ലണ്ടൻ: ഏഴു ഗോൾ പിറന്ന ത്രില്ലർ പോരിനൊടുവിൽ മാഞ്ചാസ്റ്റർ യുനൈറ്റഡിനെ മലർത്തിയടിച്ച് ടോട്ടൻഹാം കാരബാവോ കപ്പ് സെമി ഫൈനലിൽ കടന്നു. ടോട്ടൻഹാം ഹോട്സ്പറിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളിനാണ് (4-3) യുനൈറ്റഡിനെ വീഴ്ത്തിയത്.
54 മിനിറ്റിൽ മൂന്ന് ഗോളിന്റെ ലീഡുമായി മുന്നേറിയ ടോട്ടൻഹാം വലയിലേക്ക് മൂന്ന് ഗോളുകൾ തിരിച്ചടിച്ച് കളി ആവേശകരമായ അന്ത്യത്തിലേക്ക് മാഞ്ചസ്റ്റർ യുനൈറ്റഡ് കൊണ്ടുവന്നെങ്കിലും ഒറ്റ ഗോളിന്റെ ലീഡിൽ ടോട്ടൻഹാം ജയിച്ചുകയറുകയായിരുന്നു.
ഇരട്ടഗോൾ നേടിയ ഡൊമിനിക് സോലാങ്കെയാണ് ടോട്ടൻഹാമിന്റെ ആദ്യം മുന്നിലെത്തിക്കുന്നത്. തിരിച്ചടിക്കാനുള്ള നിരവധി അവസരങ്ങൾ യുനൈറ്റഡിന് ലഭിച്ചെങ്കിലും 1-0 ന് ലീഡിൽ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ ടോട്ടൻഹാം ലീഡ് ഇരട്ടിയാക്കി. ദേജൻ കുളുസോവ്സ്കിയാണ് ഗോൾ നേടിയത്. 54ാം മിനിറ്റിൽ സ്ട്രൈക്കർ സൊളാങ്കെ രണ്ടാമത്തെ ഗോളും നേടിയതോടെ യുനൈറ്റഡിന് മേൽ ടോട്ടൻഹാം സമ്പൂർണ അധിപത്യം നേടുകയായിരുന്നു (3-0).
ടോട്ടൻഹാം ഗോൾമുഖത്ത് നിരന്തര ആക്രമണവുമായി നിലയുറപ്പിച്ച യുനൈറ്റഡ് ശ്രമങ്ങൾക്ക് ആദ്യ ഫലം കണ്ടത് 63ാം മിനിറ്റിലായിരുന്നു. പകരക്കാരനായി കളത്തിലിറങ്ങിയ സട്രൈക്കർ ജോഷ്വ സിർക്ക്സീയാണ് യുനൈറ്റഡിനായി ആദ്യ ഗോൾ നേടുന്നത് (3-1). 70ാം മിനിറ്റിൽ അമദ് ഡിയാലോയിലൂടെ രണ്ടാം ഗോൾ നേടി യുനൈറ്റഡ് ഗോൾ വ്യത്യാസം ഒന്നാക്കി കുറച്ചു(3-2). കളി ആവേശകരമായി അന്ത്യത്തിലേക്ക് നീങ്ങവേ 88ാം മിനിറ്റിൽ സൺ ഹ്യൂങ് മിന്നിലൂടെ വീണ്ടും ഗോൾ നേടിയതോടെ ടോട്ടൻഹാം അപകട സാധ്യതയെ മറികടന്നു(4-2). അന്തിമ വിസിലിന് തൊട്ടുമുൻപ് ജോണി ഇവാൻ യുനൈറ്റഡിനായി ഗോൾ കണ്ടെത്തിയെങ്കിലും ഒരു ഗോളിന്റെ ലീഡുമായി ടോട്ടൻഹാം സെമിയിലേക്ക് കടക്കുകയായിരുന്നു.
സെമിഫൈനലിൽ ലിവർപൂളായിരിക്കും ടോട്ടൻഹാമിന്റെ എതിരാളി. രണ്ടാമത്തെ സെമിയിൽ ആഴ്സനൽ, ന്യൂകാസിൽ യുനൈറ്റഡിനെ നേടിരും.ആവേശപ്പോരിനൊടുവിൽ യുനൈറ്റഡ് വീണു; ടോട്ടൻഹാം കാരബാവോ കപ്പ് സെമിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.