ദോഹ: ലോകകപ്പിൽ സ്പെയിനിന്റെ മൂന്ന് പെനാൽറ്റി കിക്കുകൾ തടുത്തിട്ട മൊറോക്കോ ഗോളി യാസിൻ ബൗനു നാല് വർഷം മുമ്പ് കൊച്ചിയിലും കളിച്ചിരുന്നു. ടൊയോട്ട യാരിസ് ലാലിഗ വേൾഡ് സൗഹൃദ മത്സരത്തിൽ സ്പാനിഷ് ലാലിഗ ടീമായ ജിറോണയുടെ ഗോൾകീപ്പറായാണ് യാസിൻ എത്തിയത്. കേരള ബ്ലാസ്റ്റേഴ്സും മെൽബൺ സിറ്റി എഫ്.സിയുമായിരുന്നു ഈ പരമ്പരയിൽ കളിച്ച മറ്റ് രണ്ട് ടീമുകൾ. ജിറോണ തന്നെയായിരുന്നു ജേതാക്കൾ.
ആദ്യ മത്സരത്തിൽ മെൽബൺ സിറ്റിയെ ജിറോണ 6-0ന് തകർത്തിരുന്നു. അന്ന് ബാറിന് കീഴിൽ മികച്ച സേവുകളുമായി യാസിൻ തിളങ്ങി. ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. 5-0നായിരുന്നു ജിറോണയുടെ വിജയം. നിലവിൽ ലാലിഗയിലെ തന്നെ സെവിയ്യയുടെ ഗോൾകുപ്പറാണ് ഈ 31കാരൻ. കൊച്ചിയിലെ കളിക്ക് പിന്നാലെയാണ് വായ്പ അടിസ്ഥാനത്തിൽ ഇദ്ദേഹം സെവിയ്യയിലെത്തിയത്. പിന്നീട് വൻതുകക്ക് ക്ലബ് യാസിനെ സ്വന്തമാക്കി.
കാനഡയിലെ മോൺട്രിയലിൽ മൊറോക്കോ ദമ്പതികളുടെ മകനായാണ് യാസിൻ ജനിച്ചത്. കാനഡയോ മൊറോക്കോയോ എന്ന ചോദ്യത്തിന് മൊറോക്കോ എന്നതായിരുന്നു ഈ ഗോളിയുടെ ഉത്തരം. തുടർന്ന് മൊറോക്കോ ലീഗിൽ സജീവമായി. വെയ്ദാദ് കാസബ്ലാങ്കയിൽ ചേർന്നതിന് ശേഷം അത്‍ലറ്റികോ മഡ്രിഡ് ബി ടീമിലെത്തി. രണ്ട് വർഷം അവിടെ കളിച്ചു. അത്‍ലറ്റികോ മഡ്രിഡ് സീനിയർ ടീം, റയൽ സരഗോസ, ജിറോണ എന്നിവയിലാണ് സെവിയ്യയിലെത്തുന്നതിന് മുമ്പ് വലകാത്തത്. യൂറോപ ലീഗിൽ കിരീടം നേടിയ സെവിയ്യ ടീമിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.