ദോഹ: ഖത്തറിന്റെ സൂപ്പർ താരം കഴിഞ്ഞ ഒളിമ്പിക്സിലെ ഹൈജംപ് സ്വർണമെഡൽ ജേതാവ് മുഅ്തസ് ബർഷിം പാരിസ് ഒളിമ്പിക്സോടെ വിരമിക്കും. 2012, 2016 ഒളിമ്പിക്സുകളിൽ വെള്ളി നേടിയ ബർഷിം കഴിഞ്ഞ തവണ സ്വന്തമാക്കിയ സ്വർണപ്പതക്കം നിലനിർത്തി രാജകീയമായി വിടവാങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇത്തവണയും ഖത്തർ ഒളിമ്പിക്സ് ടീമിനെ നയിക്കുന്നത് 33കാരനായ ബർഷിമാണ്. താരം തന്നെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയും ബർഷിം തന്നെ. പാരിസിൽ സ്വർണം നേടുകയും വരും തലമുറയിലെ ജംപർമാർക്ക് മറികടക്കാൻ ഉയരമാപിനിയിൽ പുതിയ ഉയരം സ്ഥാപിക്കുകയുമാണ് ലക്ഷ്യമെന്ന് ആഫ്രിക്കൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ, അഞ്ച് ലോക ചാമ്പ്യൻഷിപ് മെഡലുകൾ നേടിയ ഏക ഹൈജംപ് അത്ലറ്റായ ബർഷിം പറഞ്ഞു. കഴിഞ്ഞ തവണ ടോക്യോയിൽ ഇറ്റാലിയൻ താരം ജിയാൻ മാർകോ ടാംബെരിയുമായി ബർഷിം സ്വർണം പങ്കുവെച്ചത് വലിയ വാർത്തയായിരുന്നു. ജേതാക്കളെ കണ്ടെത്താനുള്ള ഫൈനൽ പോരാട്ടത്തിൽ ആദ്യ ചാട്ടങ്ങളിൽതന്നെ ബർഷിമും സുഹൃത്തായ ടംബേരിയും 2.37 മീറ്റർ ദൂരം പൂർത്തിയാക്കി. 2.39 ചാടിക്കടക്കാനായിരുന്നു അതുകഴിഞ്ഞ് ഇരുവരുടെയും ശ്രമം. പക്ഷേ, പരാജയപ്പെട്ടു.
ഇനി ഒറ്റത്തവണകൂടി ചാടി വിജയിയെ തീരുമാനിക്കാമെന്ന് റഫറി വന്ന് പറയുകയായിരുന്നു. ഇരുവരെയും വിളിച്ച് ചാട്ടത്തിനൊരുങ്ങാൻ പറഞ്ഞ അദ്ദേഹത്തോട് ബർഷിമിന്റെ ചോദ്യം- ‘ആ സ്വർണം ഞങ്ങൾ രണ്ടുപേർക്കിടയിൽ പങ്കിട്ടുകൂടെ?’ തീർച്ചയായുമെന്നായിരുന്നു മറുപടി. പിന്നെ മൈതാനം സാക്ഷിയായത് ഹൃദയഹാരിയായ മുഹൂർത്തങ്ങൾക്കായിരുന്നു. കാലിൽ ഉടക്കിയ പഴയ വേദന മറന്ന ടംബേരി തനിക്ക് സ്വർണം സമ്മാനിച്ച ബർഷിമിനൊപ്പം ആഹ്ലാദനൃത്തം ചവിട്ടി. ഇരുവരും മൈതാനം വലംവെച്ചു. ഖത്തർ എന്ന രാജ്യത്തിന്റെകൂടി മഹത്വം വിളിച്ചോതിയ ഹൃദ്യമായ നിമിഷങ്ങളായിരുന്നു അത്.
എതിരാളിയോടുള്ള ബഹുമാനവും സ്നേഹവും പ്രതിഫലിപ്പിക്കുന്ന തികച്ചും വൈകാരികമായ തീരുമാനമെന്നാണ് ബർഷിം ആ നിമിഷത്തെ വിശേഷിപ്പിച്ചത്. ദോഹയിൽ ഒരു സുഡാനി കുടുംബത്തിൽ 1991 ജൂൺ 24നാണ് ബർഷിം ജനിക്കുന്നത്. കുടുംബം ഖത്തറിലേക്ക് കുടിയേറിയതാണ്. സ്പോർട്സിന് അളവറ്റ പിന്തുണ നൽകുന്ന ഖത്തർ എന്ന രാജ്യത്തേക്കുള്ള രക്ഷിതാക്കളുടെ വരവ് ബർഷിമിന് അനുഗ്രഹവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.