ബ്വേനസ് എയ്റിസ്: ലോക ഫുട്ബാളിലെ സൂപ്പർ പവറുകളായ അർജന്റീനയും ബ്രസീലും ഒടുവിൽ നേർക്കുനേർ ഏറ്റുമുട്ടിയത് 16 മാസം മുമ്പാണ്. 2003 നവംബർ 22ന് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒറ്റ ഗോളിന് ജയിച്ചുകയറി അർജന്റീന. 2019ലാണ് ഇവർക്കെതിരെ കാനറികൾ അവസാനം വിജയം വരിച്ചത്.
ശേഷം നടന്ന നാല് കളികളിലൊന്ന് സമനിലയിലായത് മിച്ചം. ബാക്കി നാലിലും ആഘോഷത്തിന്റെ നിറം ആകാശനീലിമയായിരുന്നു. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക പോരാട്ടത്തിന് വീറുംവാശിയുമേറ്റാൻ കാരണങ്ങൾ ഇനിയുമുണ്ട്. ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ച 5.30 മുതൽ ബ്വേനസ് എയ്റിസിലെ മാസ് മൊനൂമെന്റൽ സ്റ്റേഡിയത്തിലാണ് ലോകം അത്യാവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടം.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും ഏറെ നാൾക്കുശേഷം മുഖാമുഖം വരുന്നത് കാണാൻ കാത്തിരുന്ന ആരാധകർ നിരാശരാണ്. പരിക്കേറ്റ ഇരുവരുടെയും സേവനം അർജന്റീന, ബ്രസീൽ ടീമുകൾക്ക് ലഭിക്കില്ല. അർജന്റീനയുടെ മറ്റൊരു പ്രതീക്ഷയായ ലൗതാരോ മാർട്ടിനെസും സമാനകാരണത്താൽ പുറത്താണ്.
നെയ്മറിന് പുറമെ ഗോൾ കീപ്പർ അലിസൺ ബേക്കറാണ് മഞ്ഞപ്പടയിലെ സുപ്രധാന അസാന്നിധ്യം. ‘‘ഒരു സംശയവും വേണ്ട, അർജന്റീനയെ നമ്മൾ തോൽപിക്കും. പറ്റുമെങ്കിൽ കളത്തിലും പുറത്തും’’ -മത്സരത്തെക്കുറിച്ച് ബ്രസീലിയൻ സ്ട്രൈക്കർ റാഫിഞ്ഞയുടെ വാക്കുകൾ. നിലവിൽ തെക്കനമേരിക്കൻ യോഗ്യത റൗണ്ടിൽ അർജന്റീന (28) ഒന്നാമതും ബ്രസീൽ (21) മൂന്നാമതുമാണ്.
കഴിഞ്ഞ മത്സരത്തിൽ ബ്രസീൽ കൊളംബിയയെയും അർജന്റീന ഉറുഗ്വായിയെയും തോൽപിച്ചിരുന്നു. യോഗ്യതക്ക് ലോക ചാമ്പ്യന്മാർക്ക് ആവശ്യം ഒറ്റ സമനില മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.