ബഹ്റൈൻ -ഇന്തോനേഷ്യ മത്സരത്തിൽനിന്ന്
മനാമ: ഇന്തോനേഷ്യക്കെതിരെ നടന്ന ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യത മത്സരത്തിൽ പൊരുതിവീണ് ബഹ്റൈൻ. ജക്കാർത്തയിലെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ ജയം തേടിയിറങ്ങിയ മത്സരത്തിൽ 1-0 എന്ന സ്കോറിനാണ് ആതിഥേയർക്ക് മുന്നിൽ ബഹ്റൈൻ വീണത്. കളിയുടെ 24 ാം മിനിറ്റിൽ മുന്നേറ്റതാരം റൊമേനി നേടിയ മനോഹരഗോളോടെ മുന്നിലെത്തിയ ഇന്തോനേഷ്യ പിന്നീട് അവസാനംവരെ ലീഡ് നിലനിർത്തുകയായിരുന്നു.
മികച്ച ആക്രമണങ്ങളും മുന്നേറ്റങ്ങളുമായി 58 ശതമാനം ബാൾ പൊസിഷനടക്കം കളിയുടനീളം ബഹ്റൈൻ മുന്നിട്ടു നിന്നെതെങ്കിലും ഗോൾ സ്കോർ ചെയ്യാൻ പ്രയാസപ്പെടുന്ന കാഴ്ചയായിരുന്നു. നേരത്തേ ജപ്പാനോടേറ്റ തോൽവിയോടെ ഗ്രൂപ് സിയിൽ ആറ് പോയന്റുമായി അഞ്ചാം സ്ഥാനത്തായിരുന്നു ടീം. ഇന്തോനേഷ്യയോടും തോറ്റതോടെ പോയന്റ് നിലയും സ്ഥാനവും മാറാതെ തുടരുകയാണ്. അതേസമയം ഗ്രൂപ് സിയിലെ ജപ്പാൻ-സൗദി മത്സരം സമനിലയിൽ പിരിഞ്ഞു.
മറ്റൊരു മത്സരത്തിൽ ചൈനയെ മറിച്ചിട്ട് 13 പോയന്റുമായി ഓസ്ട്രേലിയ പ്രയാണം തുടരുകയാണ്. 10 പോയന്റുമായി സൗദി മൂന്നാം സ്ഥാനത്തും ബഹ്റൈനെതിരെയുള്ള ജയത്തോടെ ഒമ്പത് പോയന്റുമായി ഇന്തോനേഷ്യ നാലാം സ്ഥാനത്തും തുടരുകയാണ്. ജപ്പാനാണ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബഹ്റൈനെതിരെയുള്ള ആദ്യ മത്സരം ജയിച്ചതോടെ ജപ്പാൻ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. ഓരോ ഗ്രൂപ്പിൽനിന്ന് ആദ്യ രണ്ട് സ്ഥാനക്കാർക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.
മൂന്നും നാലും സ്ഥാനക്കാർ യോഗ്യതാ മത്സരത്തിന്റെ നാലാം റൗണ്ടിലേക്ക് പരിഗണിക്കപ്പെടും. ബഹ്റൈൻ ഇനി ജൂൺ അഞ്ചിന് സൗദിക്കെതിരെ സ്വന്തം തട്ടകത്തിലും തൊട്ടടുത്ത ആഴ്ച ജൂൺ പത്തിന് ചൈനയെ അവരുടെ ഹോം ഗ്രൗണ്ടിലും നേരിടും. യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ ആകെ മൂന്ന് ഗ്രൂപ്പുകളാണുള്ളത്. ഇറാൻ, ഖത്തർ, ഉസ്ബകിസ്താൻ, യു.എ.ഇ, കിർഗിസ്താൻ, ഉത്തര കൊറിയ തുടങ്ങിയവർ ഗ്രൂപ് എയിലും ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ, കുവൈത്ത് എന്നീ ടീമുകൾ ഗ്രൂപ് ബിയിലും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.