മസ്കത്ത്: ഒമാനിലെ ഹോക്കി ആരാധകർക്ക് ആവേശം പകർന്ന് 'ഗൾഫ് ഹോക്കി ഫിയസ്റ്റ'യുടെ ആറാം പതിപ്പ് വരുന്നു. ഒമാനി ഹോക്കി അസോസിയേഷന്റെ സഹകരണേത്താടെ സൗദി, ഇന്ത്യ, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിൽ ശാഖകളുള്ള സ്പോർട്സ് ക്ലബായ യു.ടി.എസ്.സിയാണ് മത്സരം നടത്തുന്നത്. ഒക്ടോബർ 28, 29 തീയതികളിൽ ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയം കോംപ്ലക്സിലായിരിക്കും മത്സരങ്ങൾ. ആറ് അന്തർദേശീയ ടീമും അത്രതന്നെ പ്രാദേശിക ടീമുകളുമാണ് മത്സരത്തിൽ ഏറ്റുമുട്ടുക. ഒക്ടോബർ 28ന് വൈകീട്ട് ആറിന് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും. 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇന്ത്യൻ സ്കൂളുകളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രദർശന മത്സരവും ഉണ്ടാകും. 2024ൽ ഒമാനിൽ ഫൈവ് എ സൈഡ് ലോകകപ്പ് നടക്കുന്നതിനാൽ 'ഗൾഫ് ഹോക്കി ഫിയസ്റ്റ 22'നെ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നതെന്ന് യു.ടി.എസ്.സി ഭാരവാഹികൾ പറഞ്ഞു.
സ്വദേശികൾക്കും വിദേശികൾക്കും ഇടയിൽ ഹോക്കി മത്സരം ജനകീയമാക്കുകയാണ് ടൂർണമെന്റിലൂടെ സംഘാടകർ ലക്ഷ്യം വെക്കുന്നത്. ഒമാൻ ദേശീയ വനിത ടീം സന്ദർശക ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കും. ഹോക്കി ഫിയസ്റ്റയുടെ ഈ വർഷത്തെ പ്രത്യേകതകളൊന്നാണിത്. ഇത്തരം ഒരു ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഒമാൻ ഹോക്കി അസോസിയേഷൻ (ഒ.എച്ച്.എ) ചെയർമാൻ ഡോ. മർവാൻ ജുമാ അൽ ജുമ പറഞ്ഞു. ഒമാനി കായിക പ്രേമികളായ ആളുകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിലേക്ക് കുട്ടികളെയും കുടുംബങ്ങളെയും മറ്റും ആകർഷിക്കുന്നതിനായി പാചകമത്സരവും നടത്തും. സിനിമകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയരായ സാധികയും വൈഗയുമായിരിക്കും പാചകമത്സരത്തിന്റെ അവതാരകർ. ക്രിക്കറ്റ്, ഹോക്കി, ഫുട്ബാൾ, ബാസ്കറ്റ്ബാൾ തുടങ്ങിയ കായിക ഇനങ്ങളിലേക്ക് നിരവധി താരങ്ങളെ യു.ടി.എസ്.സി സംഭാവന നൽകിയിട്ടുണ്ട്. ഇവരിൽ പലരുമിന്ന് പ്രാദേശിക, അന്തർദേശീയ മത്സരങ്ങളിൽ കളിക്കുന്നവരാണെന്നും യു.ടി.എസ്.സി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.