ദോഹ: റഫറിയെന്ന് കേൾക്കുമ്പോൾ ഓർമയിലേക്ക് ഗോളടിച്ചു കയറുന്നത് മൊട്ടത്തലയും, കനൽപോലെ ജ്വലിക്കുന്ന വട്ടക്കണ്ണുകളുമായി ഒരു വിസിൽ മുഴക്കം കൊണ്ടോ, പെനാൽറ്റി സ്പോട്ടിലേക്ക് നീട്ടിയ ചൂണ്ടുവിരൽ കൊണ്ടോ കളിക്കളം വിറപ്പിക്കുന്ന പിയർലൂയിജി കൊളീനയാണ്. വെറുതെയൊന്ന് നോക്കുമ്പോൾ പോലും ആജ്ഞാശക്തിയുള്ള ആ കണ്ണിന് മുന്നിൽ കളിക്കാർ ചൂളിപ്പോവും.
ഇത്തവണ ഖത്തർ ലോകകപ്പിലൂടെ മൂന്ന് 'ലേഡീ കൊളീന'മാരെയാണ് ഫിഫ അവതരിപ്പിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന്റെ പോരാട്ടം നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ട വനിതകൾ. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസേമയും റോബർട്ട് ലെവൻഡോവ്സ്കിയും ഉൾപ്പെടെ സൂപ്പർ താരങ്ങൾ പന്തിനുപിറകെ കുതിച്ചുപായുമ്പോൾ ഒരു വിസിൽ മുഴക്കം കൊണ്ട് അവരെ നിലക്കുനിർത്താനുള്ള നിയോഗമേൽപിച്ചത് സ്റ്റെഫാനി ഫ്രാപ്പാർട്, സലിമ മുകൻസാങ്ക, യോഷിമി യമാഷിത എന്നിവരിലാണ്. 90 വർഷത്തിലേറെ പാരമ്പര്യമുള്ള ലോകകപ്പിൽ ഏറെ വൈകിയാണ് ഫിഫ വനിത റഫറിമാർക്ക് ഇടം നൽകിയതെങ്കിലും ഇതൊരു ശുഭസൂചനയാണ്. ആ നിയോഗമാവട്ടെ സ്ത്രീ അവകാശങ്ങൾക്കും തുല്യതക്കും ഭരണപങ്കാളിത്തത്തിലും ഏറെ പ്രധാന്യം നൽകുന്ന ഖത്തറിന്റെ മണ്ണിലും.
കളിക്കളത്തിൽ തങ്ങളുടേതായ മേൽവിലാസം കുറിച്ചാണ് ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രാപ്പാർടും റുവാണ്ടയുടെ സലിമ മുകൻസാങ്കയും, ജപ്പാന്റെ യോഷിമി യമാഷിതയുമെല്ലാം ഫിഫ റഫറിയിങ് പാനലിൽ ഇടം നേടുന്നത്. ഇവർക്ക് പുറമെ അസി. റഫറിമാരുടെ പട്ടികയിലെ ബ്രസീലുകാരി ന്യൂസ ബാക്, മെക്സികോയുടെ കാരൻ ഡയസ് മെദിന, അമേരിക്കയുടെ കാതറിൻ നെസ്ബിറ്റ് എന്നിവരും കളി നിയന്ത്രിക്കുന്നവരിലെ വനിത സാന്നിധ്യമായുണ്ട്.
2019 വനിത ലോകകപ്പ് നിയന്ത്രിച്ച ജപ്പാൻ റഫറി യോഷിമി യമാഷിതയുടെ രണ്ടാം ലോകകപ്പാണിത്. 2020 ഒളിമ്പിക്സിലും എ.എഫ്.സി ചാമ്പ്യൻസ് ലീഗ്, ജപ്പാൻ ടോപ് ഡിവിഷൻ ലീഗിലും പയറ്റിത്തെളിഞ്ഞ വീര്യവുമായാണ് ഇവർ ലോകകപ്പ് കളത്തിലേക്ക് വിസിലുമായെത്തുന്നത്.
മധ്യപൂർവേഷ്യയിലും പുതിയ വനിത റഫറിമാരുടെ വളർച്ചക്ക് ഫിഫയുടെ ഈ തീരുമാനം സഹായകമാവുമെന്നാണ് യമാഷിതയുടെ പ്രതീക്ഷ. 2012 മുതൽ ഫിഫ മത്സരങ്ങൾ നിയന്ത്രിക്കാനായുണ്ട് റുവാണ്ടയുടെ സലിമ മുകൻസാങ്ക. ബാസ്കറ്റ്ബാൾ കോർട്ടിൽ കരിയർ പടുത്തുയർത്താൻ സ്വപ്നമിട്ട പെൺകുട്ടിയെ സാമ്പത്തിക സാഹചര്യങ്ങളാണ് ഫുട്ബാളിലേക്ക് വഴിതിരിച്ചത്. ഈ പട്ടികയിൽ ഏറ്റവും പ്രബലമായ പേരാണ് 38കാരിയായ സ്റ്റെഫാനി ഫ്രാപ്പാർട്. വനിത ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച ഇവർ അതേവർഷം യുവേഫ സൂപ്പർകപ്പ് ഫൈനൽ നിയന്ത്രിച്ച് മറ്റൊരു ചരിത്രവുമെഴുതി. 2020ൽ യുവേഫ ചാമ്പ്യൻസ് ലീഗ് പുരുഷമത്സരങ്ങളും പിന്നാലെ ലോകകപ്പ് യോഗ്യത മത്സരങ്ങളുമായി സുപ്രധാന പോരാട്ടങ്ങളിലും ഫ്രാപ്പാർട്ടിനെ മൈതാനങ്ങളിൽ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.