ലോകകപ്പിന്റെ പന്ത് ഖത്തറിൽ ചലിച്ചു തുടങ്ങി. പന്തുരുണ്ട് ഗ്രൂപ്പ് സമവാക്യങ്ങളിലൂടെ നോക്കൗട്ടിന്റെ ചടുലതയിലേക്ക് കുതിക്കും. അങ്ങനെ പ്രീ ക്വാർട്ടറും ക്വാർട്ടർ ഫൈനലും സെമിഫൈനലും കടന്ന് ഒടുവിൽ ഫൈനലെന്ന കലാശപ്പോര്. ഇതിനിടയിൽ എവിടെയെങ്കിലും 'ഖത്തർ അൽ ക്ലാസിക്കോ' മത്സരത്തിന് സാക്ഷ്യം വഹിക്കാനാകുമോയെന്ന് ഫുട്ബാൾ പ്രേമികൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്.
ക്ലബ് ഫുട്ബാളിലെ വമ്പൻ ടീമുകളായ റയൽ മഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള മത്സരമാണ് എൽ ക്ലാസിക്കോ, എന്നു മാത്രം പറഞ്ഞാൽ പോരാ. ബദ്ധവൈരികൾ തമ്മിലുള്ള പോരാട്ടം കൂടിയാണത്. ചരിത്രം പരതിയാൽ ഈ വൈരത്തിന്റെ തുടക്കം കളിമൈതാനത്തുനിന്നല്ല രാഷ്ട്രീയ ഗോദയിൽനിന്നാണെന്ന് കാണാം. റയൽ മഡ്രിഡിന്റെ സ്പാനിഷ് ദേശീയതയും ബാഴ്സലോണയുടെ കറ്റാലൻ ദേശീയതയും തമ്മിലുള്ള ചൊരുക്ക് ഗാലറിയിലേക്ക് പടരുകയായിരുന്നു. ഈ കുടിപ്പകയെ ആരാധകക്കൂട്ടങ്ങൾ ഭംഗിയേറിയ ജഴ്സികളിൽ പൊതിഞ്ഞുകെട്ടി നീറാതെയും പുകയാതെയും ആവേശത്തിരകളായും ആർപ്പുവിളികളായും മാറ്റിയെടുത്തു. വല്ലപ്പോഴുമൊക്കെ സൗഹാർദമേഖല കടന്നുപോയ പന്തിൽ ചോര പൊടിഞ്ഞുവെന്നതും നേര്.
രാഷ്ട്രീയത്തിന്റെ കണ്ണാടിയിൽ മാത്രം നോക്കിയാൽ ഖത്തറിലെ 'അൽ ക്ലാസിക്കോ' ഇറാൻ-യു.എസ്.എ മത്സരമാണ്. ഇരു ടീമുകളും ഒരേ ഗ്രൂപ്പിലായതിനാൽ ഈ മത്സരം നടക്കുമെന്നുറപ്പ്. നവംബർ 29ന് ഇഹ്സാൻ ഹാജ്സാഫിയുടെ നായകത്വത്തിൽ യു.എസിനെതിരെ ഇറാൻ ബൂട്ടുകെട്ടി ഇറങ്ങുമ്പോൾ പേർഷ്യക്കാരുടെ മനസ്സിലുയരുന്ന മറ്റൊരു നായകൻ മേജർ ജനറൽ ഖാസിം സുലൈമാനി ആയിരിക്കും. യു.എസിന്റെ ഡ്രോൺ ആക്രമണത്തിൽ സുലൈമാനി മരിച്ചതിന് ശേഷമുള്ള ആദ്യ ലോകകപ്പാണിത്.
