കോഴിക്കോട് : കാലിൽ കിട്ടിയ അവസരങ്ങളെല്ലാം കളഞ്ഞുകുളിച്ച ഗോകുലം കേരള എഫ്.സിക്ക് ഐ ലീഗിൽ രാജസ്ഥാൻ യുനൈറ്റഡുമായി ഗോൾരഹിത സമനില. അവസാന മൂന്നു കളിയിലും ഒരു ഗോളും നേടാനാവാതെയാണ് മലബാറിയൻസ് ഹോം ഗ്രൗണ്ടിൽനിന്ന് ഏഴു പോയന്റുമായി പട്ടികയിൽ ഏഴാം സ്ഥാന മുറപ്പിച്ച് മടങ്ങിയത്.
ആക്രമണത്തിലും പ്രതിരോധത്തിലും ഊന്നി കളംനിറഞ്ഞു കളിച്ച ഇരുടീമുകളും നിരവധി തവണ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും താളം കണ്ടെത്തി മേധാവിത്വം നേടാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. ഗോകുലത്തിന്റെ മുഖ്യ പരിശീലകൻ അന്റോണിയോ റുവേഡക്ക് കീഴിൽ മഞ്ചേരിയിലെ കളിക്കളത്തിൽ കഠിന പരിശീലനം നടത്തിയ ടീമിന് രാജസ്ഥാനെതിരെ അടവുകളൊന്നും പുറത്തൊക്കാൻ കഴിഞ്ഞില്ല. 18ാം മിനിറ്റിൽ അദാമ നൽകിയ പാസ് ഇഗ്നേഷ്യ അബലേ ദോ അറ്റന്റ് ചെയ്ത് രാജസ്ഥാൻ ഗോൾകീപ്പർ ജെയിംസ് കിതാന് നേരെ തൊടുത്തെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല.
രാജസ്ഥാൻ യുനൈറ്റഡിന്റെ വെയിൻ വാസിന്റെയും റെയ്നയുടെയും അഭാഷ് തപയുടെയും പ്രതിരോധം ഗോകുലത്തിന്റെ മുന്നേറ്റക്കാരെ തളച്ചിട്ടു. 23ാം മിനിറ്റിൽ ഗോകുലം ഫോർവേഡ് അദാമ രാജസ്ഥാന്റെ ഗോൾവല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 40ാം മിനിറ്റിൽ രാജസ്ഥാന് ലഭിച്ച കോർണർ പാസിൽനിന്ന് അലൈൻ ഉതിർത്ത ഷോട്ട് ബാറിൽ തട്ടി റീബൗണ്ടായതോടെ ഗോകുലത്തിന്റെ രാഹുൽ ഗോൾ നീക്കത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. പരിക്കിനെതുടർന്ന് ഗോകുലത്തിന്റെ മഷൂർ ഷെരീഫിന് പകരം ബിബിൻ അജയൻ കളത്തിലിറങ്ങി. 59ാം മിനിറ്റിൽ രാജസ്ഥാന്റെ ക്യാപ്റ്റൻ അലെൻ എടുത്ത കോർണർ ഷിബിൻ രാജ് വിദഗ്ധമായി രക്ഷപ്പെടുത്തി.
രാജസ്ഥാന്റെ ക്യാപ്റ്റൻ അലൈൻ മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ പരകായപ്രവേശനം നടത്തി മുന്നേറ്റം തീർത്തു. പ്രതിരോധകോട്ട ഏതു നിമിഷവും ഛിന്നഭിന്നമാക്കാൻ കെൽപുള്ള ഗോകുലം താരങ്ങൾക്ക് ശോഭമങ്ങിയത് പട്ടികയിലെ മുന്നേറ്റത്തിന് തടയിട്ടു. ജനുവരി എട്ടിന് ഡൽഹി എഫ്.സി.യുമായാണ് അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.