മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണ്‍ ഫൈനലിന്റെ ലൈവ് ടെലികാസ്റ്റ് തുടങ്ങിയപ്പോള്‍ റാഫേല്‍ നദാലിനും ഡാനില്‍ മെദ്‍വെദെവിനും നടുക്ക് നില്‍ക്കുന്ന പയ്യനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. മലയാളി ആയിരിക്കാക്കമെന്ന സംശയവും പലർക്കും തോന്നി. സംശയം ശരിയാണ്. മെൽബണിൽ താമസിക്കുന്ന കോട്ടയം തിടനാട് സ്വദേശി പേഴുംകാട്ടില്‍ റോണി ജോര്‍ജിന്റെ മകൻ ജോയൽ റോണി ആയിരുന്നു ആ 11കാരൻ.
നദാലും മെദ്‍വെദെവുമായുള്ള ഫൈനലിന് ടോസ് ഇട്ടത് ജോയൽ ആണ്. മെല്‍ബണിലെ മില്‍പാര്‍ക്ക് ടെന്നീസ് ക്ലബ്ബിൽ അംഗമായ ജോയൽ അവർക്കുവേണ്ടി മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. 2006ലാണ് റോണിയും കുടുംബവും മെല്‍ബണിലെത്തുന്നത്. അഞ്ചാം വയസുമുതല്‍ ജോയല്‍ ടെന്നീസ് പരിശീലിക്കുന്നുണ്ട്. വസല്ലോ ടെന്നീസ് കോച്ചിങിൽ ജൂലിയന്‍ വില്യം ക്രീയുടെ കീഴിലാണ് പരിശീലനം.
കഴിഞ്ഞ വര്‍ഷത്തെ ആസ്ട്രേലിയന്‍ റാങ്കിങ് പ്രകാരം പത്ത് വയസുള്ള കുട്ടികളില്‍ വിക്ടോറിയയിലെ ഒന്നാം നമ്പര്‍ താരമായിരുന്നു ജോയലെന്ന് പിതാവ് റോണി പറയുന്നു. 2022 മുതല്‍ ആസ്ട്രേലിയന്‍ ടെന്നീസ് റാങ്കിങിന് പകരം യൂനിവേഴ്സല്‍ ടെന്നീസ് റേറ്റിങ് (യു.ടി.ആര്‍) പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.
'നദാൽ ചരിത്രം സൃഷ്ടിച്ച ഫൈനലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ട്. ജീവിതത്തിലെ വലിയ ഒരു അനുഭവമായിരുന്നു ഈ ടൂർണമെന്റ്. ഞാന്‍ ആരാധിക്കുന്ന ഇതിഹാസ താരങ്ങളെ കാണാനും അവര്‍ക്കൊപ്പം ചിത്രമെടുക്കാനും സാധിച്ചു' -ജോയൽ പറയുന്നു.
ആസ്ട്രേലിയന്‍ ടെന്നീസ് താരം നിക്ക് കര്‍ജിയോസാണ് ജോയലിന്റെ ഇഷ്ടതാരം. എറണാകുളം ഇടപ്പള്ളി ചിറയ്ക്കല്‍ മണവാളന്‍ വീട്ടില്‍ സ്മിതയാണ് മാതാവ്. സഹോദരി ജോ ആന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.