ദോഹ: വനിതകൾക്ക് കൂടുതൽ അവസരം നൽകുന്ന കായിക മാമാങ്കമായി ഇതിനകം ചരിത്രത്തിൽ ഇടംപിടിച്ചുകഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഒരു മത്സരം നിയന്ത്രിക്കുന്ന എല്ലാ റഫറിമാരും വനിതകളെന്ന റെക്കോഡും പിറക്കുന്നു. പുരുഷന്മാർ പന്തുതട്ടുന്ന സോക്കർ യുദ്ധത്തിൽ വിസിലും കൊടിയും പിടിച്ച് നിയന്ത്രിക്കുന്നവർ എല്ലാം വനിതകളാകുകയെന്ന ചരിത്രമാണ് വ്യാഴാഴ്ച പിറക്കുക. ഒരു തോൽവിയും ഒരു സമനിലയുമായി പിറകിലുള്ള ജർമനി നോക്കൗട്ട് സ്വപ്നം കാണുന്ന അവസാന ഗ്രൂപ് മത്സരത്തിൽ സ്റ്റെഫാനി ഫ്രപ്പാർട്ട് എന്ന ഫ്രഞ്ച് വനിതയാകും മൈതാനത്തുണ്ടാകുക. ആദ്യമായാണ് പുരുഷ ലോകകപ്പിൽ ഒരു വനിത റഫറിയാകുന്നത്. കഴിഞ്ഞ മെക്സിക്കോ- പോളണ്ട് മത്സരത്തിൽ ഫ്രപ്പാർട്ട് ഫോർത്ത് അംപയറായിരുന്നു.
വ്യാഴാഴ്ചത്തെ പോരാട്ടത്തിൽ ഇവർക്കൊപ്പം ബ്രസീലിന്റെ ന്യൂസ ബാക്ക്, മെക്സിക്കയുടെ കാരൻ ഡയസ് എന്നിവരുമുണ്ടാകും. അൽബൈത് സ്റ്റേഡിയത്തിലാണ് മത്സരം.
ഫ്രപ്പാർട്ട് 2020ലെ പുരുഷ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും റഫറിയായിരുന്നു. അതിന് മുമ്പ് 2019ലെ യൂറോപ്യൻ സുപർ കപ്പിൽ ലിവർപൂൾ- ചെൽസി കളിയിൽ വിസിൽ മുഴക്കിയാണ് ഫ്രപ്പാർട്ട് ആദ്യമായി മുൻനിര പുരുഷ വിഭാഗം മത്സരങ്ങൾ നിയന്ത്രിച്ചു തുടങ്ങിയത്. 38കാരിക്കൊപ്പം റുവാൻഡയിൽനിന്ന് സലീമ മുകൻസാങ്ക, ജപ്പാനെറ യോഷിമി യമാഷിത എന്നിവരും ഈ ലോകകപ്പിൽ റഫറിമാരായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.