കുവൈത്ത് സിറ്റി: ഖത്തർ ലോകകപ്പ് ഫുട്ബാളിൽ മികച്ച പ്രകടനം നടത്തുകയും സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്ത മൊറോക്കോക്ക് കുവൈത്തിന്റെ അഭിനന്ദനം. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ മൊറോക്കോയെ അഭിനന്ദിച്ചു. മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമന്‍ മൂവരും പ്രത്യേക സന്ദേശവുമയച്ചു.
മൊറോക്കൻ ടീമിന്റെ മികച്ച പ്രകടനവും ടീം സ്പിരിറ്റും മികവുറ്റതായിരുന്നെന്ന് അമീർ ചൂണ്ടിക്കാട്ടി. തുടർന്നും അന്താരാഷ്ട്ര, പ്രാദേശിക ചാമ്പ്യൻഷിപ്പുകളിൽ ടീമിന് മികച്ച പ്രകടനം നടത്താനാകട്ടെ, ടീമിന് എല്ലാ ഭാഗ്യവും വിജയവും നേരുന്നതായും അമീർ സന്ദേശത്തിൽ വ്യക്തമാക്കി. മൊറോക്കൻ രാജാവിനും രാജ്യത്തിനും കൂടുതൽ പുരോഗതി കൈവരട്ടെയെന്നും അമീർ ആശംസിച്ചു. ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനമാണ് മൊറോക്കോ പുറത്തെടുത്തതെന്നും തുടർന്നും വിജയങ്ങൾ നിലനിർത്താനാകട്ടെ എന്നും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും അഭിനന്ദനം അറിയിച്ച് മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമന്‍ സന്ദേശമയച്ചു. ലോകകപ്പിൽ ചരിത്രപ്രകടനമാണ് മൊറോക്കോ നടത്തിയതെന്ന് സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ലോകകപ്പിൽ മികവാർന്ന മുന്നേറ്റം നടത്തിയ മൊറോക്കോ സെമിഫൈനലിൽ ഫ്രാൻസിനോട് തോൽക്കുകയായിരുന്നു. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ശനിയാഴ്ച മൊറോക്കോ ക്രൊയേഷ്യയെ നേരിടുന്നുണ്ട്. ലോകകപ്പ് സെമിഫൈനലിൽ എത്തുന്ന ആദ്യ അറബ്-ആഫ്രിക്കൽ ടീമാണ് മൊറോക്കോ. കുവൈത്തിൽനിന്ന് ടീമിന് വലിയ പിന്തുണ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.