ന്യൂഡൽഹി: ഷൂട്ടിങ് താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷിനും പരമോന്നത കായിക ബഹുമതിയായ മേജരേ് ധ്യാൻചന്ദ് ഖേൽ രത്ന നൽകാൻ തീരുമാനം. ഖേൽ രത്നക്ക് അർഹരായ കായിക താരങ്ങളുടെ പേരുകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിൽ മനു ഭാകറിന്റെ പേരുണ്ടായിരുന്നില്ല. ഇത് വിവാദമായതോടെ ഖേൽ രത്ന നൽകുന്ന കായിക താരങ്ങളുടെ പട്ടികയിൽ മനു ഭാക്കറിന്റെയും ഗുകേഷിന്റെയും കൂടി പേരുകൾ ചേർത്ത് പുതിയ പട്ടിക പുറത്തിറക്കി മുഖം രക്ഷിച്ചിരിക്കുകയാണ് കേന്ദ്ര കായിക മന്ത്രാലയം. ഇവർക്കൊപ്പം ഹർമൻ പ്രീത് സിങ്, പ്രവീൺ കുമാർ എന്നിവർക്കും ഖേൽ രത്നയുണ്ട്.
മലയാളി നീന്തൽ താരം സജൻ പ്രകാശ് ഉൾപ്പെടെ 32 പേർക്ക് അർജുന അവാർഡും പ്രഖ്യാപിച്ചു. കായിക മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പുരസ്കാരങ്ങൾ ജനുവരി 17ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്യും.
നേരത്തേ 12 അംഗങ്ങളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി അവാര്‍ഡിനായി ശിപാര്‍ശ ചെയ്ത പട്ടികയില്‍ മനു ഭാക്കര്‍ ഇടംപിടിച്ചിരുന്നില്ല. പാരിസ് ഒളിമ്പിക്സില്‍ ഇരട്ടമെഡല്‍ നേടിയ മനു ഭാക്കര്‍ അവാര്‍ഡിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് കായികമന്ത്രാലയം പറയുന്നത്. എന്നാല്‍ അപേക്ഷ അയച്ചിട്ടുണ്ടെന്ന് മനു ഭാക്കറിന്റെ കുടുംബം പറയുന്നു.
പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രം കുറിച്ച താരമാണ് മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സ്ഡ് വിഭാഗത്തിലുമാണ് മെഡല്‍ നേട്ടം. മിക്സ്ഡ് വിഭാഗത്തില്‍ സരബ്ജോത് സിങ്ങായിരുന്നു കൂട്ടാളി. ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ വനിതയുമായി. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു ഇത്. ഹരിയാണയിലെ ജജ്ജാര്‍ സ്വദേശിയായ 22കാരി മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു. 2018ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരവുമായി. 2020ല്‍ അര്‍ജുന അവാര്‍ഡ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.