പരിശീലക പദവിയിൽ മൂന്നുമാസം മാത്രം; മൊറോക്കോയുടെ സ്വന്തം റഗ്റാഗൂയിയാണ് താരം

മൂന്നു മാസം മുമ്പ് പരിശീലന ചുമതലയേറ്റെടുത്ത ശേഷം ഇത്രയേറെ വലിയ ഉയരങ്ങളിലേക്ക് ടീം അതിവേഗം പന്തടിച്ചുകയറുമെന്ന് വലീദ് റഗ്റാഗൂയി കരുതിയിട്ടുണ്ടാകില്ല. നാലു കോടി തികച്ച് ജനസംഖ്യയില്ലാത്ത മൊറോക്കോയെന്ന ആഫ്രിക്കൻ രാജ്യം ഖത്തർ മണ്ണിൽ ചെയ്തുകൂട്ടിയതത്രയും ചരിത്രം. ​സെമി കളിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം, ആദ്യ അറബ് പ്രതിനിധിയും. ഇവിടെ അവസാനിപ്പിച്ച് തിരിച്ച് നാട്ടിലേക്ക് വിമാനം കയറാനല്ല ടീം ഇന്ന് ഫ്രാൻസിനെതിരെ ഇറങ്ങുന്നത്. അതും ജയിച്ച് അർജന്റീനക്കെതിരെ ഫൈനൽ കളിക്കണം.

വലീദ് എന്ന പരിശീലകനാണ് ടീമിനെ അക്ഷരാർഥത്തിൽ മാറ്റിയെടുത്തത്. പ്രചോദനം നൽകുന്ന വലിയ നായകനായി മുന്നിൽ നിൽക്കുമ്പോഴും ടീം മാനേജ്മെന്റിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്തയാൾ. ഓരോ കളിക്കാരനുമായും ഉറ്റത്ത ആത്മബന്ധം സൂക്ഷിക്കുന്നതിൽ മിടുക്കൻ. ഒപ്പം, ഓരോ കളിക്കാരന്റെയും പരമാവധി മൈതാനത്ത് ലഭ്യമാകും വിധം ടീം ഗെയിമിന്റെ വക്താവും. പ്രതിരോധം കടുപ്പിക്കുമ്പോഴും കാലിലെത്തുന്ന അർധാവസരങ്ങളിൽ ഇരച്ചുകയറി എതിർവല കുലുക്കാൻ ശേഷിയുള്ള ആക്രമണത്തിന്റെ് വക്താവ്. മുന്നിൽ എതിർടീം മൊത്തമുണ്ടാകുമ്പോഴും പതറാതെ പാസിങ് കളിക്കുന്ന കളിക്കൂട്ടത്തെ ഏതുടീമും ഇന്ന് ശരിക്കും ഭയക്കുന്നുണ്ട്. സെമിയിൽ എതിരാളികളായെത്തുന്ന ഫ്രാൻസ് നായകൻ ​ഹ്യുഗോ ലോറിസ് കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ തന്റെ ആധി പരസ്യമാക്കിയത് നാം കേട്ടത്.

ഈ ടീമിനെ ഇത്രയൊക്കെ ആക്കിയത് കോച്ചാണെന്ന് പറയുന്നു, മുൻ താരം റാശിദ് അസ്സൂസി. ''ഓരോ താരവും ഈ പരിശീലകനെ ആദരിക്കുന്നു. അയാൾ വരച്ചുനൽകുന്ന കളി മൈതാനത്ത് സാധ്യമാക്കാൻ പണിയെടുക്കുകയും ചെയ്യുന്നു''- നാലു പതിറ്റാണ്ടായി പാരിസ് തെരുവുകളിൽ ജീവിതം കരുപ്പിടിപ്പിക്കുന്ന മാതാവ് ഫാതിമയുടെ പൊന്നുമോൻ നൽകുന്ന വലിയ പാഠങ്ങളിലലിഞ്ഞുനിൽക്കുകയാണ് ടീമിപ്പോൾ.

