സൗദി അറേബ്യയോട് ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് ശേഷമുള്ള ഓരോ മത്സരവും ഞങ്ങൾക്ക് ഫൈനലായിരുന്നുവെന്ന് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. ആദ്യമത്സര ഫലം കനത്ത തിരിച്ചടിയായിരുന്നു. 36 മത്സരങ്ങൾ തോൽക്കാതെയാണ് സൗദിക്കെതിരെ അർജന്റീന ഇറങ്ങിയത്. സൗദി അറേബ്യക്കെതിരെ തോൽക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മെസി പറഞ്ഞു. ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ വിജയത്തിന് പിന്നാലെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് മെസിയുടെ പ്രതികരണം.
പിന്നീട് ഓരോ മത്സരവും ഞങ്ങൾക്ക് ആസിഡ് പരീക്ഷണമായിരുന്നു. പക്ഷേ ശക്തരാണെന്ന് ഞങ്ങൾ തെളിയിച്ചു. മറ്റ് മത്സരങ്ങൾ ജയിച്ചു. വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് ഞങ്ങൾ ചെയ്തത്. ഓരോ മത്സരവും ഞങ്ങൾക്ക് ഫൈനലായിരുന്നു. മത്സരം തോൽക്കുകയാണെങ്കിൽ സ്ഥിതി ഗുരുതരമാവുമെന്ന് അറിയാമായിരുന്നുവെന്നും മെസി പറഞ്ഞു.
ആറാമത്തെ ഫൈനലാണ് ഞങ്ങൾ കളിക്കുന്നത്. ഫൈനലിനിറങ്ങുമ്പോൾ ആദ്യ തോൽവി തങ്ങളെ കരുത്തരാക്കിയെന്നും മെസി പറഞ്ഞു. പന്ത് കൈവശം വെക്കുന്നതിൽ ക്രൊയേഷ്യക്ക് മേധാവിത്വമുണ്ടാവുമെന്ന് അറിയാമായിരുന്നു. ഞങ്ങൾക്ക് നല്ല ഒരു പരിശീലകനിരയാണുള്ളത്. ഓരോ മത്സരത്തിന് ശേഷവും കളികൾ അവർ സൂക്ഷ്മമായി വിലയിരുത്തി. ഒരു ഘട്ടത്തിലും തങ്ങൾക്ക് നിരാശയുണ്ടായിരുന്നില്ലെന്നും മെസി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ 3-0 എന്ന സ്കോറിനാണ് അർജന്റീന ജയിച്ച് കയറിയത്. മത്സരത്തിൽ പെനാൽറ്റിയിലൂടെ ലയണൽ മെസി ഗോൾ നേടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.