ഡെ​യ്‍ലി മെ​യി​ൽ ചിത്രങ്ങൾ സഹിതം പ്ര​സി​ദ്ധീ​ക​രി​ച്ച

വ്യാ​ജ വാ​ർ​ത്ത​

'കേരളത്തിന്റെ കളിക്കമ്പത്തെക്കുറിച്ച് പടിഞ്ഞാറൻ മാധ്യമങ്ങൾക്ക് ഒരു ചുക്കുമറിയില്ല'

ദോഹ: ''ഫ്ലാഗ് പ്ലാസയിൽ അർജന്റീനയുടെ ജഴ്സിയണിഞ്ഞ നൂറുകണക്കിനാളുകൾ തടിച്ചുകൂടി നിൽക്കുന്നു. അപ്പോൾ അർജന്റീനക്കാരായ രണ്ടുമൂന്നു പേർ അതുവഴി വന്നു. നിങ്ങൾ ഏതു ടീമിന്റെ ആരാധകരാണ്? 'ഞങ്ങൾ അർജന്റീനക്കാർ...'

'അതെങ്ങനെ? ഞങ്ങളല്ലേ അർജന്റീനക്കാർ?' ആണോ? അത് ഞങ്ങൾക്കറിയില്ല, ഞങ്ങളാണ് ഏറ്റവും വലിയ അർജന്റീനക്കാർ.'' കഴിഞ്ഞ ദിവസം കോർണിഷിൽ നടന്ന ആരാധക റാലിയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച തമാശകളിലൊന്നാണിത്. കേരളത്തിന്റെ കാൽപന്തുജ്വരത്തിന്റെയും ഇഷ്ടടീമിനോടുള്ള അടങ്ങാത്ത മുഹബ്ബത്തിന്റെയും കഥ ലോകമെങ്ങും പ്രസിദ്ധവുമാണ്.

ഈ കഥ പക്ഷേ, പടിഞ്ഞാറൻ മാധ്യമങ്ങൾ അറിഞ്ഞ മട്ടില്ല. അല്ലെങ്കിൽ ഈ ലോകകപ്പ് കാലത്ത് ഇതുവരെയുണ്ടായതിൽ വെച്ചേറ്റവും വലിയ ഇല്ലാക്കഥയുമായി അവർ രംഗത്തുവരില്ലായിരുന്നു. 'വിഡിയോ ഷൂട്ടിനായി വിവിധ ടീമുകളുടെ വ്യാജ ഫുട്ബാൾ ആരാധകരെ പണം നൽകി ഖത്തർ അധികൃതർ അണിനിരത്തി' എന്നാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകിയത്.

കോർണിഷിൽ മലയാളി കളിക്കമ്പക്കാർ നടത്തിയ ഫാൻ റാലിയുടെ ചിത്രങ്ങളും വിഡിയോകളും സഹിതമായിരുന്നു ഈ നുണക്കഥകൾ. ഖത്തർ ലോകകപ്പിന് ആതിഥ്യം നേടിയെടുത്തതു മുതൽ അവർക്കെതിരെ നിരന്തരം വിമർശനങ്ങളും വ്യാജവാർത്തകളും പ്രസിദ്ധീകരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു മലയാളികളുടെ ഫാൻ റാലികളുമായി ബന്ധപ്പെട്ട് നൽകിയ വാർത്തകൾ.

പതിനായിരത്തിലധികം ആരാധകരാണ് കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽ ഈ മാസം 11ന് ഒത്തുകൂടിയത്. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, പോർചുഗൽ, ജർമനി, ഫ്രാൻസ്, സ്‍പെയിൻ, നെതർലൻഡ്സ് ടീമുകളുടെ ആരാധകരാണ് ഒഴുകിയെത്തിയത്.

ഇത് ഖത്തറിലെ ഫുട്ബാൾ ആവേശത്തിന്റെ നേർചിത്രമായി ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികളുടെ ശ്രദ്ധയാകർഷിച്ചതോടെ വ്യാജപ്രചാരണവുമായി പടിഞ്ഞാറൻ മാധ്യമങ്ങൾ രംഗത്തുവരുകയായിരുന്നു. ആരാധകർ ടിക് ടോക്കിൽ പങ്കുവെച്ച വിഡിയോകളടക്കം ചൂണ്ടിക്കാട്ടിയാണ് ഡെയ്‍ലി മെയിൽ ഉൾപ്പെടെ ബ്രിട്ടീഷ് മാധ്യമങ്ങളുടെ പ്രചാരണം.

മിക്ക ആരാധക സംഘങ്ങളും കേരളത്തിന്റെ തനതുവാദ്യമായ ചെണ്ടയുമായാണ് ഫാൻ ഫെസ്റ്റിൽ അണിനിരന്നത്. അതിനുനേരെയുമുണ്ട് വിമർശനങ്ങൾ. ''വിഡിയോയിൽ കാണുന്ന വാദ്യോപകരണങ്ങൾ തീർച്ചയായും ഇംഗ്ലീഷുകാരുടേതല്ല. അതുകൊണ്ടുതന്നെ, കാശുകൊടുത്ത് അഭിനയിക്കുന്നവരാണിവരെന്നത് ഉറപ്പാണ്'' -ഒരു ടിക് ടോക് യൂസറുടെ പ്രതികരണമായി ഡെയ്‍ലി മെയിൽ നൽകിയ കമന്റ് ഇങ്ങനെയായിരുന്നു.

''ഈ കഥകൾ മെനഞ്ഞുണ്ടാക്കുന്നവർ ലോകകപ്പ് കാലത്ത് കേരളത്തിലുടനീളം സഞ്ചരിച്ചാൽ സത്യാവസ്ഥ അറിയാമല്ലോ. പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ കാലത്താണ് ഇമ്മാതിരി നുണക്കഥകൾ പടച്ചുണ്ടാക്കുന്നതെന്നതാണ് വിരോധാഭാസം.

ഖത്തറിനെ അകാരണമായി വിമർശിക്കാൻ മലയാളികളുടെ ഫുട്ബാൾ പ്രേമം വ്യാജമാണെന്നൊക്കെ തട്ടിവിടുന്നവരോട് സഹതാപമേയുള്ളൂ'' -അർജന്റീന ഫാൻസ് ഖത്തറിന്റെ അഡ്മിന്മാരിൽ ഒരാളായ വയനാട് സ്വദേശി ആഷിർ പറഞ്ഞു.

Tags:    
News Summary - Western media has no clue about Kerala's playing field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.