ദോഹ: ഫുട്ബാൾ കളത്തിൽ ഫ്രാൻസിന്റെ ജഴ്സിയിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോർഡ് 142 മത്സരങ്ങളിൽ ജഴ്സിയിട്ട ലിലിയൻ തുറാമിന്റെ പേരിലായിരുന്നു കഴിഞ്ഞ ദിവസം വരെ. ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ പോളണ്ടിനെതിരെ ഗോൾവല കാക്കാനെത്തിയതോടെ ആ റെക്കോഡിന് നിലവിലെ ഫ്രഞ്ച് ടീം ക്യാപ്റ്റൻ ഹ്യൂഗോ ലോറിസും പങ്കാളിയായി. ശനിയാഴ്ച ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങുന്നതോടെ റെക്കോഡ് ലോറിസിന്റേതു മാത്രമായി മാറും.കരിയറിൽ പലകുറി ലിലിയൻ തുറാമും ഹ്യൂഗോ ലോറിസും ഫ്രാൻസിനുവേണ്ടി ഒന്നിച്ച് കളത്തിലിറങ്ങിയിട്ടുണ്ട്. എന്നാൽ, പോളണ്ടിനെതിരെ ലോറിസ് തിങ്കളാഴ്ച കളിക്കാനിറങ്ങുമ്പോൾ അതിനൊരു സവിശേഷതകൂടിയുണ്ടായിരുന്നു.
ലോറിസ് നയിക്കുന്ന ടീമിൽ ലിലിയൻ തുറാമിന്റെ മകൻ മാർകസ് തുറാം അംഗമാണെന്നതായിരുന്നു അത്. മത്സരത്തിൽ പകരക്കാരനായി മാർകസ് കളത്തിലിറങ്ങിയതോടെ പിതാവിനും പുത്രനുമൊപ്പം ഒന്നിച്ചുകളിച്ച താരമെന്ന സവിശേഷതയും 35കാരനായ ലോറിസിനെ തേടിയെത്തി. 25കാരനായ മാർകസ് തുറാം ജർമൻ ലീഗിൽ ബൊറൂസിയ മോങ്ഷെങ്ഗ്ലാബാക്കിന്റെ താരമാണിപ്പോൾ. ഫോർവേഡായി കളിക്കുന്ന താരം, ക്ലബിനുവേണ്ടി 96 കളികളിൽ 31 ഗോളുകൾ നേടിയിട്ടുണ്ട്.
ഫ്രാൻസിനുവേണ്ടി ഏഴു മത്സരങ്ങളിൽ കളത്തിലിറങ്ങി. ഗോളൊന്നും നേടിയിട്ടില്ല. പോളണ്ടിനെതിരെ ലോകകപ്പ് പ്രീ ക്വാർട്ടറിൽ കിലിയൻ എംബാപ്പെ നേടിയ രണ്ടാം ഗോളിന് വഴിയൊരുക്കിയത് മാർകസായിരുന്നു.2012 മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിനു കളിക്കുന്ന ലോറിസ്, ക്ലബിനുവേണ്ടി 351 മത്സരങ്ങളിൽ ഗോൾവല കാത്തിട്ടുണ്ട്. അതിനുമുമ്പ് ഫ്രഞ്ച് ലീഗിൽ ലിയോണിനുവേണ്ടി 146ഉം നീസിനായി 72 മത്സരങ്ങളും കളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.