ഫൈനലിനൊരുങ്ങുന്ന ഫ്രാൻസ് ടീം പരിശീലനത്തിൽ

ബ്രസീലിനുശേഷം ലോകകിരീടം നിലനിർത്തുന്ന ആദ്യ ടീമാകുമോ ഫ്രാൻസ്‍?

1962ൽ ബ്രസീലിനുശേഷം ലോകകിരീടം നിലനിർത്തുന്ന ആദ്യ ടീമാവുകയെന്നതാണ് ഫ്രാൻസിന്റെ സ്വപ്നം. തുനീഷ്യക്കെതിരെ ഗ്രൂപ് ഘട്ടത്തിൽ പ്രമുഖർക്ക് വിശ്രമം നൽകി പകരക്കാരെ ഇറക്കിയ മത്സരം തോറ്റത് ഒഴിച്ചുനിർത്തിയാൽ ഈ ടൂർണമെന്റിൽ ആധികാരിക പ്രകടനം കാഴ്ചവെക്കുന്ന നിരകളിലൊന്നാണ് ഫ്രാൻസ്.

പോൾ പോഗ്ബ, എൻഗോളോ കാന്റെ, കരീം ബെൻസേമ എന്നീ പ്രഗല്ഭരെ പരിക്കുകാരണം നഷ്ടമായിട്ടും പകരമെത്തിയ റാബിയോ, ഷ്വാമെനി, ഒലിവിയർ ജിറൂഡ് എന്നിവർ ആ കുറവ് പരിഹരിച്ച് പന്തുതട്ടുന്നതാണ് നിലവിലെ ചാമ്പ്യന്മാരെ കലാശപ്പോരിലേക്ക് കൈപിടിച്ചുയർത്തിയത്. ടീമെന്ന നിലയിലെ ഫ്രാൻസിന്റെ ഒത്തിണക്കവും കോച്ച് ദിദിയർ ദെഷാംപ്സിന്റെ തന്ത്രങ്ങളും അവരെ കരുത്തരാക്കുന്നു. കളി ജയിക്കുകയെന്നതാണ് അവർക്ക് മുഖ്യം.

തന്ത്രങ്ങളുടെ അലകും പിടിയും അതിനനുസരിച്ച് മാറുന്നു. കരുത്തുറ്റ നിരകൾക്കെതിരെ പൊസഷൻ ഗെയിം വിട്ടുകളഞ്ഞ് പ്രത്യാക്രമണങ്ങളിലേക്ക് കൂടുമാറുന്നു. മധ്യനിരയിൽ അന്റോയിൻ ഗ്രീസ്മാൻ തകർത്തു കളിക്കുന്നതാണ് ഫ്രാൻസിന്റെ ബലം. എംബാപ്പെയെയും ജിറൂഡിനെയും കാൾ ഖത്തറിൽ ടീമിന്റെ ഏറ്റവും പ്രധാന കളിക്കാരൻ ഗ്രീസ്മാനാണ്. മക് അലിസ്റ്ററെയും എൻസോ ഫെർണാണ്ടസിനെയുമൊക്കെ അണിനിരത്തി അന്റോയിനെ നിർവീര്യമാക്കാനുള്ള പദ്ധതികളാവും അർജന്റീനക്ക് മുഖ്യം.

പ്രതിരോധം പ്രശ്നം

ടൂർണമെന്റിൽ ഇതുവരെ കിറുകൃത്യമായൊരു ഡിഫൻസിവ് ഫോർമുല സൃഷ്ടിച്ചെടുക്കാൻ ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സിന് കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് വൈറൽ ബാധ കാരണം പ്രധാന താരങ്ങളിൽ ചിലരെ കഴിഞ്ഞ കളിയിൽ നഷ്ടമായത്. ഉപമെകാനോയും വറാനെയും വൈറൽ ബാധയിൽനിന്ന് മുക്തരായി ഫൈനലിൽ പന്തുതട്ടുമെന്നാണ് കരുതപ്പെടുന്നത്. ഉപമെകാനോക്ക് പകരം സെമിയിലിറങ്ങിയ ഇബ്രാഹിമ കൊനാറ്റെ തരക്കേടില്ലാതെ കളിച്ചിരുന്നു. കൊനാറ്റെയും വൈറൽ പനി ബാധിതനാണെന്നാണ് റിപ്പോർട്ടുകൾ.

