ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ദിനം അപ്രതീക്ഷിത നേട്ടമുണ്ടാക്കി പേസർ ഭുവനേശ്വർ കുമാർ. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ഭുവനേശ്വറിനെ 10.75 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കി.
രണ്ടു വർഷത്തിലധികമായി താരം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല. 13 വയസ്സുകാരനായ ബിഹാർ ബാറ്റർ വൈഭവ് സൂര്യവൻഷിയെ 1.10 കോടിക്ക് രാജസ്ഥാൻ റോയൽസ് വാങ്ങിയതാണ് ഇന്നലത്തെ പ്രധാന ആകർഷണം. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ്. പേസറായ ദീപക് ചാഹാറിനെ 9.25 കോടിക്ക് മുംബൈ ഇന്ത്യൻസിലേക്ക് പോയി. മറ്റൊരു ഫാസ്റ്റ് ബൗളർ മുകേഷ് കുമാറിനെ ആർ.ടി.എം കാർഡ് ഉപയോഗിച്ച് എട്ടു കോടിക്ക് ഡൽഹി കാപിറ്റൽസ് തിരിച്ചെടുത്തു. പേസർ ആകാശ്ദീപിനെ എട്ടു കോടിക്ക് ലഖ്നോ സൂപ്പർ ജയന്റ്സ് പിടിച്ചു.
ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ മാർകോ ജാൻസെൻ ഏഴ് കോടിക്ക് പഞ്ചാബ് കിങ്സിലെത്തി. ഓൾ റൗണ്ടർമാരായ ക്രുനാൽ പാണ്ഡ്യയെ 5.75 കോടിക്ക് ആർ.സി.ബിയും ഹർഷിത് റാണയെ 4.20 കോടിക്ക് രാജസ്ഥാൻ റോയൽസും ലേലത്തിൽ പിടിച്ചു. ഇന്ത്യൻ പേസർ തുഷാർ ദേശ്പാണ്ഡെയെ 6.50 കോടിക്കും ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്കയെ 5.25 കോടിക്കും രാജസ്ഥാൻ വാങ്ങി.
ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദർ 3.20 കോടിക്ക് ഗുജറാത്ത് ടൈറ്റൻസിനായി കളിക്കും. മുൻ ആർ.സി.ബി നായകനും വെടിക്കെട്ട് ബാറ്ററുമായ ഫാഫ് ഡു പ്ലസിസ് അടിസ്ഥാനവിലയായ രണ്ടു കോടിക്ക് കാപിറ്റൽസിലെത്തി. ഇംഗ്ലീഷ് ഓൾ റൗണ്ടർമാരായ വിൽ ജാക്സ് 5.25 കോടിക്ക് മുംബൈ ഇന്ത്യൻസിലേക്കും സാം കറൺ 2.40 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സിലേക്കും ചേക്കേറി. ആസ്ട്രേലിയൻ ഓൾ റൗണ്ടർ ടിം ഡേവിഡിനെ ആർ.സി.ബി വാങ്ങിയത് മൂന്നു കോടിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.