ഖത്തർ മൈതാനങ്ങളെ ഒരു മാസം ഉദ്വേഗത്തിന്റെ മുനയിൽ നിർത്തിയ ആവേശപ്പോരിനൊടുവിൽ അർജന്റീനയും ലയണൽ മെസ്സിയും ജേതാക്കളാകുമ്പോൾ എല്ലായിടത്തും നിറഞ്ഞുനിന്ന് ഒരു ഹിറ്റ് ഗാനമുണ്ടായിരുന്നു. അർജന്റീന പന്തുതട്ടിയ സ്റ്റേഡിയങ്ങളിലൊക്കെയും ഗാലറികളെ ആവേശം കൊള്ളിച്ച് ആരാധകർ ഈ വരികൾ മൂളി. പാട്ട് പക്ഷേ, കൂടുതൽ ഹിറ്റായത് ടീം കപ്പുമായി നാട്ടിൽ മടങ്ങിയെത്തിയതോടെയാണ്.
‘‘മുച്ചാച്ചോസ്, വി കാൻ ഡ്രീം എഗെയ്ൻ’ (കുട്ടികളെ വരൂ, നമുക്കിനിയും കനവുകൾ നെയ്യാം) എന്നു തുടങ്ങുന്ന വരികൾ ‘സ്പോട്ടിഫൈ’യിൽ കഴിഞ്ഞ ദിവസം നമ്പർ വൺ ആയിരുന്നു. ഒറ്റദിവസം അഞ്ചു ലക്ഷം പേരാണ് അർജന്റീനയിൽ മാത്രം ഈ പാട്ട് കേട്ടത്. മറ്റു സമൂഹ മാധ്യമങ്ങളിലും ഇത് ആവേശപൂർവം മുന്നിൽനിന്നു. ഇതിഹാസ താരമായ
മറഡോണ ആകാശത്തുനിന്ന് താഴോട്ടുനോക്കി പുതിയ കാല ഹീറോ ലയണൽ മെസ്സിയോടു പറയുംപോലെയാണ് വരികൾ.
അർജന്റീന ആരാധകർ ഏറ്റെടുത്ത ഗാനം ഖത്തറിലെങ്ങും ഹിറ്റായിരുന്നു. ഫ്യൂഷൻ ബാൻഡായ ലാ മോസ്ക സെ-സെ 2003ൽ പുറത്തിറക്കിയതാണ് ഗാനം. അതിൽപക്ഷേ, മാറ്റങ്ങൾ വരുത്തി ഫുട്ബാളിന്റെ ഭാഷയും ആവിഷ്കാരവും കൈവന്നതോടെയാണ് ഈ ലോകകപ്പിൽ അർജന്റീന ടീമിന്റെ ഊർജമായി മാറിയത്. അധ്യാപകനായ ഫെർണാൻഡോ റൊമേരോയാണ് ഈ വർഷം ഇതിലെ വരികൾ പുതിയതായി എഴുതി ദേശീയ ടീമിന് സമർപ്പിച്ചത്. ‘‘അർജന്റീനയിലാണ് ഞാൻ പിറന്നത്, അത് ഡീഗോയുടെയും ലയണലിന്റെയും നാടാണ്. ഫോക്ലാൻഡ്സിലെ കുട്ടികളുടെയും. അവരെയെനിക്ക് മറക്കാനാകില്ലൊരിക്കലും’’ എന്ന് തുടങ്ങുന്നു വരികൾ. 2021ലെ കോപ കപ്പടിച്ചതിന്റെ ആവേശവും ഇതിൽ നിറയുന്നുണ്ട്.
രാജ്യത്ത് അത്യാവേശം കത്തിനിൽക്കുന്ന മുഹൂർത്തത്തിൽ തന്റെ വരികൾക്ക് ഇത്രയേറെ ജനപ്രീതി ലഭിക്കുമെന്ന് റൊമേരോ കരുതിയിരുന്നില്ല. എന്നാൽ, ആ ഗാനം എല്ലാമുൾക്കൊള്ളുന്നുവെന്നും അതിലെ വരികൾ രാജ്യത്തിന് മൊത്തത്തിൽ ഊർജം നൽകുന്നുവെന്നും പറയുന്നു, ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.