​വമ്പൻ അട്ടിമറികളുമായി ആഫ്രിക്കയെ കാൽപന്തു ചരിത്രത്തിൽ തുല്യതകളില്ലാത്ത നേട്ടങ്ങളിലേക്ക് വഴി നടത്തി ലോകകപ്പിൽ മൊറോക്കോയുടെ സെമിപ്രവേശം. യൂസുഫ് അൽനസീരി എന്ന അതികായൻ മുന്നിലും അതി​ലേറെ കരുത്തോടെ യാസീൻ ബോനോ ഗോൾവലക്കരികിലും നയിച്ച വീരോചിത പ്രകടത്തിന്റെ കരുത്തിലാണ് പറങ്കിപ്പടയെ മൊറോക്കോ മുക്കിയത്. ഇതോടെ ആഫ്രിക്കയിൽനിന്ന് ആദ്യമായി സെമിയിലെത്തുന്ന ടീമായി മൊറോക്കോ. ആദ്യ പകുതിയിൽ യൂസുഫ് അൽനസീരി നേടിയ ഏകഗോളാണ് ടീമിന് ലോകകപ്പ് അവസാന നാലിലേക്ക് ടിക്കറ്റുറപ്പിച്ചത്. എന്നാൽ, അഞ്ചാം ലോകകപ്പ് കളിച്ചിട്ടും ഒറ്റ തവണയും കിരീടമില്ലാതെ ക്രിസ്റ്റ്യാനോക്ക് മടക്കവും ഈ കളിയോടെ കുറിക്കപ്പെട്ടു.

ആഫ്രിക്കയെ ചരിത്രത്തിലാദ്യമായി ലോകകിരീടത്തിലേക്ക്, ചുരുങ്ങിയ പക്ഷം സെമിവരെയെങ്കിലും പന്തടിച്ചുകയറ്റുകയെന്ന വലിയ ദൗത്യവുമായി തുമാമ മൈതാനത്ത് ആർപ്പുവിളിച്ചെത്തിയ പതിനായിരങ്ങളെ സാക്ഷി നിർത്തിയായിരുന്നു മൊറോക്കോ കരുത്തരായ പോർച്ചുഗലിനെതിരെ ഇറങ്ങിയത്. വിജയം ലക്ഷ്യമിട്ട് നായകൻ ക്രിസ്റ്റ്യാനോയെ പുറത്തിരുത്തി പറങ്കിപ്പട ആക്രമണത്തിന് മൂർച്ചകൂട്ടിയപ്പോൾ കളി തുടക്കം മുതൽ ആവേശകരമായി. പന്തിനുമേൽ നിയന്ത്രണം പലപ്പോഴും പോർച്ചുഗൽ കാലുകളിലായപ്പോഴും ​പൊടുന്നനെയുള്ള ഇരച്ചുകയറ്റത്തിലൂടെ ആഫ്രിക്കൻ സംഘം ഉദ്വേഗം ഇരട്ടിയാക്കി. പഴുതനുവദിക്കാത്ത പ്രതിരോധവുമായി പിൻനിര കോട്ടക്കു മുന്നിൽ നിലയുറപ്പിച്ചപ്പോൾ കിട്ടുന്ന പന്തുമായി അതിവേഗം എതിർനിരയിലേക്ക് പാഞ്ഞു കയറി മധ്യനിരയും മുന്നേറ്റവും മൊറോക്കോ സ്വപ്നങ്ങൾക്ക് നിറം പകർന്നു.

അവസരം സൃഷ്ടിക്കുന്നതിൽ ഇരു ടീമും ഏതാണ്ട് തുല്യത പാലിച്ച കളിയിൽ ആദ്യ ഗോളവസരം സൃഷ്ടിക്കുന്നത് പോർച്ചുഗൽ. ജോ ഫെലിക്സിന്റെ നീക്കം പക്ഷേ, വലിയ അപകടങ്ങളില്ലാതെ ഒഴിവായി. എന്നാൽ, ഈ ലോകകപ്പിൽ ഒരു സെൽഫ് ഗോളല്ലാതെ ഒന്നും വഴങ്ങാത്തവരെന്ന റെക്കോഡ് സ്വന്തമായുള്ള മൊറോക്കോ നടത്തിയ പല നീക്കങ്ങളും അതേക്കാൾ അപകടസൂചന നൽകി.

ഇത്തരം അപകടകരമായ പ്രത്യാക്രമണങ്ങളിലൊന്നായിരുന്നു മൊറോക്കോ മുന്നിലെത്തിയ ഗോളിന്റെ പിറവി. പെനാൽറ്റി ബോക്സിലെത്തിയ ​പന്തിൽ ഉയർന്നുചാടിയ യൂസുഫ് അൽനസീരിയായിരുന്നു സ്കോറർ.

അതിവേഗവും കളിയഴകും സമം ചേർന്ന നീക്കങ്ങൾ പലതുകണ്ട മത്സരത്തിൽ ​പൊസഷനിൽ​ പോർച്ചുഗൽ മുന്നിൽ നിന്നെങ്കിലും മറ്റെല്ലാം മൊറോക്കോക്കൊപ്പമായിരുന്നു.

