ബ്യൂണസ് ഐറിസ്: തെക്കൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിരവൈരികളായ ബ്രസീലിനെ നിലംപരിശാക്കി അർജന്‍റീന രാജകീയമായി ലോകകപ്പിന്. സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ അർജന്‍റീന ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കാനറികളുടെ ചിറകരിഞ്ഞത്,
മത്സരത്തിനു ഇറങ്ങുന്നതിനു മുമ്പേ യോഗ്യത ഉറപ്പിച്ചിരുന്നെങ്കിലും ബ്രസീലിനെതിരെ നേടിയ ഈ വമ്പൻ ജയം യോഗ്യതക്ക് കൂടുതൽ തിളക്കം നൽകും. തോൽവിയോടെ മുൻ ചാമ്പ്യന്മാർ തെക്കൻ അമേരിക്കൻ റൗണ്ടിൽ നാലാം സ്ഥാനത്തേക്ക് വീണു. യോഗ്യതക്കായി ഇനിയും കാത്തിരിക്കണം. പ്രതിരോധത്തിലെ പിഴവുകളാണ് ബ്രസീലിന് തിരിച്ചടിയായത്.
ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, പകരക്കാരൻ ഗിലിയാനോ സിമിയോണി എന്നിവരാണ് അർജന്‍റീനക്കായി വലകുലുക്കിയത്. മാത്യൂസ് കുൻഹയുടെ വകയായിരുന്നു ബ്രസീലിന്‍റെ ആശ്വാസ ഗോൾ. മത്സരത്തിലുടനീളം പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും അർജന്‍റീനയുടെ ആധിപത്യമായിരുന്നു. പന്ത് വിട്ടുകൊടുക്കാതെ എതിരാളികളുടെ ക്ഷമ പരീക്ഷിച്ച അർജന്‍റീന, നാലാം മിനിറ്റിൽ തന്നെ ബ്രസീലിനെ ഞെട്ടിച്ച് അൽവാരസിലൂടെ ലീഡെടുത്തു.
ബോക്സിനുള്ളിൽ പന്ത് സ്വീകരിച്ച് ബ്രസീൽ പ്രതിരോധ താരങ്ങൾക്കിടയിലൂടെ കടന്നുകയറി ഗോളിക്ക് ഒരു അവസരവും നൽകാതെ താരം പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. ഞെട്ടൽ മാറുന്നതിനു മുമ്പേ വീണ്ടും ബ്രസീൽ വലയിൽ അർജന്‍റീന വെടിപൊട്ടിച്ചു. 12ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസാണ് ലീഡ് വർധിപ്പിച്ചത്. ഇത്തവണയും വില്ലനായത് പ്രതിരോധത്തിലെ പിഴവാണ്. വലതുഭാഗത്തു നിന്നുള്ള അൽവാരസിന്‍റെ പാസ് ക്ലിയർ ചെയ്യുന്നതിൽ പ്രതിരോധ താരങ്ങൾക്ക് പിഴച്ചപ്പോൾ ഓടിക്കയറിയ എൻസോ പന്ത് വലയിലാക്കി.
26ാം മിനിറ്റിൽ അർജന്‍റീന പ്രതിരോധ താരം ക്രിസ്റ്റിയൻ റൊമേറോയുടെ കാലിൽ നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുൻഹ ഒരു ഗോൾ മടക്കിയത് ബ്രസീലിന് പുത്തനുണർവ് പകർന്നെങ്കിലും ആയുസ്സ് കുറവായിരുന്നു. 37ാം മിനിറ്റിൽ അർജന്‍റീന വീണ്ടും ലീഡ് ഉയർത്തി. എൻസോ ഫെർണാണ്ടസ് ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് നിലത്തുവീഴുന്നതിനു മുമ്പേ മക് അലിസ്റ്റൽ വലയിലേക്ക് തട്ടിയിട്ടു. 3-1 എന്ന സ്കോറിനാണ് ആദ്യ പകുതി അവസാനിച്ചത്.
ഇടവേളക്കുശേഷവും അർജന്‍റീന കളിയിലെ മികവ് തുടർന്നു. ബ്രസീൽ ടീമിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും ഫലമുണ്ടായില്ല. 69ാം മിനിറ്റിൽ തിയാഗോ അൽമാഡക്കു പകരം സിമിയോണി കളത്തിലിറങ്ങി. രണ്ടു മിനിറ്റിനകം താരം അർജന്‍റീനയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. സീറോ ആംഗിളിൽ നിന്നുള്ള തകർപ്പൻ ഷോട്ടാണ് ഗോളി ബെന്‍റോയെ നിസ്സഹായനാക്കി വലയിൽ കയറിയത്. താഗ്ലിയഫികോയാണ് ഗോളിന് വഴിയൊരുക്കിയത്.
നേരത്തെ, ഉറുഗ്വായ്-ബൊളീവിയ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. യോഗ്യത നേടുന്ന ആദ്യ ലാറ്റിനമേരിക്കൻ രാജ്യമാണ്. 14 മത്സരങ്ങളിൽനിന്ന് 31 പോയന്‍റാണ് അർജന്‍റീനക്ക്. അടുത്തവർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിന് കാനഡ, മെക്സിക്കോ, യു.എസ് എന്നീ രാജ്യങ്ങളാണ് വേദിയാകുന്നത്.
തെക്കൻ അമേരിക്കയിൽനിന്ന് ആറു രാജ്യങ്ങളാണ് നേരിട്ട് യോഗ്യത നേടുന്നത്. ഏഴാമതെത്തുന്ന ടീം ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫ് കളിക്കണം. ആതിഥേയ രാജ്യങ്ങൾക്കു പുറമെ, ജപ്പാൻ, ന്യൂസിലൻഡ്, ഇറാൻ എന്നീ രാജ്യങ്ങളാണ് ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. നിലവിൽ ബ്രസീലിന് 14 മത്സരങ്ങളിൽനിന്ന് 21 പോയന്‍റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.