സിഡ്നി: ആസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിൽ അതിവേഗ അർധ സെഞ്ച്വറി കുറിച്ച് ഇന്ത്യയുടെ ഋഷഭ് പന്ത്. രണ്ടാം ഇന്നിങ്സിൽ ട്വന്‍റി20 ശൈലിയിൽ ബാറ്റുവീശിയ താരം 29 പന്തിലാണ് അമ്പതിലെത്തിയത്, അതും ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്‍റെ പന്തിൽ പടുകൂറ്റൻ സിക്സർ നേടി.
ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടെസ്റ്റ് ഫിഫ്റ്റിയാണ് സിഡ്നി ഗ്രൗണ്ടിൽ പന്ത് കുറിച്ചത്. ഒന്നാമത്തെ ഫിഫ്റ്റിയും പന്തിന്‍റെ പേരിൽ തന്നെയാണ്. 2022ൽ ശ്രീലങ്കക്കെതിരെ പന്ത് 22 പന്തിൽ അർധ സെഞ്ച്വറി കുറിച്ചിരുന്നു. അതേസമയം, ആസ്ട്രേലിയൻ മണ്ണിൽ ഒരു വിദേശതാരം നേടുന്ന അതിവേഗ അർധ സെഞ്ച്വറിയെന്ന നേട്ടം പന്ത് സ്വന്തമാക്കി. മുൻ ഇംഗ്ലണ്ട് താരങ്ങളായ ജോൺ ബ്രൗണും (1985) റോയ് ഫ്രെഡെറിക്സും (1975) 33 പന്തിൽ നേടിയ അർധ സെഞ്ച്വറി റെക്കോഡാണ് പന്ത് മറികടന്നത്. പന്ത് രണ്ടാം ഇന്നിങ്സ് തുടങ്ങിയത് സ്കോട്ട് ബോളണ്ടിന്‍റെ പന്ത് സിക്സ് പറത്തിയാണ്.
മത്സരത്തിൽ 33 പന്തിൽ 61 റൺസെടുത്താണ് പന്ത് പുറത്തായത്. നാലു സിക്സും ആറു ഫോറും. രണ്ടാം ഇന്നിങ്സിലും പന്തൊഴികെയുള്ള ഇന്ത്യൻ ബാറ്റർമാർ നിരാശപ്പെടുത്തി. നിലവിൽ 27.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 129 റൺസെടുത്തിട്ടുണ്ട്.
ഇന്ത്യയുടെ മുൻനിര ബാറ്റർമാർ വീണ്ടും നിരാശപ്പെടുത്തി. യശസ്വി ജയ്സ്വാൾ (35 പന്തിൽ 22), കെ.എൽ. രാഹുൽ (20 പന്തിൽ 13), ശുഭ്മൻ ഗിൽ (15 പന്തിൽ 13) വിരാട് കോഹ്ലി (12 പന്തിൽ ആറ്), നിതീഷ് കുമാർ റെഡ്ഡി (21 പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ഇത് അഞ്ചാം തവണയാണ് ബോളണ്ടിന്റെ പന്തിൽ പരമ്പരയിൽ കോഹ്ലി ഔട്ടാക്കുന്നത്, അതും ഓഫ് സൈഡ് ട്രാപ്പിൽ. ബോളണ്ട് ഓഫ് സൈഡിന് പുറത്തേക്കെറിഞ്ഞ പന്തിന് കോഹ്ലി ബാറ്റ് വെച്ചപ്പോൾ പന്ത് സ്ലിപ്പിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് കൈപ്പിടിയിലൊതുക്കി. കഴിഞ്ഞ ഇന്നിങ്സിൽ ബോളണ്ടിന് തന്നെയായിരുന്ന വിക്കറ്റ്. ക്യാച്ചെടുത്തത് വെബ്സ്റ്റർ ആയിരുന്നു എന്ന് മാത്രം. പരമ്പരയിൽ ഓഫ് സൈഡ് ട്രാപ്പിലൂടെ എട്ടാം തവണയാണ് കോഹ്ലി പുറത്താകുന്നത്.
ആദ്യ ഓവറിൽ നാലു ബൗണ്ടറികൾ സഹിതം സ്റ്റാർക്കിനെതിരെ ജയ്‌സ്വാൾ നേടിയ 16 റൺസ്, ടെസ്റ്റ് ക്രിക്കറ്റിൽ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച പ്രകടനമാണ്. നിലവിൽ ഇന്ത്യക്ക് 128 റൺസ് ലീഡുണ്ട്.
തകർപ്പൻ ബൗളിങ്ങിന് അതേ നാണയത്തിൽ ഇന്ത്യൻ ബൗളർമാരും തിരിച്ചടിച്ചതോടെ ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് 181 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് നാലു റൺസ് ലീഡ്. ആദ്യദിനം ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 185 റൺസിൽ അവസാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.