ഗോൾ മടക്കുകയെന്ന ശ്രമകരമായ ദൗത്യവുമായാണ് ഇടവേള കഴിഞ്ഞ് പോർച്ചുഗൽ എത്തിയത്. പലവട്ടം ഗോളിനരികെയെത്തിയ പ്രകടനവുമായി ടീം കളം നിറഞ്ഞെങ്കിലും ലക്ഷ്യം അകന്നുനിന്നു. ബ്രൂണോ ഫെർണാണ്ടസ് വല നെയ്ത് എത്തിയ നീക്കങ്ങളായിരുന്നു ഏറ്റവും അപകടം വിതച്ചത്. ഒന്നിലേറെ തവണ താരം അടിച്ച ഷോട്ടുകൾ നിർഭാഗ്യത്തിന് പുറത്തേക്കു പോയി. അതിനിടെ മുൻകളിയിലെ ഹാട്രിക്കുകകാരൻ ഗോൺസാലോ റാമോസിന്റെ ഒരു നീക്കവും മൈതാനത്തുകണ്ടു. തലവെച്ചത് പക്ഷേ, പോസ്റ്റിനു പുറത്തേക്കു പോയി.

അതിനിടെ പരിക്കിൽ വലഞ്ഞ ക്യാപ്റ്റൻ റുമൈൻ സാഇസിനെ മൊറോക്കോ പിൻവലിക്കുന്നതും മൈതാനം കണ്ടു. അശ്റഫ് ദരിയായിരുന്നു പകരം എത്തിയത്. ക്രിസ്റ്റ്യാനോ നീക്കങ്ങളെ തടയുകയെന്ന ദൗത്യം കാലുകളിലേറ്റി എത്തിയ താരം​ വൈകാതെ മഞ്ഞക്കാർഡും കണ്ടു. ഗോൾ വിട്ടുനൽകാതെ പിടിച്ചുകെട്ടുകയെന്ന ജോലി വൃത്തിയായി സൂക്ഷിച്ച് അപ്പോഴും മൊറോക്കോ പ്രതിരോധം തളരാതെ നിന്നു.

ഗോളിനായി ദാഹിച്ച് പോർച്ചുഗൽ നിര എതിർ പകുതിയിൽ തമ്പടിച്ചുനിന്നത് പലപ്പോഴും സ്വന്തം ഗോൾമുഖത്ത് അപകടം സൃഷ്ടിക്കുന്നതിനും സാക്ഷ്യം വഹിച്ചു. 75, 78 മിനിറ്റുകളിൽ കണ്ട സമാന നീക്കങ്ങൾ ഭാഗ്യത്തിനാണ് ഗോളാകാതെ പോയത്. ഗോളടിക്കാനായി എത്തിയ ക്രിസ്റ്റ്യാനോ ​പന്തുകിട്ടാതെ ഉഴറുന്നതിനിടയിലും മറ്റുള്ളവർ കളി കനപ്പിച്ചു. ഗോളി യാസീൻ ബോനോ ചോരാത്ത കൈകളുമായി വലക്കുമുന്നിൽ നിറഞ്ഞുനിന്ന​ത് മൊറോക്കോക്ക് തുണയായി. അവസാന മിനിറ്റുകളിൽ രണ്ടുവട്ടം ക്രിസ്റ്റ്യാനോ ഗോളിനരികിലെത്തി. യാസീൻ ബോനോയുടെ കൈകളായിരുന്നു അപ്പോഴൊക്കെയും മറയായി നിന്നത്.

ഇഞ്ച്വറി സമയത്തേക്കു നീങ്ങിയ കളിയിൽ ഇരുപകുതികളിലും പന്ത് അനായാസം കയറിയിറങ്ങിയത് എന്തും സംഭവിക്കാമെന്ന സ്ഥിതിയായി. പലരും പരിക്കിൽ വലഞ്ഞ് മുടന്തുകയും ഒരാൾ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്താകുകയും ചെയ്തിട്ടും മൊറോക്കോ നടത്തിയ മനോഹരമായ നീക്കങ്ങളും ഒട്ടും വിടാതെ പിടിച്ച പ്രതിരോധവും അതിനിടെ പ്രശംസ പിടിച്ചുപറ്റി.

കളി കഴിഞ്ഞ് ടീം സെമി ഉറപ്പാക്കിയതോടെ ഇതിലേറെ വലിയ നേട്ടങ്ങൾ കാത്തിരിക്കുന്നുവെന്ന സാധ്യതയും സാഇസിനും സംഘത്തിനും മുന്നിൽ തെളിഞ്ഞു. അശ്റഫ് ഹകീമി, ഹകീം സിയാഷ്, ബൂഫൽ എന്നിവർ നയിക്കുന്ന കളിസംഘത്തിനു മുന്നിൽ കാത്തിരിക്കുന്നത് വമ്പൻ ടീമുകളാകും. 

Tags:    
News Summary - World Cup: Morocco stun Portugal to reach historic semi-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.