'സുവർണ തലമുറ'യും കരകടത്തിയില്ല​; ലോകകപ്പിൽ ബെൽജിയത്തിന് കാത്തിരിപ്പ് മാത്രം

ക്രൊയേഷ്യക്കെതിരെ നിർണായക മത്സരത്തിൽ ഒരു ഗോൾ പോലും നേടാനാകാതെ സമനിലയുമായി തിരിച്ചുകയറുമ്പോൾ കണ്ണീർച്ചാലൊഴുകുകയായിരുന്നു ബെൽജിയം താരങ്ങളുടെയും ആരാധകരുടെയും മുഖത്ത്. ഏറ്റവും മികച്ച താരനിരയെന്ന പോരിശയുമായാണ് ഇത്തവണ ലോകകപ്പിലേക്ക് ടീം ടിക്കറ്റെടുത്തത്. കെവിൻ ഡി ബ്രുയിൻ, ലുക്കാക്കു, ഹസാർഡ് സഹോദരങ്ങൾ മുതൽ ഗോൾവല കാത്ത് തിബോ കൊർടുവ വരെ. ഇളമുറക്കാരായി അമദൂ ഒനാനയും ജെറമി ഡോകുവും. 2018 മുതൽ 2022 മാർച്ചു മാസം വരെ​ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാത്ത സൂക്ഷിച്ചവർ. റോബർട്ടോ മാർടിനെസ് പരിശീലകനായ ടീം ഏതു കൊലകൊമ്പന്മാരെയും കെട്ടുകെട്ടിക്കാൻ പോന്നവരെന്ന് ലോകം ഒറ്റക്കെട്ടായി വിധിയെഴുതി. എന്നിട്ടും പക്ഷേ, ഒന്നും സംഭവിച്ചില്ല. കളി ലോകമാമാങ്കമാകുമ്പോൾ പതിവുപോലെ ടീം വീഴ്ചകളിൽനിന്ന് വൻവീഴ്ചയിലേക്കു വീണു. ആദ്യ റൗണ്ടിൽ പുറത്തും. 2018 ലോകകപ്പിൽ ടീം മൂന്നാം സ്ഥാനം പിടിച്ചവരായിരുന്നതു പോലും ഇത്തവണ തുണച്ചില്ല. അന്ന് ക്വാർട്ടറിൽ ബ്രസീലിനെ കടന്ന് സെമിയിലെത്തിയ ടീം ചാമ്പ്യൻ ടീമായ ഫ്രാൻസിനു മുന്നിൽ മുട്ടുമടക്കിയാണ് കലാശപ്പോരു കാണാതെ മടങ്ങിയത്. എന്നിട്ടും 'തോറ്റവരുടെ ഫൈനൽ' ജയിക്കുകയും ചെയ്തു. 2014ലും രണ്ടു വർഷം കഴിഞ്ഞും യൂറോ കപ്പ് ക്വാർട്ടർ വരെ കളിച്ചെന്ന റെക്കോഡ് കുറെകൂടി മെച്ചപ്പെടുത്തിയ ആ പ്രകടനമായിരുന്നോ ടീമിന്റെ സുവർണ കാലം? 2020ലും യൂറോ ക്വാർട്ടറിൽ തോറ്റ ടീമിന് പിന്നീടൊന്നും ശരിയായിട്ടില്ല.

ഡി ബ്രുയിനും ഹസാർഡിനുമിപ്പോൾ പ്രായം 31. സെന്റർ ബാക്ക് ജാൻ വെർട്ടോങ്ഗൻ, ടോബി ആൽഡർവെയറൽഡ് എന്നിവക്ക് 35ഉം 33ഉം. ഗോളി ​കൊർടുവക്കും 30 ആണ് പ്രായം. ലുക്കാക്കുവിന് 29ഉം. എന്നുവെച്ചാൽ, ഈ ലോകകപ്പിനെത്തിയ 32 കളിസംഘങ്ങളുടെ ശരാശരി പ്രായം പരിഗണിച്ചാൽ വെറ്ററൻ പടയാണ് ബെൽജിയം.

അതുകൊണ്ടു കൂടിയാകണം, എല്ലാ രാജ്യങ്ങൾക്കും മോഹമുണ്ടെന്നും അതിനാൽ ബെൽജിയം തലയുയർത്തിപ്പിടിച്ചുതന്നെയാണ് മടങ്ങുന്നതെന്നും കോച്ച് മാർടിനെസ് പറഞ്ഞത്.

Tags:    
News Summary - World Cup 2022: 'Time for new era' as Belgium's golden generation fails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.