ആയിരത്തൊന്നു രാവുകൾ തലമുറകളിലേക്ക് പകർന്ന മായാകാഴ്ചകൾ പോലെ ഞായറാഴ്ച രാത്രി ലുസൈൽ മൈതാനവും ഒപ്പം ലോകം മുഴുക്കെ കോടിക്കണക്കിന് കാണികളും മൂന്നു മണിക്കൂർ നേരം ഇമ ചിമ്മാതെ കൺപാർത്തുനിന്നത് സമാനതകളില്ലാത്ത അത്യദ്ഭുതങ്ങളിലൊന്നിന്. കാൽപന്തു ലോകത്തെ വലിയ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും മുഖാമുഖം നിന്ന ആവേശപ്പോരിൽ ഓരോ നിമിഷവും കൗതുകങ്ങളനവധി പെരുമഴയായി പെയ്തു. ഗോളുകൾ ഒന്നിനു പിറകെ ഒന്നായി വല നിറച്ചു. ഞങ്ങൾ തന്നെ താരരാജാക്കന്മാരെന്ന് ബൂട്ടുകളിൽ പിറന്ന സുവർണ ഗോളുകളിൽ ഇരുവരും ആണയിട്ടു.
ഒരിക്കൽ ഗോളടിച്ചുകയറിയവർ അത്രയും എണ്ണം തിരിച്ചുവാങ്ങി സമ്മർദത്തിലായി. ആദ്യം വാങ്ങിയവരാകട്ടെ, ലഭിച്ചതിനെക്കാൾ വലതു മാളത്തിലുണ്ടെന്ന് കാലുകൾ കൊണ്ട് തെളിയിച്ചു. ഓരോ ഗോളും വിജയത്തിന്റെയല്ല, അതിസമ്മർദത്തിന്റെ തുടക്കം മാത്രമെന്ന് കാണികളറിഞ്ഞു. മൈതാനമധ്യത്തിനു പകരം ഇരു ഗോൾമുഖത്തുമാകണം പന്തിന്റെ ഭരണമെന്ന് ഇരുടീമുകളും കളിച്ചുതെളിയിച്ചു. കാലിൽ പന്തുകൊരുത്ത് മുന്നേറ്റം കടുപ്പിച്ചവരെ അതിലേറെ വലിയ പ്രത്യാക്രമണങ്ങൾ കൊണ്ട് മറുടീം പിറകിലാക്കി. ഒന്നിനും നിശ്ചയമില്ലെന്ന് അമ്പരപ്പിച്ചതിനൊടുവിൽ സാക്ഷാൽ മെസ്സി തന്നെ താരരാജാവായി. നീണ്ട മൂന്നര പതിറ്റാണ്ടിനു ശേഷം താൻ അർഹിച്ച കിരീടം ഇനിയൊരാൾക്ക് വിട്ടുനൽകാനില്ലെന്ന് അവൻ പ്രഖ്യാപിച്ചു.
ആദ്യ 90 മിനിറ്റിന്റെ വലിയ പങ്കും കളം നിറഞ്ഞത് അർജന്റീന. ആദ്യം രണ്ടു ഗോളുകൾ കുറിച്ചതും അവർ. എല്ലായിടത്തും നിറഞ്ഞുകളിച്ച് ലാറ്റിൻ അമേരിക്കക്കാർ കമ്പനി ഭരണം നടപ്പാക്കിയപ്പോൾ പ്രതിരോധം പാളി ഫ്രഞ്ചുകാർ പിന്നാമ്പുറത്തുനിന്നു. ഇത് ഇത്രയും നാൾ ഞങ്ങൾ കണ്ട ഫ്രാൻസ് അല്ലെന്ന് സ്വന്തം ആരാധകർ പോലും നെടുവീർപിട്ടു. എന്നാൽ, അവസാന വിസിലിനരികെ 97 സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടും മടക്കി ഫ്രാൻസ് തിരികെയെത്തി. അധിക സമയത്തേക്കു നീണ്ടപ്പോൾ പിന്നെയും മെസ്സി തുടക്കമിട്ടു. അവിടെ അവസാനിച്ചെന്നു കരുതിയപ്പോൾ മാസ്റ്റർ ടച്ചിൽ എംബാപ്പെ ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ രണ്ടാം ഹാട്രിക്കുകാരനായി ഫ്രഞ്ചു പടക്ക് രക്ഷകനായി.
കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടപ്പോൾ വീണ്ടും അർജന്റീനക്കു തന്നെ മേൽക്കൈ. എമിലിയാനോ മാർടിനെസ് എന്ന ചോരാകൈകളുള്ള അതിമാനുഷനായിരുന്നു ഫ്രാൻസിന്റെ ആധി. കാലുകൾ വെറുതെ ചലിപ്പിച്ചുകൊണ്ടിരിക്കുകയും എന്നാൽ, കിക്ക് തുടങ്ങുംവരെ ഒരുവശത്തേക്കും ചാടാതെ ഞെട്ടിക്കുകയും ചെയ്യുന്ന ആ കീപറെ തോൽപിച്ച് എംബാപ്പെ ആദ്യ കിക്കിൽ തന്റെ ക്ലാസ് തെളിയിച്ചു. മറുവശത്ത്, ഒരിക്കലും കാൽതെറ്റാതെ മെസ്സിയും തുടങ്ങി. പിന്നീടെല്ലാം മാർടിനെസ് മയമായിരുന്നു. ഒരിക്കൽ തടുത്തിട്ടതോടെ സമ്മർദത്തിലായ ഫ്രഞ്ച് നിര പിന്നെ പുറത്തേക്കടിച്ച് കളി തോറ്റു. അർജന്റീനയാകട്ടെ ഒരു കിക്ക് പോലും പാഴാക്കിയുമില്ല.
