അർജന്റീനയില്ലാതെന്ത് ബ്രസീൽ? ചോദിക്കുന്നത് കട്ട ബ്രസീൽ ഫാനായ നിലമ്പൂർ സ്വദേശി ജിതിൻ. മഞ്ഞയണിഞ്ഞ് മുഖത്ത് നീലയും വെള്ളയും ചായംപൂശി ലുസൈലിൽ അർജന്റീന-മെക്സികോ മത്സരം കാണാൻ പോയി തിരിച്ചുവരുന്ന വഴിയാണ്. കൂടെയുള്ള പുൽപള്ളിക്കാരൻ ടിൻസും കടുത്ത ബ്രസീൽ ആരാധകൻ. അർജന്റീന ആരാധകരായ കൂട്ടുകാർക്കൊപ്പം മെസ്സിയെയും സംഘത്തെയും ആർത്തുവിളിച്ച് പിന്തുണക്കാൻ പോയതാണിവർ. നിർണായക മത്സരത്തിൽ അർജന്റീന ജയിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇരുവരും പറയുന്നു. 'അർജന്റീന ഒരിക്കലും ആദ്യറൗണ്ടിൽ പുറത്താകേണ്ട ടീമല്ല. അവർ സെമിയിലെങ്കിലുമെത്തണം. എന്നിട്ട് സെമിയിൽ ഞങ്ങളുമായി മുട്ടണം. ലോകം കാത്തിരിക്കുന്നത് ആ മത്സരത്തിനാണ്. അതിൽ അർജന്റീനയെ തോൽപിച്ചുവേണം ബ്രസീലിന് ഫൈനലിലെത്താൻ'- ടിൻസ് ആഗ്രഹം തുറന്നുപറയുന്നു.
കോഴിക്കോട് തിരുവമ്പാടിക്കാരായ ലിജോയും ജിനേഷുമാണ് ഇവർക്കൊപ്പമുള്ള അർജന്റീന ആരാധകർ. നീലയും വെള്ളയും വരയിട്ട കുപ്പായവും മുഖംനിറയെ പൂശിയ ആ നിറങ്ങളും പതാകയും മെസ്സിയുടെ ചിത്രവുമൊക്കെയായി അർജന്റീന ചമയങ്ങളിൽ മുങ്ങിയവർ. ചെണ്ടയുമായാണ് ലുസൈലിലെ മത്സരത്തിനുപോയത്. അതിനുശേഷമുള്ള ആഘോഷമായ വരവാണ്. അർജന്റീന മെക്സികോക്കെതിരെ ജയിച്ചുകയറിയതിന്റെ സന്തോഷം അവർ മറച്ചുവെക്കുന്നില്ല. 'മെക്സികോക്കെതിരെ ടീം തോൽക്കുമെന്ന ആശങ്കയൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല. മികച്ച വിജയത്തിനു പിന്നാലെ പോളണ്ടിനെയും കീഴടക്കി പ്രീക്വാർട്ടറിലെത്തും. അർജന്റീന കപ്പുമടിക്കും' - ലിജോയുടെ ആത്മവിശ്വാസത്തിന് അതിരുകളില്ല. നാട്ടിൽ വാട്സ്ആപ് ഗ്രൂപ്പുകളിലും നിരത്തിലുമൊക്കെ അർജന്റീന-ബ്രസീൽ 'വൈരം' കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് നിങ്ങളെങ്ങനെ ഭായി-ഭായി ആയി? എന്നു ചോദിച്ചാൽ 'ഞങ്ങൾ ഫുട്ബാളിനെ സ്നേഹിക്കുന്നവരാണ്' എന്ന് നാലുപേരും മറുപടി നൽകും. കേരളത്തിൽനിന്ന് വിഭിന്നമായി ഇരുടീമിന്റെയും ആരാധകർ ഒരുമിച്ച് ആസൂത്രണം ചെയ്ത് പരിപാടികൾ സംഘടിപ്പിക്കുകയും പരസ്പരം സഹകരിക്കുകയുമൊക്കെ ചെയ്യുന്ന 'സൗഹൃദ മത്സര'മാണ് ഖത്തറിലെ ആരാധകരുടെ സവിശേഷത.
