മാഡ്രിഡ്: തുടർച്ചയായ അഞ്ചാം മത്സരത്തിലും സൂപ്പർ താരം കിലിയൻ എംബാപ്പെ ഗോളടിച്ച മത്സരത്തിൽ ഡിപോർട്ടിവൊ അലാവസിനെ വീഴ്ത്തി റയൽ മാഡ്രിഡ്. ലാലിഗയിൽ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് റയലിന്റെ ജയം. എംബാപ്പെക്ക് പുറമെ ലൂകാസ് വാസ്കസും റോഡ്രിഗോയുമാണ് റയലിനായി ലക്ഷ്യം കണ്ടത്. കാർലോസ് ബെനാവിഡെസിന്റെയും കികെ ഗാർഷ്യയുടെയും വകയായിരുന്നു അലാവസിന്റെ ഗോളുകൾ.
റയൽ തട്ടകമായ സാന്റിയാഗോ ബർണബ്യൂവിൽ നടന്ന പോരാട്ടത്തിൽ ആദ്യ മിനിറ്റിൽ തന്നെ ഗാലറിയെ ആവേശത്തിലാക്കി ആതിഥേയർ അക്കൗണ്ട് തുറന്നു. ഇടതുവിങ്ങിലൂടെ മുന്നേറിയ വിനീഷ്യസ് നൽകിയ അത്യുഗ്രൻ പാസ് വലയിലേക്ക് അടിച്ചുകൊടുക്കേണ്ട ദൗത്യമോ ലൂകാസ് വാസ്കസിനുണ്ടായിരുന്നുള്ളൂ. 22ാം മിനിറ്റിൽ എംബാപ്പെ ലക്ഷ്യം കണ്ടെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. എന്നാൽ, ആദ്യ പകുതി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ എംബാപ്പെ പ്രായശ്ചിത്തം ചെയ്തു. എംബാപ്പെ തന്നെ നൽകിയ പന്ത് ജൂഡ് ബെല്ലിങ്ഹാം തിരിച്ച് തള്ളിനൽകിയപ്പോൾ ഓടിയെടുത്ത് പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞ് പോസ്റ്റിനുള്ളിലാക്കുകയായിരുന്നു.
ഇടവേള കഴിഞ്ഞെത്തിയയുടൻ റയൽ മൂന്നാം ഗോളും നേടി. ലൂകാസ് വാസ്കസ് നൽകിയ പന്തുമായി വലതു വിങ്ങിലൂടെ ഒറ്റക്ക് മുന്നേറിയ റോഡ്രിഗോ തടയാനെത്തിയ രണ്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ പന്ത് വലക്കുള്ളിലാക്കുകയായിരുന്നു. 72ാം മിനിറ്റിൽ എംബാപ്പെയെ എതിർ താരങ്ങൾ ബോക്സിൽ വീഴ്ത്തിയതിന് റയൽ പെനാൽറ്റിക്കായി വാദിച്ചെങ്കിലും അനുവദിച്ചില്ല. തൊട്ടുടനെ എൻഡ്രിക്കിന്റെ ഷോട്ട് എതിർതാരത്തിന്റെ കാലിൽ ഉരുമ്മിയ ശേഷം ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. പിന്നാലെ അലാവസ് താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.
നിശ്ചിത സമയം അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ലൂകാസ് വാസ്കസിന്റെ മിസ്പാസ് പിടിച്ചെടുത്ത അലാവസ് താരം ആൻഡെർ ഗെവാര പന്ത് ഒഴിഞ്ഞുനിന്ന ബെനാവിഡസിന് കൈമാറുകയും താരം പിഴവില്ലാതെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. തൊട്ടടുത്ത മിനിറ്റിൽ റയലിനെ ഞെട്ടിച്ച് അലാവെസ് വീണ്ടും ഗോളടിച്ചു. ഇത്തവണ ബെനാവിഡെസ് നൽകിയ പന്തിൽ കിക്കെ ഗാർഷ്യ നിറയൊഴിക്കുകയായിരുന്നു.
ഇഞ്ചുറി ടൈമിന്റെ തുടക്കത്തിൽ എൻഡ്രിക് ഒരിക്കൽകൂടി ഗോളിനടുത്തെത്തിയെങ്കിലും എതിർഗോൾകീപ്പറെ മറികടക്കാനായില്ല. അവസാന ഘട്ടത്തിൽ അലാവസ് സമനിലക്കായി റയൽ ഗോൾമുഖത്ത് റെയ്ഡ് നടത്തിയെങ്കിലും ലക്ഷ്യം കാണാതിരുന്നതോടെ റയൽ നിർണായക ജയവുമായി തിരിച്ചുകയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.