾ തടുത്തിട്ടതെന്ന് സ്വന്തം ടീം പോലും കരുതുന്നുണ്ടാകില്ല. അത്രമേൽ ദുർബലമായിരുന്നു മൂന്നു പേരുടെയും ഷോട്ടുകൾ. ഗോളി കബളിപ്പിക്കപ്പെട്ടില്ലെന്നു മാത്രമല്ല, കൈയിലേക്ക് അടിച്ചുനൽകുംപോലെയായി ചിലരുടെയെങ്കിലും കിക്കുകൾ. ലോകകപ്പ് ക്വാർട്ടറെന്ന വലിയ നേട്ടത്തിനരികെ നിൽക്കെയായിരുന്നു ഒരേ ഗോൾവലക്കു മുന്നിൽ രണ്ടുടീമും ഗോളടിക്കാൻ നിന്നപ്പോൾ ഹാജിമെ മൊറിയാസുവിന്റെ കുട്ടികൾ തോറ്റുപോയത്. ജർമനിയെയും സ്പെയിനിനെയും വീഴ്ത്താനുള്ള തന്ത്രങ്ങൾ ഓതിക്കൊടുത്ത കോച്ച് പെനാൽറ്റി എങ്ങനെയാകണമെന്ന് ടീമിനെ പരിശീലിപ്പിച്ചില്ലായിരുന്നോ?
ലോകകപ്പ് ചരിത്രത്തിൽ നാലു കിക്കിൽ മൂന്നും ഗോളാകിതിരിക്കുന്നത് ആദ്യ സംഭവമല്ല. മുമ്പ് ഇംഗ്ലണ്ട് ഈ റെക്കോഡ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2006ൽ പോർച്ചുഗലിനോട് തോറ്റു മടങ്ങിയ കളിയിലായിരുന്നു ഇംഗ്ലണ്ടുകാർ സമാനമായി മൂന്നെണ്ണം പാഴാക്കിയത്. അന്ന് ഓവൻ ഹാർഗ്രീവ്സ് മാത്രമായിരുന്നു ഇംഗ്ലീഷ് സ്കോറർ. ജപ്പാന് തിങ്കളാഴ്ച നേരിയ ആശ്വാസം നൽകിയതാകട്ടെ, തകുമ അസാനോയും. ജർമൻ ലീഗിൽ കളിക്കുന്ന താരം അനായാസം വലയിലെത്തിച്ചു.
ലൂക മോഡ്രിച്ചും മാറ്റിയോ കൊവാസിച്ചും കളി നയിച്ച ക്രൊയേഷ്യക്കെതിരെ 3-4-3 ഫോർമേഷനിൽ ഇറങ്ങിയ ജപ്പാൻ ആദ്യ പകുതിയിൽ ലീഡെടുത്തിരുന്നു. വൈകാതെ പെരിസിച്ചിലൂടെ തിരിച്ചടിച്ച് ക്രൊയേഷ്യ ഒപ്പംപിടിച്ചു. പിന്നീട്, ഇരുടീമും പാഞ്ഞുനടന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നതോടെയാണ് എക്സ്ട്രാ ടൈമും കടന്ന് പെനാൽറ്റി വിധി നിർണയിച്ചത്. മൂന്നു കിക്കുകൾ തടുത്ത ലിവാകോവിച്ച് കളിയിലെ താരമായി.
2018ൽ ബെൽജിയത്തിനെതിരെ അവസാന 16ൽ രണ്ടു ഗോളിന് ലീഡു പിടിച്ചശേഷമായിരുന്നു 94ാം മിനിറ്റിൽ നാസർ ചാഡ്‍ലി നേടിയ വിജയ ഗോളിൽ കളി മാറിയത്. ഇത്തവണ പക്ഷേ, അതും കഴിഞ്ഞ് പെനാൽറ്റി വരെ ആയുസ്സ് നീട്ടിയെടുത്തെന്ന സന്തോഷം സാമുറായികൾക്കുണ്ടാകും. 'ചാമ്പ്യന്മാരായിരുന്ന ജർമനിയെയും സ്പെയിനിനെയും വീഴ്ത്തിയവരാണ് ഞങ്ങൾ'' എന്ന് കോച്ച് ആശ്വസിക്കുന്നതിലുണ്ട് എല്ലാം.
എന്നാൽ, ടീം നായകനായ യോഷിദ പോലും ഇത്രദുർബലമായ ഷോട്ട് എങ്ങനെ അടിച്ചെന്നതാണ് ഉത്തരമില്ലാ ചോദ്യം. പെനാൽറ്റി അടിക്കുന്നത് ടീം പരിശീലിച്ചുകാണില്ലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ അലൻ ഷിയറർ പറയുന്നതിലുണ്ട് കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.