ബ്രസീലിൽനിന്നുള്ള ദമ്പതികളാണ് അലക്സും മിഷലിനയും. റയോ സ്വദേശികളായ ഇരുവരും യു.എസിലെ ബോസ്റ്റണിലാണ് ജോലി ചെയ്യുന്നത്. കടുത്ത ബ്രസീൽ ആരാധകരായതിനാൽ അവധിയെടുത്ത് ലോകകപ്പ് കാണാനെത്തിയതാണ്. മഞ്ഞ ജഴ്സിയണിഞ്ഞാണ് നടത്തം. ലുസൈലിലെ അർജന്റീന-മെക്സികോ മത്സരം കഴിഞ്ഞ് താമസസ്ഥലത്തേക്കു പോകുന്ന വഴിയാണ്. 'നിങ്ങളുടെ പരമ്പരാഗത വൈരികളായതിനാൽ അർജന്റീന തോൽക്കാൻ ആഗ്രഹിച്ചിരുന്നോ?' എന്ന ചോദ്യത്തിന് മിഷലിനയാണ് മറുപടി പറഞ്ഞത്. 'ഒരിക്കലുമില്ല. ഞാൻ ബ്രസീലുകാരിയാണെങ്കിലും മെസ്സിയെ ഏറെ ഇഷ്ടപ്പെടുന്നയാളാണ്. അർജന്റീന ഗ്രൂപ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലെത്തണമെന്നുതന്നെയാണ് ആഗ്രഹം. ഈ ലോകകപ്പ് ബ്രസീൽ നേടുമെന്നാണ് പ്രതീക്ഷ. അതു നടന്നില്ലെങ്കിൽ അർജന്റീന ജയിച്ചാലും കുഴപ്പമില്ല.' ബ്രസീൽ ഫൈനലിലെത്തുമെന്ന പ്രതീക്ഷയിൽ ഡിസംബർ18ഉം കഴിഞ്ഞേ ഇവർ ഖത്തറിൽനിന്ന് മടങ്ങൂ. ലോകകപ്പിന്റെ കണ്ണഞ്ചിക്കുന്നൊരു 'ഡ്യൂപ്ലിക്കേറ്റ്' അലക്സിന്റെ ബാഗിലുണ്ട്. ട്രെയിനിലും സ്റ്റേഷനിലുമൊക്കെ ആരാധകക്കൂട്ടങ്ങളെ കാണുമ്പോൾ ആ 'കപ്പു'മായി അവർക്കൊപ്പം ചിത്രമെടുക്കാനും ദമ്പതികൾ ഏറെ താൽപര്യം കാട്ടുന്നു.
ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റതോടെ മാനസികമായി തകർന്നുപോയ അർജന്റീന ആരാധകരൊക്കെ നവോന്മേഷത്തിലാണ്. പുലർച്ചെ വരെ നഗരത്തിരക്കുകളിലലിഞ്ഞും പാട്ടുപാടിയും നൃത്തം ചെയ്തുമൊക്കെ അവർ ജയം ആഘോഷിച്ചു. മെക്സികോക്കെതിരെ കടുത്ത മത്സരമായിരുന്നെന്ന് അൽ മൻസൂറയിൽ കണ്ടുമുട്ടിയ അർജന്റീനക്കാരായ ഇനാസിയോ, ഷാഹീൻ, അഡ്രിയാൻ, പൗലോ എന്നിവർ. 'മെസ്സിയുടെ ഗോളിൽ ടീമിന് ആത്മവിശ്വാസമായി. ഇനി ഞങ്ങൾ പോളണ്ടിനെതിരെയും ജയിക്കും' -ഇനാസിയോ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.