'പരിക്കി'ന് ഇത്ര സമയം പിന്നെയും കളിക്കണോ? ഇഞ്ച്വറി സമയത്തിലും റെക്കോഡിട്ട് ലോകകപ്പ്

ഖത്തറിൽ റെക്കോഡുകൾ പലതുപിറന്നിട്ടുണ്ട്. അഞ്ചു ലോകകപ്പുകളിൽ സ്കോർ ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രം കുറിച്ചതും ലയണൽ മെസ്സി കരിയറിൽ 1,000ാമത്തെ മത്സരത്തിനിറങ്ങിയതും രണ്ടെണ്ണം മാത്രം. ഒലിവർ ജിറൂദ് ഫ്രാൻസിനായി കഴിഞ്ഞ കളിയിൽ നേടിയ ഗോൾ ടീമിനായി ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്ന താരമെന്ന റെ​ക്കോഡിനും താരത്തെ അർഹനാക്കി. 52ാമത്തെ ഗോളായിരുന്നു ദേശീയ ജഴ്സിയിൽ ജിറൂദ് കുറിച്ചത്. മറികടന്നത് തിയറി ഹെന്റിയെ.

എന്നാൽ, വലിയ നേട്ടങ്ങളുടെ ആഘോഷങ്ങൾക്കിടെ മറ്റു ചിലതുകൂടി ഖത്തർ ലോകകപ്പിന്റെ കണക്കു പുസ്തകത്തിലുണ്ട്. 'ഇഞ്ച്വറി'യുടെ പേരിൽ ഏറ്റവും കൂടുതൽ സമയം കളി ദീർഘിച്ച മത്സരവും ഈ ലോകകപ്പിലാണ്. 90 മിനിറ്റിൽ അവസാനിക്കേണ്ട ഇംഗ്ലണ്ട്- ഇറാൻ മത്സരം 117 മിനിറ്റാണ് നടന്നത്. അഥവാ, 27 മിനിറ്റ് അധികം കളിക്കേണ്ടിവന്നു. പുതുതായി ഫിഫ നടപ്പാക്കിയ നിയമമാണ് പല കളികളിലും ഇഞ്ച്വറി സമയമെന്ന പേരിൽ അനുവദിക്കുന്ന അധിക സമയത്തിൽ വർധനയുണ്ടാക്കിയത്.

ഗ്രൂപ് ഘട്ടത്തിൽ മാത്രം മൊത്തം 563 മിനിറ്റ് ഇഞ്ച്വറി സമയം അനുവദിച്ചിട്ടുണ്ട്- ഒമ്പതു മണിക്കൂറിലേറെ. 10 മത്സരങ്ങൾ 100 മിനിറ്റിൽ കൂടുതൽ കളിച്ചെന്ന റെക്കോഡും ഈ ലോകകപ്പിനുണ്ട്.

യു.എസ്.എ- വെയിൽസ് കളി 14 മിനിറ്റും 34 സെക്കൻഡും നീണ്ടു. നെതർലൻഡ്സ്- സെനഗാൾ കളി 12 മിനിറ്റിലേറെയും നീണ്ടു. ഖത്തർ- എക്വഡോർ ഉദ്ഘാടന മത്സരവും ഇഞ്ച്വറിക്ക് 10 മിനിറ്റിലേറെ അധികസമയം നൽകി.

ഇഞ്ച്വറിക്കു മാത്രമല്ല, ആഘോഷത്തിനുമുണ്ട് സമയം

എന്തുകൊണ്ടാകും ഇഞ്ച്വറി സമയം ഇ​ത്രയേറെ നീണ്ടുപോകുന്നത്? പരിക്കുപറ്റിയ താരത്തിന് നൽകുന്ന പരിചരണം മാത്രമായാൽ സമയം അത്രയേറെ വേണ്ടിവരില്ലെന്നുറപ്പ്. പരിക്കിനു പുറമെ ഗോളാഘോഷം, വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) പരിശോധന, പകരക്കാരെ ഇറക്കൽ തുടങ്ങിയവക്കെല്ലാം വരുന്ന സമയം ഇഞ്ച്വറി ടൈമിൽ വരുമെന്നാണ് 2018 ലോകകപ്പ് മുതലുള്ള നിയമം. കാർഡ് നൽകൽ, പെനൽറ്റിക്കായി ഒരുക്കം തുടങ്ങിയവ പോലും അധിക സമയം വിളിച്ചുവരുത്തുന്നവ. എല്ലാം ചേരുമ്പോൾ കളി പിന്നെയും നീണ്ടുനീണ്ട് പോകുക സ്വാഭാവികം.

പല ടീമുകളും ഗോളാഘോഷം നീട്ടിയെടുക്കുന്നതിനെതിരെ ഫിഫ നേരത്തെ പരാതി പറഞ്ഞിരുന്നു. ഒരു ടീം രണ്ടിലേറെ ഗോൾ നേടിയാൽ അതിന്റെ പേരിൽ മാത്രം അഞ്ചോ ആറോ മിനിറ്റെടുക്കുന്നതാണ് നിലവിലെ രീതി. 

Tags:    
News Summary - Why is there so much stoppage time at World Cup 2022?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.