രാജ്യങ്ങളെ മാറ്റി വൻകരകളെ എതിർപക്ഷങ്ങളിൽ പ്രതിഷ്ഠിച്ചാൽ ലോകകപ്പുകൾ എന്നും യൂറോപ്പും തെക്കനമേരിക്കയും തമ്മിലുള്ള പോരാട്ടങ്ങളാണ്. ബ്രസീലും അർജന്റീനയും ഉറുഗ്വായിയും നയിക്കുന്ന തെക്കനമേരിക്കൻ കളിയഴകിനെതിരെ ജർമനിയും ഫ്രാൻസും ഇറ്റലിയും ഇംഗ്ലണ്ടും നെതർലൻഡ്സുമടങ്ങുന്ന യൂറോപ്പിന്റെ ശാസ്ത്രീയ സമവാക്യങ്ങൾ നേർക്കുനേർ അടരാടാനിറങ്ങുന്ന അങ്കത്തട്ട്.

ചരിത്രത്തിൽ ആദ്യമായി ശിശിരകാലത്ത് ഒരു വിശ്വമേളക്ക് ഖത്തറിൽ പന്തുരുളുമ്പോൾ പോരാട്ടച്ചൂടിനെ അതിജയിക്കുന്നത് ഏത് വൻകരയാകും? യോഗ്യത റൗണ്ട് പോരാട്ടങ്ങളും സൗഹൃദ മത്സരങ്ങളും ഉരകല്ലാണെങ്കിൽ ഖത്തർ ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകൾ ബ്രസീലും അർജന്റീനയും തന്നെ.

കഴിഞ്ഞ നാലു ലോകകപ്പുകളും ജയിച്ചത് യൂറോപ്യൻ ടീമുകളാണെന്നിരിക്കേ, രണ്ടു പതിറ്റാണ്ടായി കപ്പിൽ തെക്കനമേരിക്കക്കാരുടെ മുത്തം പതിഞ്ഞിട്ട്. കഴിഞ്ഞ ലോകകപ്പിലാകട്ടെ, നാലു സെമിഫൈനലിസ്റ്റുകളും യൂറോപ്പിൽനിന്നായിരുന്നു.

കളിയുടെ 'സമ്പദ്ഘടനയെ' നിയന്ത്രിക്കുകയും പുത്തൻ താരോദയങ്ങൾക്ക് അരങ്ങൊരുക്കുകയും ചെയ്യുന്ന യൂറോപ്യൻ ആധിപത്യത്തിന്റെ ചുവടുതെറ്റിച്ച് തെക്കനമേരിക്ക ഡ്രിബ്ൾ ചെയ്ത് കയറുന്നുവെന്ന തോന്നലുകൾക്കൊപ്പമാണ് ലോകകപ്പിന് മുന്നോടിയായി പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നത്.

സാധ്യതകളിൽ അർജന്റീനയും ബ്രസീലും...

റഷ്യയിലേറ്റ തിരിച്ചടികളെല്ലാം മറന്നേക്കൂ...ലയണൽ സ്കലോണിക്കു കീഴിൽ അർജന്റീന അജയ്യസംഘമായി മാറിക്കഴിഞ്ഞിരിക്കുന്നു. 2019 കോപ അമേരിക്ക ഫൈനലിൽ തോറ്റശേഷം ഇതുവരെ ബൂട്ടുകെട്ടിയിറങ്ങിയ ഒരു കളിയിലും ലയണൽ മെസ്സിയും സംഘവും പരാജയം രുചിച്ചിട്ടില്ല.

യൂറോപ്പും തെക്കനമേരിക്കയും 'നേരങ്കം' കുറിച്ച ഫൈനലിസ്സിമയിൽ ഇറ്റലിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് നിലംപരിശാക്കിയ അർജന്റീനയുടെ ഖത്തറിലേക്കുള്ള വിളംബരഭേരി കൂടിയായിരുന്നു അത്. പ്രായത്തിനു കീഴടങ്ങാത്ത മെസ്സി മികവിന്റെ പൂർണതയിലാണിപ്പോഴും.

മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി അർജന്റീന അയാളെ മാത്രം ആശ്രയിച്ചല്ല കളി മെനയുന്നതെന്നത് ശ്രദ്ധേയം. മെസ്സിക്കു ചുറ്റുമായി ഒത്തിണക്കവും താളബോധവുമുള്ള ടീമിനെ സ്കലോണി ഇതിനകം കെട്ടിപ്പടുത്തിരിക്കുന്നു. പന്തു കിട്ടുമ്പോഴെല്ലാം മെസ്സിയിലേക്ക് പാസ് ചെയ്ത് അത്ഭുതങ്ങൾക്ക് കാത്തിരിക്കുകയെന്ന പതിവുപദ്ധതികളല്ല, ഇന്നവരെ നയിക്കുന്നത്.

ബ്രസീലിന്റെ പരിണാമവും ഏറക്കുറെ ഇതിന് സമാനം. പ്രതിരോധ നീക്കങ്ങൾക്ക് പ്രാമുഖ്യം നൽകിയുള്ള പഴയ പദ്ധതികളൊക്കെ തീർത്തും മാറി. ആക്രമിച്ചു കയറുകയെന്നതാണ് കോച്ച് ടിറ്റെയുടെ മുദ്രാവാക്യം. നെയ്മറിൽ കേന്ദ്രീകരിക്കുന്നതല്ല, കേളീശൈലി.

