സിഡ്നി: ആസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 21 ഓവറിൽ 111 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് നാലു വിക്കറ്റ് നഷ്ടമായി.
ഇന്ത്യയുടെ മുൻനിര ബാറ്റർമാർ വീണ്ടും നിരാശപ്പെടുത്തി. യശസ്വി ജയ്സ്വാൾ (35 പന്തിൽ 22), കെ.എൽ. രാഹുൽ (20 പന്തിൽ 13), ശുഭ്മൻ ഗിൽ (15 പന്തിൽ 13) വിരാട് കോഹ്ലി (12 പന്തിൽ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ട്വന്‍റി20 ശൈലിയിൽ ബാറ്റുവീശുന്ന ഋഷഭ് പന്ത് അർധ സെഞ്ച്വറിയുമായി ക്രീസിലുണ്ട്. 31 പന്തിൽ 61 റൺസ്. രണ്ടു റൺസുമായി രവീന്ദ്ര ജദേജയാണ് ക്രീസിലുള്ള മറ്റൊരു താരം. ഓസീസ് ബൗളർമാരെ ഒട്ടുംഭയമില്ലാതെ ബാറ്റുവീശിയ പന്ത് 29 പന്തിലാണ് അമ്പതിലെത്തിയത്. നാലു സിക്സും ആറു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. മിച്ചൽ സ്റ്റാർക്കിന്‍റെ പന്തുകളിൽ തുടർച്ചയായി താരം രണ്ടു സിക്സുകൾ പറത്തി.
ഇത് അഞ്ചാം തവണയാണ് ബോളണ്ടിന്റെ പന്തിൽ പരമ്പരയിൽ കോഹ്ലി ഔട്ടാക്കുന്നത്, അതും ഓഫ് സൈഡ് ട്രാപ്പിൽ. ബോളണ്ട് ഓഫ് സൈഡിന് പുറത്തേക്കെറിഞ്ഞ പന്തിന് കോഹ്ലി ബാറ്റ് വെച്ചപ്പോൾ പന്ത് സ്ലിപ്പിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് കൈപ്പിടിയിലൊതുക്കി. കഴിഞ്ഞ ഇന്നിങ്സിൽ ബോളണ്ടിന് തന്നെയായിരുന്ന വിക്കറ്റ്. ക്യാച്ചെടുത്തത് വെബ്സ്റ്റർ ആയിരുന്നു എന്ന് മാത്രം. പരമ്പരയിൽ ഓഫ് സൈഡ് ട്രാപ്പിലൂടെ എട്ടാം തവണയാണ് കോഹ്ലി പുറത്താകുന്നത്.
ഇന്ത്യക്ക് നഷ്ടമായ നാലു വിക്കറ്റുകളിൽ മൂന്നും വീഴ്ത്തിയത് ബോളണ്ടാണ്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ആദ്യ ഓവറിൽ നാലു ബൗണ്ടറികൾ കടത്തി ജയ്സ്വാൾ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ആദ്യ ഓവറിൽ നാലു ബൗണ്ടറികൾ സഹിതം സ്റ്റാർക്കിനെതിരെ ജയ്‌സ്വാൾ നേടിയ 16 റൺസ്, ടെസ്റ്റ് ക്രിക്കറ്റിൽ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച പ്രകടനമാണ്. നിലവിൽ ഇന്ത്യക്ക് 128 റൺസ് ലീഡുണ്ട്.
തകർപ്പൻ ബൗളിങ്ങിന് അതേ നാണയത്തിൽ ഇന്ത്യൻ ബൗളർമാരും തിരിച്ചടിച്ചതോടെ ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് 181 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് നാലു റൺസ് ലീഡ്. ആദ്യദിനം ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 185 റൺസിൽ അവസാനിച്ചിരുന്നു. പരമ്പരയിൽ ആദ്യ മത്സരം കളിച്ച പ്രസിദ്ധ് കൃഷ്ണയുടെയും മുഹമ്മദ് സിറാജിന്‍റെയും മൂന്നു വിക്കറ്റ് പ്രകടനമാണ് ഓസീസ് ബാറ്റിങ്ങിനെ തകർത്തത്. നായകൻ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഓസീസിനായി അരങ്ങേറ്റക്കാരൻ ബ്യൂ വെബ്സ്റ്റർ അർധ സെഞ്ച്വറി നേടി ടീമിന്‍റെ ടോപ് സ്കോററായി. 105 പന്തിൽ 57 റൺസെടുത്തു. സ്റ്റീവ് സ്മിത്ത് 57 പന്തിൽ 33 റൺസെടുത്ത് പുറത്തായി. ഇനിയും രണ്ടര ദിവസം ബാക്കി നിൽക്കെ ടെസ്റ്റ് കൂടുതൽ ആവേശകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.