സെമിയിലെ വീഴ്ച മൊറോക്കോ ചരിത്രനേട്ടങ്ങളെ ചെറുതാക്കുന്നില്ലെന്ന് കോച്ച് റഗ്റാഗി

ദോഹ: ലോകകപ്പ് സെമിയിൽ ഫ്രാൻസിനു മുന്നിൽ വീണ് രാജോചിതമായി മടങ്ങുമ്പോൾ മൊറോക്കോയും ആരാധകരും നിരാശപ്പെടേണ്ടതില്ലെന്ന് കോച്ച് വലീദ് റഗ്റാഗി. ''ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതായിരുന്നു ഏറ്റവും പ്രധാനം. ചിലർക്ക് പരിക്കുണ്ടായിരുന്നു. വാംഅപ്പിനിടെ അഗ്യൂഡ്, സായിസ്, മസ്റൂഇ എന്നിവരെ നഷ്ടമായി... എന്നാലും ന്യായം പറയാനില്ല''- റഗ്റാഗി പറഞ്ഞു.

'ഏറ്റവും ചെറിയ അബദ്ധത്തിന് വലിയ വില നൽകേണ്ടിവന്നു. നന്നായി കളിക്കാനായില്ല. ആദ്യ പകുതിയിൽ സാ​ങ്കേതിക പിഴവുകളേറെയുണ്ടായി. എന്നാൽ, രണ്ടാം ഗോൾ വീണത് ഞങ്ങളെ ഇല്ലാതാക്കി കളഞ്ഞു. എന്നാലും, ഇത്രയും നാൾ കൊണ്ട് ഞങ്ങൾ എത്തിപ്പിടിച്ചതൊന്നും ഇതുകൊണ്ട് ഇല്ലാതാകുന്നില്ല''- കോച്ച് വിശദീകരിച്ചു.

പരിക്കിന്റെ പിടിയിലായിട്ടും എതിരാളികൾ കൂടുതൽ കരുത്തരായതിനാൽ നായിഫ് അഗ്യൂഡ്, റുമൈൻ സാഇസ്, നുസൈർ മസ്റൂഇ എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ കോച്ചിന് പലഘട്ടങ്ങളിലായി എല്ലാവരെയും പിൻവലിക്കേണ്ടിവന്നിരുന്നു. പിൻനിരയിലെ ഏറ്റവും കരുത്തനായ നായിഫ് അഗ്യൂഡിനെ വാംഅപ്പിനിടെ തന്നെ വേണ്ടെന്നുവെച്ച കോച്ച് സാഇസിനെ 20 മിനിറ്റു കഴിഞ്ഞും മസ്റൂഇയെ ആദ്യ പകുതിക്കൊടുവിലും തിരിച്ചുവിളിച്ചു. ഫ്രാൻസ് ഒരു ഗോളിന് മുന്നിൽനിൽക്കെയായിരുന്നു ഏറ്റവും കരുത്തരായ മൂന്നു പേർ കരക്കിരു​ക്കേണ്ടിവന്നത്. മൂവർക്കും പരിക്ക് പ്രശ്നമാണെന്ന് കളിക്കു മുന്നേ റിപ്പോർട്ടുണ്ടായിരുന്നു. എന്നിട്ടും, സമ്മർദം പരിഗണിച്ച് ഇറക്കാമെന്ന തീരുമാനം ഫലം ചെയ്തില്ലെന്നു മാത്രമല്ല, പ്രത്യാക്രമണത്തിന് മൂർച്ച കുറക്കുകയും ചെയ്തു.

വിങ്ങിലൂടെയുള്ള കുതിപ്പാണ് ഫ്രാൻസിന്റെ വജ്രായുധമെന്ന തിരിച്ചറിവിൽ ഇവിടെ കോട്ടകെട്ടിയത് വിജയമായെങ്കിലും അവസാന മിനിറ്റുകളിൽ എംബാപ്പെ അസിസ്റ്റിൽ പിറന്ന ഗോൾ അതും പരാജയപ്പെടുത്തി. രണ്ടാം ഗോൾ വീണതോടെ മൊറോക്കോ ആക്രമണത്തിന്റെ ഊർജം തീർന്നുപോകുകയും ചെയ്തു.

ലോകകപ്പ് സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ രാജ്യമായ മൊറോക്കോക്ക് ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയാണ് എതിരാളികൾ. അവിടെയും ഈ മൂന്ന് വൻസ്രാവുകളുടെ പരിക്ക് വില്ലനാകുമോയെന്നാണ് കോച്ചിന്റെ ആധി. ഇതുവരെയും പരീക്ഷിക്കപ്പെടാത്തവർക്ക് അടുത്ത കളിയിൽ അവസരം നൽകുമെന്ന് റഗ്റാഗി പറഞ്ഞു. 

Tags:    
News Summary - World Cup: Semi-final defeat doesn't wipe out success, says Morocco coach Regragui

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.