എന്നാൽ, കേരളക്കരയിലുൾപ്പെടെയുള്ള കളിയാരാധകർ കാത്തിരിക്കുന്ന 'അൽ ക്ലാസിക്കോ' രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാരം പേറുന്ന ഇറാൻ-യു.എസ്.എ കളിയല്ല, പുള്ളാവൂർ ചെറുപുഴയിലെ ഓളങ്ങളുടെ പോലും നെഞ്ചിടിപ്പേറ്റുന്ന മറ്റു രണ്ട് മത്സരങ്ങളാണ്. ആറാം ലോകകപ്പ് തേടിയിറങ്ങുന്ന ബ്രസീലും ഡീഗോ മറഡോണക്ക് ശേഷം ലയണൽ മെസ്സിയുടെ പേരിലും ഒരു ലോകകപ്പ് കുറിക്കപ്പെടേണമേയെന്ന പ്രാർഥനയോടെ വരുന്ന അർജന്റീനയും തമ്മിലുള്ള മത്സരമാണ് ഇതിലൊന്ന്. മാലയിലെന്ന പോലെ പന്ത് കോർത്തുകോർത്ത് മുന്നേറുന്ന ലാറ്റിനമേരിക്കൻ കേളീശൈലിയിൽ കളിക്കുന്ന രണ്ട് ടീമുകളിൽ മികച്ചത് ആരെന്ന ചോദ്യവും പെലെ-മറഡോണ ദ്വന്ദത്തിൽ ആരാണ് ഇതിഹാസം എന്ന ചോദ്യവും ഉയർത്തിവിട്ടതാണ് ഇരു ടീമുകളുടെയും ആരാധകർ തമ്മിലുള്ള ഒളിപ്പോരുകൾ. ഒരു ഭാഗത്ത് മെസ്സിയും മറുഭാഗത്ത് നെയ്മറും പന്തു തട്ടുമ്പോഴുണ്ടാകുന്ന ആവേശവും ഈ കളിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് കാരണമാണ്.
രണ്ടു ടീമുകളും ഗ്രൂപ്പ് കേറി നോക്കൗട്ടിലെത്തുമെന്നതിൽ ആരാധകർക്ക് ഒരു സംശയവുമില്ല. ഗ്രൂപ്പുഘട്ടത്തിൽനിന്ന് ബ്രസീൽ ഒന്നാം സ്ഥാനക്കാരായും അർജൻറീന രണ്ടാം സ്ഥാനക്കാരായും വിജയിച്ചാൽ മാത്രമേ ബ്രസീൽ-അർജന്റെീന സ്വപ്ന ഫൈനലിൽ പ്രതീക്ഷ വെക്കേണ്ടതുള്ളൂ. അല്ലാത്ത മൂന്ന് കോമ്പിനേഷനുകളിലും ഇരു ടീമുകളും സെമിഫൈനലിൽ ഏറ്റുമുട്ടി ഏതെങ്കിലുമൊന്ന് പുറത്തുപോകും.
മറ്റൊന്ന് അർജന്റീന-പോർച്ചുഗൽ മത്സരമാണ്. ഫുട്ബാൾ രാജാവ് ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായി ആരാധകർ പ്രതിഷ്ഠിക്കുന്ന ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം എന്നതാണ് ഈ മത്സരത്തെ 'അൽ ക്ലാസിക്കോ' പദത്തിലേക്ക് ഉയർത്തുന്നത്. ഗ്രൂപ്പ് 'സി'യിൽനിന്ന് അർജന്റീനയും ഗ്രൂപ്പ് 'എച്ച്'ൽ നിന്ന് പോർച്ചുഗലും ഒന്നാം സ്ഥാനക്കാരായി മുന്നേറിയാൽ മെസ്സി-റൊണാൾഡോ കളി കാണാൻ ഫൈനലിൽ മാത്രമേ സാധ്യതയുള്ളൂ. ഇരു ടീമുകളും രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലേക്ക് കയറിക്കൂടുന്നതെങ്കിലും തമ്മിൽ കളിക്കാനുള്ള സാധ്യത ഫൈനലിൽ മാത്രം. അർജന്റീന ഒന്നാം സ്ഥാനക്കാരായും പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായുമാണ് ജയിച്ചുകയറുന്നതെങ്കിലും തിരിച്ചാണെങ്കിലും കളി സെമിഫൈനലിലായിരിക്കും. ഇരു ടീമുകളും മുഖാമുഖം വന്നാൽ അത് ചരിത്രമായിരിക്കും. ലോകകപ്പിൽ അർജന്റീനയും പോർച്ചുഗലും തമ്മിൽ ഏറ്റുമുട്ടുന്ന, മെസ്സിയും റൊണാൾഡോയും അടരാടുന്ന ആദ്യ മത്സരമായിരിക്കും അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.