മസ്കത്ത്: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിന് പുതിയ കോച്ചിന് കീഴിൽ ഇറങ്ങിയ ഒമാന് തകർപ്പൻ വിജയം. ബൗശർ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ അയൽക്കാരായ കുവൈത്തിനെ 4-0നാണ് തകർത്തത്. ഇതോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ മുന്നോട്ടുള്ള പോക്ക് കൂടുതൽ സജീവമാക്കാനും ഒമാനായി. ഇരുപകുതികളിലുമായി അബ്ദുൽ റഹ്മാൻ അൽ മുഷൈഫ്രി (17,58), മുഹ്സിൻ അൽഹസാനി(30), അബ്ദുല്ല ഫവാസ് (79) എന്നിവരായിരുന്നു സുൽത്തനേറ്റിനുവേണ്ടി വല കുലുക്കിയത്.
കളിയുടെ തുടക്കം മുതൽ അവസാനംവരെ ഒമാൻ മാത്രമായിരുന്നു ഗ്രൗണ്ടിലുണ്ടായിരുന്നത്. ആദ്യ മിനിറ്റ് മുതൽ ഇടതുവലതു വിങ്ങുകളിലൂടെ ആക്രമണം ശക്തമാക്കിയ ഒമാൻ, കുവൈത്ത് പ്രതിരോധനിരയെ നിരന്തരം പരീക്ഷിച്ചു കൊണ്ടിരുന്നുവെങ്കിലും ഗോൾ മത്രം നേടാനായില്ല. ഒടുവിൽ 17ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തുനിന്ന് നീട്ടി കിട്ടിയ പന്തുമായി കുതിച്ച അബ്ദുൽ റഹ്മാൻ അൽ മുഷൈഫ്രി ഒമാന് ലീഡ് നേടികെടുത്തു.
ഗോൾ നേടിയതോടെ കൂടുതൽ ഉണർന്ന് കളിക്കുന്ന ഒമാനെയാണ് പിന്നീട് കണ്ടത്. നിരന്തരമായ ആക്രമണത്തിൽ കുവൈത്തിന്റെ ഗോൾമുഖം വിറച്ചു. പലതും നിർഭാഗ്യം കൊണ്ടുമാത്രം ലക്ഷ്യം കാണാതെ പോകുകയായിരുന്നു. 30ാം മിനിറ്റിൽ മുഹ്സിൻ അൽഹസാനിയുടെ ഹെഡറിലൂടെ ഒമാൻ രണ്ടാം ഗോളും സ്വന്തമാക്കി.
ഇതിനിടെ ഒറ്റപ്പെട്ട മുന്നേങ്ങൾ കുവൈത്തന്റെ ഭാഗത്തുനിന്നുണ്ടായിരുന്നുവെങ്കിലും ഒമാന്റ പ്രതിരോധ നിരയെ ഭേദിക്കാൻ കെൽപ്പുള്ളതായിരുന്നില്ല അവയൊന്നും. ആദ്യ പകുതിയിൽനിന്ന് വ്യത്യസ്തമായ സമീപനമൊന്നും രണ്ടാം പകുതിയിലും കുവൈത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. എന്നാൽ, ഒമാനാകട്ടെ കൂടുതൽ ഗോൾനേടനായി ആക്രമണം ശക്തമാക്കി. 58ാം മിനിറ്റിൽ അബ്ദുൽ റഹ്മാൻ അൽ മുഷൈഫ്രി രണ്ടാമതും വല കുലുക്കിയതോടെ ഒമാൻ മൂന്നാം ഗോളും സ്വന്തമാക്കി.
കളി അവസാന മിനിറ്റിലേക്ക് നീങ്ങികൊണ്ടിരിക്കെ അബ്ദുല്ല ഫവാസാണ് സുൽത്താനേറ്റിനുവേണ്ടി നാലാം ഗോൾ നേടിയത്. മിന്നും വിജയവുമായി ഗ്രൂപ്പ് ബിയിൽ ഒമാൻ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഒക്ടോബര്‍ 15ന് അമ്മാനില്‍ ജോര്‍ഡനെതിരെയാണ് ഒമാന്റെ അടുത്ത മത്സരം. നവംബര്‍ 14ന് ഫലസ്തീനെതിരെയും 19ന് ഇറാഖിനെതിരെയുമാണ് പിന്നീടുള്ള മത്സരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.