പ്ലീസ്... ആഫ്രിക്ക പ്രാർഥനയിലാണ്, മൊറോ​ക്കോ വിജയിക്കണം

ദോഹ: സമാനതകളില്ലാത്ത കുതിപ്പുമായി ഖത്തർ മൈതാനങ്ങളെ ത്രസിപ്പിച്ച ഏഷ്യയും ആ​ഫ്രിക്കയും നോക്കൗട്ടിന്റെ ഒന്നാം ഘട്ടം കഴിയുമ്പോഴേക്ക് മടക്കം പൂർത്തിയാക്കാനൊരുമ്പോൾ പ്രതീക്ഷയുടെ തുരുത്തായി ഇനി അവശേഷിക്കുന്നത് ഒരേയൊരു ടീം- ഗ്രൂപ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലെത്തിയ മൊറോക്കോ. ഇളമുറയുടെ വീര്യവും അനുഭവത്തിന്റെ കരുത്തും കൂട്ടുള്ള ആഫ്രിക്കൻ പട ഇന്ന് കൊമ്പുകോർക്കുന്നത് പക്ഷേ, ഇരട്ടി എഞ്ചിനുമായി കളത്തിലുള്ള സ്പാനിഷ് അർമഡക്കെതിരെ.

ജപ്പാനോട് തോറ്റെങ്കിലും മൈതാനത്തെത്തുമ്പോൾ ഒരു പടി മുന്നിൽതന്നെയാണ് സ്​പെയിൻ. ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്ന്. യൂറോപിലെ ഏറ്റവും മികച്ച നിരകളിൽനിന്നെത്തിയ ഒരുപിടി താരങ്ങൾ. ജപ്പാനോട് വീണ കളിയിൽ പോലും നിയന്ത്രണത്തിൽ അഞ്ചിൽ നാലും കൈയിൽവെച്ചവർ. എന്നാൽ, ഗ്രൂപ് ഘട്ടത്തിൽ ഒരു കളി പോലും തോൽക്കാതെ നോക്കൗട്ട് ഉറപ്പിച്ചാണ് മൊറോക്കോയുടെ വരവ്. ടീമിന്റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഖത്തറിലേത്. വലീദ് റഗ്റാഗുയി എന്ന പരിശീലകനു കീഴിൽ ടീം പ്രീക്വാർട്ടർ കളിക്കാനൊരുങ്ങുമ്പോൾ മുമ്പ് അത്രയെങ്കിലും എത്തിയത് 1986ൽ മാത്രം. അന്നു പക്ഷേ, പശ്ചിമ ജർമനിക്കു മുന്നിൽ ടീം വീണുമടങ്ങി. അന്നും ഇംഗ്ലണ്ട്, പോളണ്ട്, പോർച്ചുഗൽ എന്നിവരടങ്ങിയ ഗ്രൂപിൽ ഒന്നാമന്മാരായാണ് ടീം നോക്കൗട്ട് കണ്ടിരുന്നത്.

ഇത്തവണ മൊറോക്കോയുടെ താരനിരയാണ് സ്​പെയിനിനെ അലോസരപ്പെടുത്തുന്നത്. നാലുപേരെങ്കിലും ക്ലബ് തലത്തിൽ ലാ ലിഗയിൽ കളിക്കുന്നവർ. ഗോളി യാസിൻ ബൂനോ, ഫോ​ർവേഡ് അൽനസ്രി എന്നിവർ സെവിയ്യ നിരയിലെങ്കിൽ പ്രതിരോധ താരം ജവാദ് അൽയാമിഖ് വയ്യഡോളിഡിലും മറ്റൊരു ഫോർവേഡ് അബ്ദു സൽസൂലി ഒസാസുനയിലും പന്തു തട്ടുന്നു. സ്പാനിഷ് ശൈലിയെ അടുത്തറിയാൻ മൊറോക്കോ ഇത് അവസരമാക്കുമെന്നുറപ്പ്.

26 അംഗ സംഘത്തിൽ 20 പേരും യൂറോപിലെ മുൻനിര ലീഗുകളിൽ കളിക്കുന്നവരാണ്. അതിന്റെ ബലത്തിലായിരുന്നു യോഗ്യത ഘട്ടം അനായാസം കടന്നതും.

സ്​പെയിൻ ലോക റാങ്കിങ്ങിൽ ഏഴാമതു നിൽക്കുമ്പോൾ മൊറോക്കോ അത്ര പിറകിലല്ലാതെ 22ലുമുണ്ട്. 2018ൽ ഖത്തറിൽ ഇരു ടീമും മുഖാമുഖം നിന്നപ്പോൾ 2-2ന് സമനിലയിൽ പിരിഞ്ഞതാണ്. ഹകീം സിയെക്, അശ്റഫ് ഹകീമി എന്നിവരുൾപ്പെ​ട്ട മൊറോക്കോ നിര ഏതു വമ്പന്മാരെയും നിലംപരിശാക്കാൻ പോന്നവർ. അതിന്ന് കളത്തിൽ കാണുമോ എന്നാണ് കാത്തിരു​ന്ന് കാണേണ്ടത്.

ഇന്ന് രാത്രി വിസിൽ മുഴക്കാൻ എത്തുന്നത് അർജന്റീനക്കാരൻ ഫെർണാണ്ടോ റപാലിനിയാണ്. ക്രൊയേഷ്യക്കെതിരായ കളിയിൽ റപാലിനി കളി നിയന്ത്രിച്ചുവെന്നത് മൊറോക്കോക്ക് റഫറീയിങ്ങിലെ കാർക്കശ്യങ്ങൾ പണിനൽകാതിരിക്കാൻ സഹായകമാകും. 

Tags:    
News Summary - World Cup 2022: African expectations galore when Morocco meets Spain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.