ശ്വാസമടക്കിപ്പിടിച്ചാണ് കളി കണ്ടുനിന്നതെന്ന് പറയുന്നു, മുൻ ഇംഗ്ലീഷ് സൂപർ താരം അലൻ ഷിയറർ. 'അവിശ്വസനീയമായിരുന്നു ഈ കലാശപ്പോര്. ഇതുപോലൊന്ന് ജീവിതത്തിൽ കണ്ടിട്ടില്ല. ഇനിയൊന്ന് കാണുമെന്നും തോന്നുന്നില്ല. ശരിക്കും അമ്പരപ്പിക്കുന്നത്''.
എന്താണ് മൈതാനത്ത് അരങ്ങേറുന്നതെന്ന് ഒരുപിടിയും കിട്ടിയില്ലെന്ന് പറയുന്നു മറ്റൊരു താരം റിയോ ഫെർഡിനന്റ്.
കലാശപ്പോര് ശരിക്കും ഉന്മാദമായിരുന്നുവെന്ന് മനസ്സു തുറക്കുന്നു, അർജന്റീന കോച്ച് ലയണൽ സ്കലോണി. നല്ല കളി പുറത്തെടുത്തതിനാൽ 90 മിനിറ്റിൽ എല്ലാം അവസാനിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കളി മാറിയതിങ്ങനെ
23ാം മിനിറ്റ്: മെസ്സി പെനാൽറ്റി ഗോളാക്കുന്നു.
36ാം മിനിറ്റ്: എയ്ഞ്ചൽ ഡി മരിയ അർജന്റീന ലീഡുയർത്തുന്നു.
80ാം മിനിറ്റ്: അർജന്റീനയുടെ തനിയാവർത്തനമായി പെനാൽറ്റി ഗോളാക്കി എംബാപ്പെ.
81ാം മിനിറ്റ്: മനോഹര വോളിയുമായി എംബാപ്പെ തുല്യത പിടിക്കുന്നു.
108ാം മിനിറ്റ്: മെസ്സി ലീഡ് തിരിച്ചുപിടിക്കുന്നു.
118ാം മിനിറ്റ്: വീണ്ടും പെനാൽറ്റി. കിക്കെടുത്ത എംബാപ്പെ വലയിലെത്തിച്ച് കളി ഷൂട്ടൗട്ടിലേക്ക് നീട്ടിയെടുക്കുന്നു.
ഫൈനൽ തുടങ്ങുംവരെ മെസ്സിയും എംബാപ്പെയും ഗോൾഡൻ ബൂട്ട് പുരസ്കാരത്തിൽ തുല്യപോരാളികളായിരുന്നെങ്കിൽ അധിക സമയം കഴിഞ്ഞതോടെ അതിന് ഒരാൾ മാത്രമാണ് അവകാശിയെന്ന് ഉറപ്പായി. ആദ്യ 90 മിനിറ്റിൽ ശരിക്കും മൈതാനം ഭരിച്ചത് ലാറ്റിൻ അമേരിക്കക്കാരായിരുന്നു. അതുകൊണ്ടുതന്നെ, ഏറ്റവും മികച്ചവരെന്നു കരുതിയ ഒളിവർ ജിറൂദ്, ഉസ്മാൻ ഡെംബലെ എന്നിവരെ ആദ്യ പകുതിയിൽ തന്നെ ദെഷാംപ്സിന് പിൻവലിക്കേണ്ടിവന്നു. പകരം വന്ന കോലോ മുലാനിയും മാർകസ് തുറാനിയുമായിരുന്നു പിന്നീട് ഫ്രഞ്ച് മുന്നേറ്റത്തിൽ നിറഞ്ഞത്. അതുവരെയും ഒന്ന് പരീക്ഷിക്കപ്പെടുക പോലും ചെയ്യാതിരുന്ന മാർടിനെസ് വലയിൽ പന്തെത്തി തുടങ്ങി. മുവാനിയെ ഓട്ടമെൻഡി വീഴ്ത്തിയതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്. എംബാപ്പെ ഗോളാക്കിയത്.
മറുവശത്ത്, രണ്ടാം പകുതിയിൽ സ്കലോണി ഡി മരിയയെ പിൻവലിച്ചത് തിരിച്ചടിയാകുകയും ചെയ്തു.
എന്നിട്ടും മെസ്സിയെന്ന രാജാവായിരുന്നു ശരിക്കും ലുസൈൽ കളിമുറ്റത്തെ സുൽത്താൻ. 108ാം മിനിറ്റിൽ താരം പിന്നെയും ഗോളടിച്ചു. അത് എംബാപ്പെ പിന്നെയും ഇല്ലാതാക്കിയെങ്കിലും ഷൂട്ടൗട്ട് വിധി നിർണയിച്ചു.
കിങ്സ്ലി കോമാന്റെ ഷോട്ട് അനായാസം തടുത്തിട്ട മാർടിനെസ് ഷൂമേനിയെ കൊണ്ട് പുറത്തേക്ക് അടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.