യൂസുഫ് അന്നസീരിയെ ടീമിലെടുക്കുമ്പോൾ കടുത്ത വിമർശനമായിരുന്നു തുടക്കത്തിൽ ഉയർന്നത്. എന്നാൽ, അയാളിപ്പോൾ ടീമിന്റെ വിജയ നായകനാണ്. ​ഖത്തർ ലോകകപ്പിൽ ടീമിന്റെ ടോപ്സ്കോറർ. ഓരോ താരത്തിനും ഇതുപോലൊരു കഥയുണ്ട്, റഗ്റാഗൂയിയുമായി ബന്ധപ്പെട്ട്.

ആഗസ്റ്റിൽ പരിശീലക പദവിയേറ്റെടുത്തയുടൻ അദ്ദേഹം താരങ്ങളെ അടുത്തുവിളിച്ച് പറഞ്ഞത് ​വേഗം മടങ്ങാമെന്നുള്ള ഒരാളും തന്റെ ടീമിൽ വരരുതെന്നാണ്. 'സ്വപ്നം കാണാനും വിശ്വസിക്കാനും കരുത്തുകാട്ടണം''- ഇതായിരുന്നു ഉപദേശം. ഹകീം സിയെഷ് (ചെൽസി), നുസൈർ മസ്റൂഇ (ബയേൺ) അശ്റഫ് ഹകീമി (പി.എസ്.ജി) തുടങ്ങിയ മുൻനിരക്കാർ കൂട്ടിനുള്ള ടീമിന് എന്തുമാകുമെന്ന് അദ്ദേഹം ഓതിക്കൊടുത്തു.

മുമ്പ് കാര്യമായ റെക്കോഡുകൾ കൂട്ടില്ലാത്ത ടീമാണ് അതോടെ പുതുചരിത്രത്തിലേക്ക് അതിവേഗം ചുവടുവെച്ചത്. കൂട്ടുനൽകി മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനും മുന്നിൽനിന്നു. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പ് ജയിച്ചാണ് ടീം ലോകകപ്പിനെത്തിയത്. വനിതകൾ ആദ്യ വനിത നേഷൻസ് കപ്പ് ഫൈനലിലുമെത്തി. ഒന്നര പതിറ്റാണ്ടു മുമ്പുവരെ ദേശീയ ടീമി​ൽ അംഗമായിരുന്ന റഗ്റാഗൂയിക്ക് കളിപ്പിക്കാൻ മാത്രമല്ല, കളിക്കാനും അറിയാം. അതാണ് ടീമിന്റെ വിജയമന്ത്രവും.

പ്രതിരോധത്തിൽ ഊന്നിയാണ് റഗ്റാഗൂയി തന്ത്രങ്ങളൊരുക്കുന്നത്. എന്നാൽ, പ്രത്യാക്രമണത്തിന്റെ വശ്യതയും വന്യതയും ഏതു എതിർ ടീമിനെയും അമ്പരപ്പിക്കും. സാ​ങ്കേതികത്തികവും ഊർജവുമാണ് മൊറോക്കോയുടെ മികവെന്നു പറയുന്നു, മുൻ രാജ്യാന്തര താരം ദിദിയർ ദ്രോഗ്ബ.

ആഫ്രിക്കൻ കോച്ചുമാർ പൊതുവെ യൂറോപിലെ ക്ലബുകളുടെ ഇഷ്ട പരിശീലകരാകാറില്ല. എന്നാൽ, ഈ ലോകകപ്പ് കഴിയുന്നതോടെ വലീദ് റഗ്റാഗൂയിക്കു പിന്നാലെ പല ക്ലബുകളുമുണ്ടാകുമെന്ന് സൂചന നൽകുന്നു, മാധ്യമങ്ങൾ. 

Tags:    
News Summary - World Cup 2022: Morocco coach Walid Regragui reaps rewards of investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.