ക്രൊയേഷ്യയെ വിറപ്പിച്ച് ജപ്പാൻ; ഒരു ഗോളിന് മുന്നിൽ

പതിവുപോലെ എതിരാളികളെ കളിക്കാൻവിട്ടും കിട്ടിയ അവസരങ്ങളെ ഗോളിനരികെ തടഞ്ഞിട്ടും മനോഹരമായി മൈതാനം ഭരിച്ച ഏഷ്യൻ സിംഹങ്ങൾക്ക് ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡ്. പെരിസിച്ചും ​മോഡ്രിച്ചും ചേർന്ന് പലവട്ടം ജപ്പാൻ ഗോൾമുഖം പരീക്ഷിച്ച പ്രീക്വാർട്ടറിലാണ് ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഡെയ്സൻ മെയ്ദ നേടിയ ഗോളിന് ഏഷ്യൻ സിംഹങ്ങൾ മുന്നിലെത്തിയത്.

കാനഡയെ ഒരു ഗോളിന് പിന്നിൽനിന്ന ശേഷം 4-1ന് തകർത്തുവിടുകയും ബെൽജിയം, മൊറോക്കോ ടീമുകളുമായി സമനില പാലിക്കുകയും ചെയ്താണ് ക്രൊയേഷ്യ ഗ്രൂപിലെ രണ്ടാമന്മാരായി നോക്കൗട്ടിലെത്തിയിരുന്നത്. മറുവശത്ത്, സ്‍പെയിൻ, ജർമനി എന്നീ കൊല കൊമ്പന്മാരെ മുട്ടുകുത്തിച്ചായിരുന്നു ജപ്പാന്റെ വരവ്. അതേ കളി തുടരാൻ തന്നെയാണ് തീരുമാനമെന്ന വിളംബരമായി കളി തണുപ്പിച്ച ജപ്പാൻ പകുതിയിലായിരുന്നു തുടക്കത്തിൽ കളി. ഒന്നിലേറെ അവസരങ്ങൾ ഈ സമയം ക്രൊയേഷ്യ സൃഷ്ടിക്കുകയും ചെയ്തു. ഗോളെന്നുറച്ച ഒന്നിലേറെ നീക്കങ്ങൾ ഗോളിയുടെ കരങ്ങളിൽ തട്ടിയും പ്രതിരോധ നിരയുടെ ഇടപെടലിലും വഴിമാറി.

ഇതിനൊടുവിലാണ് അവസാന മിനിറ്റുകളിൽ ജപ്പാൻ പടയോട്ടം ആരംഭിക്കുന്നത്. അതിവേഗം കൊണ്ട് ക്രൊയേഷ്യൻ മധ്യനിരയെയും ​​പ്രതിരോധത്തെയും പലവട്ടം മുനയിൽനിർത്തിയ ജപ്പാൻ താരങ്ങൾ നിരന്തരം അപകട സൂചന നൽകി. പല കാലുകൾ മാറിയെത്തി 41ാം മിനിറ്റിൽ ക്രൊയേഷ്യൻ വല കുലുങ്ങിയെന്ന് തോന്നിച്ചെങ്കിലും വല കുലുങ്ങിയില്ല. എന്നാൽ, എല്ലാം ഉറപ്പിച്ചുകഴിഞ്ഞെന്ന മട്ടിൽ ആക്രമണത്തിന്റെ അലമാല തീർത്ത ജപ്പാൻ തൊട്ടുപി​റകെ ഗോൾ നേടി. സമാനമായൊരു നീക്കത്തിലായിരുന്നു ഗോൾ എത്തുന്നത്. ക്രൊയേഷ്യക്കെതിരെ ലഭിച്ച ​കോർണർ കിക്കിൽ കാൽവെച്ച് ഡെയ്സൻ ഗോളാക്കി മാറ്റുകയായിരുന്നു. 

Tags:    
News Summary - World Cup: Japan 1-0 Croatia - Maeda opens scoring before break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.