മസ്കത്ത്: അടുത്തമാസം ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്‍റിന് മുന്നോടിയായുള്ള ആദ്യ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഒമാന് തകർപ്പൻ ജയം. അബുദബിയിലെ ബനി യാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചൈനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റെഡ് വാരിയേഴ്സ് തകർത്തത്. രണ്ടാം പകുതിയിലായിരുന്നു ഇരുഗോളുകളും പിറന്നത്.
അർഷദ് അൽ അലാവി (49), മുഹ്സിൻ അൽ ഗസ്സാനി (65) എന്നിവരാണ് സുൽത്താനേറ്റിന് വേണ്ടി വലകുലുക്കിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നത്തിയെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. എന്നാൽ, രണ്ടാം പകുതിയിൽ റെഡ് വാരിയേഴ്സ് കൂടുതൽ ആക്രമിച്ച് കളിച്ചതോടെ ലക്ഷ്യം കാണുകയായിരുന്നു. മുന്നേറ്റ നിരയുടെ കരുത്ത് പ്രകടമായ മത്സരത്തിലെ വിജയം കോച്ച് ബ്രാങ്കോ ഇവാൻകോവിക്കിന്‍റെ കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതാണ്. മത്സരം കാണാൻ കാണികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
ജനുവരി ആറിന് യു.എ.ഇക്കെതിരെയാണ് ഒമാന്‍റ അടുത്ത സൗഹൃദ മത്സരം. നിലവിൽ ഏഷ്യൻ കപ്പിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി യു.എ.ഇയിൽ വിദേശ ക്യാമ്പിലാണ് നിലവിൽ റെഡ്വാരിയേഴ്സ്. ക്യാമ്പിന് ശേഷം ആഭ്യന്തര സന്നാഹ സെഷനുകളിലേക്ക് ടീം മടങ്ങും. പിന്നീട് ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ ഒമാൻ ഖത്തറിലേക്ക് തിരിക്കും. ഏഷ്യൻ കപ്പ് ഗ്രൂപ്പ് എഫിൽ ഒമാന്‍റെ കൂടെ സൗദി അറേബ്യ, തായ്‌ലൻഡ്, കിർഗിസ്ഥാൻ എന്നീ ടീമുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.