ദോഹ: ഇനിയെന്തും സംഭവിക്കാം. ലുസൈലിൽ അട്ടിമറിയുടെ അതിശയപ്പിറവിയിലൂടെ ഉയർന്നത് അതിലേക്കുള്ള സൂചനകളാണ്. അർജൻറീന സ്വയം കുഴിച്ച കുഴിയിൽ വീഴുകയായിരുന്നു. സൗദി അറബ്യേയാകട്ടെ എതിരാളികളുടെ വീഴ്ചകളെ കരുത്താക്കി പടയോട്ടം നടത്തുകയും ചെയ്തു. ലോകം കണ്ട ഏറ്റവും വലിയ അട്ടിമറിയാണ് ഖത്തറിലെ ഏറ്റവും വലിയ കളിത്തട്ടിൽ പിറന്നത്. സൂര്യതേജസ്സുമായെത്തിയ താരകുമാരനും കൂട്ടരും ലുസൈലിലെ വെയിലിൽ വാടിക്കരിഞ്ഞുപോയ അതിശയം. 1990നുശേഷം യൂറോപ്പിനു പുറത്തുള്ള ഒരു രാജ്യത്തോട് അർജൻറീനയുടെ ആദ്യതോൽവി. പരാജയമറിയാതെ കുതിച്ച 36 മത്സരങ്ങൾക്കുശേഷം നെറുംതലക്കൽ കിട്ടിയ മഹാപ്രഹരം. ഈ വീഴ്ചയിൽനിന്ന് ലയണൽ സ്കലോണിയും കൂട്ടരും തിരിച്ചുവരാൻ കഠിനാധ്വാനം ചെയ്യണം.
മെക്സികോയും പോളണ്ടുമാണ് ഇനി ലയണൽ മെസ്സിക്കും കൂട്ടുകാർക്കും മുന്നിലുള്ളത്. കടലാസിൽ സൗദി അറേബ്യയേക്കാൾ മുന്നിലുള്ളവർ. മുമ്പ് 1990ൽ ആദ്യ മത്സരത്തിൽ കാമറൂണിനോട് അപ്രതീക്ഷിതമായി തോറ്റ ശേഷം അന്ന് ഫൈനലിലെത്തിയ ഓർമകളാണിനി അർജന്റീനക്ക് കരുത്തുപകരേണ്ടത്. എന്നാൽ, സൗദിക്കെതിരായ പിഴവുകൾ ഇനിയുള്ള രണ്ടു ഗ്രൂപ് മത്സരങ്ങളിൽ ആവർത്തിച്ചാൽ കാര്യങ്ങൾ പരിതാപകരമാകും. മത്സരശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ നായകൻ മെസ്സി പറയുന്നത്, ഇനിയുള്ള രണ്ടു കളികളും ജയിച്ച് അർജന്റീന തിരിച്ചുവരുമെന്നുതന്നെയാണ്.
അതിശയമായിരുന്നു കളിയുടെ ഗതിമാറ്റവും പിന്നീടുള്ള മത്സരഫലവും. ആദ്യപകുതിയിൽ നാലുതവണ വല കുലുക്കിയ ടീം തോറ്റത് 2-1ന്. നാലിൽ അർജൻറീനയുടെ കണക്കിലെത്തിയത് ഒരെണ്ണം മാത്രം. മൂന്നെണ്ണം ഓഫ്സൈഡിൽ കുരുങ്ങുകയും ചെയ്തു. കളികളേറെ കണ്ട ലോക മൂന്നാം നമ്പറുകാർ ഈ ലോകകപ്പിൽ കളത്തിലിറങ്ങുന്ന 32 ടീമുകളിൽ റാങ്കിങ്ങിൽ 31-ാമതുള്ള ടീമിൻെറ ഓഫ്സൈഡ് കെണിയിൽ നിരന്തരം കുടുങ്ങുന്നത് അവിശ്വസനീയമായി. സൗദിയാകട്ടെ, അവർ നിശ്ചയിച്ചുറപ്പിച്ച ഗെയിം പ്ലാനിനെ സമർഥമായി കളത്തിൽ ആവിഷ്കരിപ്പോൾ, ലയണൽ സ്കലോണിയുടെ കേളികേട്ട തന്ത്രങ്ങൾ ചരടുപൊട്ടിപ്പറന്നു. നികോളാസ് ഒടാമെൻഡിയും ക്രിസ്ത്യൻ റൊമേറോയും നയിച്ച സെൻട്രൽ ഡിഫൻസ് ആടിയുലഞ്ഞു. ഇതുവരെ മധ്യനിരയിൽ ഭാവനാ സമ്പന്നമായ നീക്കങ്ങളിൽ കൂട്ടുനിന്ന ലോ സെൽസോ പരിക്കേറ്റു പിൻവാങ്ങിയത് റോഡ്രിഗോ ഡി പോളിൻെറ കളിയെ ബാധിച്ചുവെന്നു തോന്നിക്കുന്ന താളപ്പിഴകളാണ് അർജന്റീനക്ക് പിണഞ്ഞത്. മിഡ്ഫീൽഡും ലയണൽ മെസ്സിയുമായുള്ള കണക്ഷൻ ഇല്ലാതായത് അവരുടെ കരുനീക്കങ്ങളെ കാര്യമായി ബാധിച്ചു. മുന്നിൽ നായകന് കൂട്ടുനിൽക്കേണ്ട എയ്ഞ്ചൽ ഡി മരിയയും ലൗതാറോ മാർട്ടിനെസും നിറംമങ്ങി.