പ്രതിരോധനിരയാണ് ഫ്രാൻസിന്റെ ദുർബല കണ്ണി. ഇംഗ്ലണ്ടിനും മൊറോക്കോക്കുമെതിരെ ആടിയുലഞ്ഞെങ്കിലും അതിവേഗ കൗണ്ടർ അറ്റാക്കിങ്ങിലൂടെ പിടിച്ചുനിൽക്കുകയായിരുന്നു. ലക്ഷണമൊത്തൊരു സ്ട്രൈക്കറുടെ അഭാവമാണ് മൊറോക്കോയെ തടഞ്ഞത്. എന്നാൽ, മൂർച്ചയേറിയ മുന്നേറ്റവും താരതമ്യേന ചങ്കുറപ്പുള്ള പ്രതിരോധവുമായി കളത്തിലിറങ്ങുന്ന അർജന്റീനക്കെതിരെ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഫ്രാൻസിന് 'പണികിട്ടും'.

ചരിത്രം അർജന്റീനക്കൊപ്പം

ഇരുടീമും ഇതുവരെ 12 കളികളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ ആറും ജയിച്ചത് അർജന്റീനയാണ്. കഴിഞ്ഞ ലോകകപ്പിലേതുൾപ്പെടെ മൂന്നുകളി ഫ്രാൻസ് ജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയിലായി.

സാധ്യതാ ടീമുകൾ

അർജന്റീന: എമിലിയാനോ, മൊളീന, റൊമേറോ, ഒടാമെൻഡി, അക്യൂന, ഡി പോൾ, ഫെർണാണ്ടസ്, മക് അലിസ്റ്റർ, ഡി മരിയ, മെസ്സി, ആൽവാരസ്.

ഫ്രാൻസ്: ലോറിസ്, കൂണ്ടെ, വറാനെ, ഉപമെകാനോ, ഹെർണാണ്ടസ്, ഷ്വാമെനി, റാബിയോ, ഡെംബലെ, ഗ്രീസ്മാൻ, എംബാപ്പെ, ജിറൂഡ്

കിരീടത്തിനരികിൽ ഈ വഴി;

ഫ്രാൻസ്

ഗ്രൂപ് ഡിയിൽ ആസ്ട്രേലിയയെ 4-1നും ഡെന്മാർക്കിനെ 2-1നും പരാജയപ്പെടുത്തിയും തുനീഷ്യയോട് 0-1ന് തോറ്റും പ്രീ ക്വാർട്ടറിലേക്ക്.

• പോളണ്ടിനെ 3-1ന് വീഴ്ത്തി ക്വാർട്ടർ ഫൈനലിൽ.

• ഇംഗ്ലണ്ടിനെ 2-1ന് തോൽപ്പിച്ച് സെമി ഫൈനലിൽ.

• മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിന് മറികടന്ന് ഫൈനലിൽ.

അർജന്റീന

ഗ്രൂപ് സിയിൽ സൗദി അറേബ്യയോട് 1-2ന് തോറ്റമ്പി തുടങ്ങിയ ടീം മെക്സികോയെയും പോളണ്ടിനെയും 2-0ത്തിന് വീഴ്ത്തി പ്രീ ക്വാർട്ടറിലെത്തി.

• ആസ്ട്രേലിയയെ 2-1ന് തോൽപ്പിച്ച് ക്വാർട്ടറിൽ. • നെതർലൻഡ്സിനെ (2-2) പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3) മടക്കി സെമി ഫൈനലിൽ.

• ക്രൊയേഷ്യക്കെതിരെ 3-0 ജയവുമായി കലാശക്കളിക്ക് ടിക്കറ്റ്.

Tags:    
News Summary - Will France be the first team to retain the World Cup after Brazil?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.