ക്രിയേറ്റിവ് കളിക്കാരുടെ ആധിക്യവും സാഹചര്യത്തിനനുസരിച്ച് ഞൊടിയിടയിൽ ശൈലി മാറ്റാനുള്ള മിടുക്കും ബ്രസീലിന്റെ കരുത്താണിപ്പോൾ. ലോകകപ്പിലെ മറ്റേതൊരു ടീമിലും സ്റ്റാർട്ടിങ് ഇലവനിൽ ഇടമുറപ്പിക്കാൻ കഴിയുന്ന തരത്തിൽ പ്രതിഭാ സമ്പന്നരാണ് ബ്രസീലിന്റെ റിസർവ് ബെഞ്ചിലിരിക്കുന്നവർ മുഴുവനും. അവസാനം കളിച്ച ആറു കളികളും ജയിച്ച ടീം, അവയിൽ അഞ്ചും ജയിച്ചത് മൂന്നോ അതിലധികമോ ഗോളിന്റെ മാർജിനിലാണ്.

യൂറോപ് കിതക്കുന്നു?

വിശ്വമേള വിളിപ്പാടകലെ നിൽക്കെ, അത്ര പന്തിയല്ല യൂറോപ്പിലെ വൻതോക്കുകളുടെ അവസ്ഥ. സാധ്യതയളക്കുന്ന പവർ റാങ്കിങ്ങിൽ ബ്രസീലിനും അർജന്റീനക്കും പിറകിലാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്. ഒന്നാന്തരം കളിക്കാർ അണിയിലുള്ള ഫ്രഞ്ച് പടയാണ് യൂറോപ്പിൽനിന്നുള്ള ഏറ്റവും ഫേവറിറ്റുകളെങ്കിലും റഷ്യയിലെ വിശ്വവിജയത്തിനുശേഷം നേഷൻസ് ലീഗിൽ ഉൾപ്പെടെ അത്ര കേമമല്ല കാര്യങ്ങൾ. കളിക്കാരുടെ പരിക്കും പടലപ്പിണക്കങ്ങളുമുയർത്തുന്ന പ്രശ്നങ്ങൾ വേറെയും.

യൂറോപ്പിന്റെ അടുത്ത പ്രതീക്ഷ മുൻചാമ്പ്യന്മാരായ സ്പെയിനിലാണ്. എന്നാൽ, നേഷൻസ് ലീഗിൽ സ്വിറ്റ്സർലൻഡിനോടു തോറ്റ ടീം പല മേഖലയിലും മെച്ചപ്പെടാനുണ്ടെന്ന് കോച്ച് ലൂയി എൻറിക് തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ജർമനിയും ഇംഗ്ലണ്ടും നേഷൻസ് ലീഗിൽ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. ഹംഗറിയോട് തോറ്റ ജർമനിയും കളിച്ച മൂന്നു മത്സരങ്ങളും തോറ്റ ഇംഗ്ലണ്ടും കിരീടസാധ്യതകളിൽ പിറകിലാണിപ്പോൾ.

രണ്ടുതവണ ഹംഗറിയോടും ഒരു തവണ ഇറ്റലിയോടുമാണ് ഇംഗ്ലണ്ട് കൊമ്പുകുത്തിയത്. ലോകകപ്പിനു മുമ്പായി ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയേറ്റ ഇംഗ്ലണ്ടിന് ഖത്തറിൽ പിടിച്ചുനിൽക്കണമെങ്കിൽ പ്രതിരോധം അസാമാന്യ ചങ്കുറപ്പ് കാട്ടിയേ തീരൂ.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലാകട്ടെ, ലോകകപ്പിന് യോഗ്യത നേടാൻ അവസാന കടമ്പ വരെ തപ്പിത്തടഞ്ഞെങ്കിലും ശേഷം നടന്ന മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. നേഷൻസ് ലീഗിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഓറഞ്ചുപട ഒരിക്കൽകൂടി ഏറെ പ്രതീക്ഷകളോടെയാണെത്തുന്നത്. ക്രൊയേഷ്യയും ബെൽജിയവുമാണ് യൂറോപ് പ്രതീക്ഷവെക്കുന്ന മറ്റു ടീമുകൾ.

വൻകരയിലെ വൻതോക്കുകളും മുൻ ചാമ്പ്യന്മാരുമായ ഇറ്റലിയാകട്ടെ, ഇക്കുറി യോഗ്യത നേടാനാകാതെ കാഴ്ചക്കാരായി ഗാലറിയിലിരിക്കുകയാണ്. 

രണ്ടു പതിറ്റാണ്ട്, കപ്പിൽ യൂറോപ് മാത്രം

ഇ​റ്റ​ലി 2006, സ്​പെയിൻ 2010, ജ​ർ​മ​നി 2014, ഫ്രാ​ൻ​സ് 2018


വിശ്വപോരാട്ടങ്ങളിൽ സമീപകാലത്ത് യൂറോപ്പിന്റെ വാഴ്ചയാണ്. കഴിഞ്ഞ നാലു ലോകകപ്പുകളിൽ കിരീടം ചൂടിയത് വൻകരയിൽ നിന്നുള്ള ഇറ്റലി (2006), സ്പെയിൻ (2010), ജർമനി (2014), ഫ്രാൻസ് (2018) ടീമുകൾ. 2002ൽ റൊണാൾഡോ-റിവാൾഡോ-റൊണാൾഡീന്യോ ത്രയങ്ങൾ അരങ്ങുവാണ ലോകകപ്പിൽ ബ്രസീൽ കിരീടം ചൂടിയശേഷം യൂറോപ്പിന്റെ പടക്കുതിപ്പിന് തടയിടാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല. കിരീടത്തിൽ കണ്ണുംനട്ടുള്ള തെക്കനമേരിക്കയുടെ കാത്തിരിപ്പാകട്ടെ, രണ്ടു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.

Tags:    
News Summary - worlcup-Europe or South America?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.