ദോഹ: കെയ്ൽ വാക്കറും എറിക് ഡയറും ജാഗ്രതൈ! ഇടതു വിങ്ങിലൂടെ ആ യാഗാശ്വം കുതിച്ചുവരുന്നുണ്ട്. ആ കുതിപ്പിനു തടയിടാനായാൽ മാത്രമെ കപ്പിലേക്കുള്ള ഇംഗ്ലീഷ് മോഹങ്ങൾ തളിരിടുകയുള്ളൂ. അതാകട്ടെ, അത്ര എളുപ്പവുമല്ല താനും. കിലിയൻ എംബാപ്പെയെന്ന 23കാരന്റെ ചോരത്തിളപ്പിനെ തടയാൻ ഇംഗ്ലണ്ടിന് കഴിയുമോയെന്ന മില്യൺ ഡോളർ ചോദ്യത്തിലേക്കാണ് അൽഖോറിലെ അൽബെയ്ത്ത് സ്റ്റേഡിയത്തിൽ ഡിസംബർ പത്തിന് പന്തുരുളുന്നത്.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നാണ് പത്തിന് നടക്കാനിരിക്കുന്നത്. ഖത്തറിൽ ഇതുവരെയുള്ള മത്സരങ്ങൾ കണക്കിലെടുക്കുമ്പോൾ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടു ടീമുകൾ. കളിയുടെ സമസ്ത മേഖലയിലും മിടുക്കരെ അണിനിരത്തി പോരിനിറങ്ങുന്ന നിരകൾ. എംബാപ്പെക്ക് മറുപടി നൽകാൻ ഹാരി കെയ്ൻ, ബുകായോ സാക, ഫിൽ ഫോഡൻ, മാർകസ് റാഷ്ഫോഡ് തുടങ്ങി താരസമ്പന്നമായ മുൻനിര. ശനിയാഴ്ചയിലേക്ക് ലോകം കണക്കുകൂട്ടലുകളുടെ കളത്തിലിറങ്ങിക്കഴിഞ്ഞു.
ഭൂമിയിലെ ഏറ്റവും വിനാശകാരിയായ ഫോർവേഡാണിപ്പോൾ എംബാപ്പെ. ഇത്ര ചെറുപ്പത്തിലേ ഒമ്പത് ലോകകപ്പ് ഗോളുകൾ അയാൾ സ്വന്തമാക്കിക്കഴിഞ്ഞു. 24 വർഷവും 82 ദിവസവും പ്രായമുള്ളപ്പോൾ എട്ടു ഗോളുകൾ നേടിയ പോർചുഗലിന്റെ വിഖ്യാത താരം യുസേബിയോ പിന്തള്ളപ്പെട്ടിരിക്കുന്നു. ഒരു നിമിഷാർധത്തിലെ വെട്ടിത്തിരിയലുകളിൽ കിലിയന് എന്തൊക്കെ ചെയ്തുകാട്ടാൻ കഴിയുമെന്നതിന്റെ സാക്ഷ്യമായിരുന്നു അൽ തുമാമയിലെ പ്രീ ക്വാർട്ടർ പോരാട്ടം.
കണ്ണുചിമ്മിത്തുറക്കുംമുമ്പേ ബൂട്ടിൽനിന്ന് പുറപ്പെട്ട് വലയിലേക്ക് വെടിയുണ്ട കണക്കെ പാഞ്ഞുകയറിയ രണ്ടു ഗോളുകളിൽ അവന്റെ ശൗര്യം മുഴുവനുമുണ്ടായിരുന്നു. 32കാരനായ വാക്കറിന് ഇടതു പാർശ്വത്തിൽ എംബാപ്പെയുടെ അതിവേഗത്തിനൊപ്പം പിടിക്കാൻ കഴിയുമോയെന്നത് വലിയ ചോദ്യമാണ്.