4-4-2 ശൈലിയിൽ ആക്രമണാത്മകമായി കളിച്ച അർജൻറീനക്കെതിരെ 4-1-4-1ൻെറ ജാഗരൂക സമീപനമായിരുന്നു സൗദിയുടെ മറുപടി. അത് കുറിക്കുകൊള്ളുകയും ചെയ്തു. മിഡഫീൽഡിൽ പന്തിന്മേൽ നിയന്ത്രണം സ്ഥാപിക്കാൻ കഴിയാതെ പോയതാണ് അർജൻറീനക്ക് തിരിച്ചടിയായത്. പാസുകളുടെ സർക്യൂട്ടിൽ തടസ്സങ്ങളൊരുപാടുണ്ടായിരുന്നു. മെസ്സി പിന്നണിയിലേക്ക് ഇറങ്ങിവന്ന് പന്തെടുത്ത് മുൻനിരയിലേക്ക് കയറിയെത്തേണ്ട ബാധ്യതകളുണ്ടായിരുന്ന പഴങ്കാലങ്ങളെ ഈ മത്സരം എല്ലാ അർഥത്തിലും ഓർമിപ്പിച്ചു.
അത്യൂജ്വലമായിരുന്നു ലുസൈലിലെ അന്തരീക്ഷം. തൊണ്ടപൊട്ടുമാറുച്ചത്തിൽ ആർത്തുവിളിച്ച കാണികൾ ഇരുടീമിനെയും കൈയയച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എണ്ണത്തിൽ അർജൻറീനക്കാരേക്കാൾ കുറവെങ്കിലും സൗദി കാണികളുടെ ആരവങ്ങൾക്ക് കരുത്തേറെയുണ്ടായിരുന്നു. ഖത്തറിൻെറ അതിർത്തി കടന്ന് ഒഴുകിയെത്തിയ അവരാണ് യഥാർഥത്തിൽ ചരിത്രത്തിലെ അതിഗംഭീര ജയത്തിലേക്ക് ടീമിനെ പ്രചോദിപ്പിച്ചുയർത്തിയത്. അർജൻറീനക്കുവേണ്ടി ആർത്തുവിളിച്ച നൂറുകണക്കിന് മലയാളികളടക്കമുള്ള ആരാധകർക്ക് കനത്ത തിരിച്ചടിയായി ഈ തോൽവി. ആകാശം മുട്ടെ ഉയരുന്ന ആവേശവുമായി കളത്തിലെത്തിയ അവർ ഹൃദയം പൊട്ടുന്ന നിരാശയുമായാണ് മടങ്ങിയത്. സൂഖ് വാഖിഫിലും കോർണിഷിലും അൽ ബിദ്ദയിലുമൊക്കെ അനൽപമായ ആവേശം തീർത്ത അർജൻറീന ആരാധകർ ആശങ്കയുടെ അഗാധതയിലേക്ക് പതിച്ചുകഴിഞ്ഞു. യൂറോപ്പിനെ വെല്ലുന്ന തരത്തിൽ അപാരമായ ഫുട്ബാൾ സംസ്കാരത്തിനുടമകളായ സൗദി അറേബ്യക്കാരാട്ടെ, പുതിയൊരു പുലരി സ്വപ്നം കാണുകയാണ്. അതിന് രണ്ടു കളികളിൽ ഒരു ജയം മാത്രം മതിയാകും അവർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.