എന്നാൽ, ഫ്രാൻസിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ പോളണ്ട് വെളിപ്പെടുത്തിയ ചില ശുഭസൂചനകൾ ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയേക്കും. മാറ്റ് കാഷും യാകൂബ് കമിൻസ്കിയും 70ാം മിനിറ്റുവരെ എംബാപ്പെയെ കടുത്ത മാർക്കിങ്ങിൽ കുടുക്കിയിട്ടിരുന്നു. ഒരാളല്ലെങ്കിൽ മറ്റൊരാൾ ആ ദൗത്യം നിർവഹിക്കാൻ എപ്പോഴുമുണ്ടായിരുന്നു. എന്നാൽ, കമിൻസ്കിയെ 71ാം മിനിറ്റിൽ പിൻവലിച്ചതു വഴി പോളണ്ട് ചെയ്തത് ഭീമാബദ്ധം. ഫലം, 77ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയുടെ പാസ് എംബാപ്പെയിലെത്തുമ്പോൾ ബോക്സിന്റെ ഓരത്ത് അയാളെ തടയാൻ ഒരു പോളിഷ് ഡിഫൻഡർ പോലുമില്ലായിരുന്നു.
ആ പിഴവ് പറ്റാതിരിക്കുകയാവും വാക്കറിന്റെയും ഡയറിന്റെയും ഉന്നം. ഒപ്പം, സെനഗാളിനെതിരായ പ്രീ ക്വാർട്ടറിലേതിനേക്കാൾ തുടക്കം കൂടുതൽ വേഗവും കൃത്യതയുള്ളതുമാകണം. ജൂഡ് ബെലിങ്ഹാമും ഫോഡനുമൊക്കെ അവസരങ്ങളിലേക്ക് നിരന്തരം പന്തെത്തിക്കാൻ കഴിയുന്നവരാണെന്നതിനാൽ, ഫ്രഞ്ച് പ്രതിരോധത്തെ മുൾമുനയിൽ നിർത്താൻ ഇംഗ്ലണ്ടിന് കഴിയും. മധ്യനിരയിൽ ഒപ്പത്തിനൊപ്പം കരുത്തുള്ള ഇരുടീമും അവിടെ മേൽക്കൈ നേടുന്നതിനെ ആശ്രയിച്ചുമിരിക്കും മത്സരഫലം. അപകടകാരികളായ മുൻനിരകളെ തടഞ്ഞുനിർത്തുകയും മുഖ്യ അജണ്ടയാകുമ്പോൾ പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ചുള്ള കേളീശൈലിയാകും ഇരുനിരയും അവലംബിക്കുക.
എംബാപ്പെക്കൊപ്പം ഇംഗ്ലണ്ട് ഭയക്കേണ്ട മറ്റൊരാൾ കൂടിയുണ്ട് ഫ്രഞ്ച് പടയിൽ. അത് 35കാരനായ ഒലിവിയർ ജിറൂഡാണ്. റഷ്യൻ ലോകകപ്പിൽ ഗോളടിക്കാനാവാതെ ഉഴറിയിരുന്ന എ.സി മിലാൻ താരത്തെ ഇക്കുറി ടീമിലെടുത്തതിൽ മുറുമുറുപ്പുകളുയർന്നിരുന്നു. അതൊന്നും ഗൗനിക്കാതെയാണ് ദിദിയർ ദെഷാംപ്സ് ജിറൂഡിൽ വിശ്വാസമർപ്പിച്ചത്. പോളണ്ടിനെതിരെ ആദ്യഗോളടിച്ച് അതുകാത്തു.
അതോടെ 52 ഗോൾ നേടിയ തിയറി ഒന്റിയെ മറികടന്ന് ഫ്രാൻസിന്റെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി. പരിചയസമ്പത്തിലൂടെ തന്റെ കരുത്തേറിയ വശം തുണയാക്കി അവസരങ്ങൾ തുറന്നെടുക്കുന്ന വെറ്ററൻ സ്ട്രൈക്കർ മൂന്നു ഗോളുകൾ ഈ ലോകകപ്പിൽ ഇതുവരെ സ്വന്തമാക്കി. എല്ലാ വിമർശനങ്ങളുടെയും മുനയൊടിച്ച് ഒലിവിയർ നിറഞ്ഞാടുമ്പോൾ കരീം ബെൻസേമയുടെ കുറവൊന്നും ആളുകൾ ഓർക്കുന്നേയില്ല. എംബാപ്പെയും ജിറൂഡും കൂടി ഈ ലോകകപ്പിൽ ഇതുവരെ നേടിയത് എട്ടുഗോളുകളാണ്. മിക്ക ടീമുകളുടെയും മൊത്തം ഗോൾനേട്ടം ഇതിനേക്കാൾ ഏറെ പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.