ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹസിൻ ജഹാൻ സുപ്രിംകോടതിയില്‍. അറസ്റ്റ് വാറന്‍റിലെ സ്റ്റേ നീക്കാതിരുന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് ഹസിൻ ജഹാൻ സുപ്രിംകോടതിയെ സമീപിച്ചത്. പശ്ചിമ ബംഗാളിലെ സെഷൻസ് കോടതിയാണ് അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തത്. ഇതിനെതിരെ അഭിഭാഷകരായ ദീപക് പ്രകാശ്, നചികേത വാജ്പേയി, ദിവ്യാംഗന മാലിക് വാജ്പേയി എന്നിവർ മുഖേനയാണ് ഹസിൻ സുപ്രീംകോടതിയെ സമീപിച്ചത്.
ഭർത്താവും ഭർതൃ കുടുംബാംഗങ്ങളും ശാരീരികമായി ഉപദ്രവിച്ചുവെന്നും പതിവായി സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് പരാതിയിലുള്ളത്.
2018ലാണ് ഹസിന്‍ ഷമിക്കെതിരെ ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ചത്. ഷമി സ്ത്രീധനം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നാണ് ഹസിന്‍ ജഹാന്‍റെ ആരോപണം. ലൈംഗികത്തൊഴിലാളികളുമായി ഷമിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഹസിന്‍ ആരോപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പര്യടനങ്ങൾക്കിടെ ഹോട്ടൽ മുറികളിൽ വച്ചാണ് ഇതൊക്കെ നടന്നതെന്നും ഹസിൻ ജഹാൻ പരാതിയില്‍ പറയുന്നു.
ഹസിന്‍റെ പരാതിയിൽ 2019 ആഗസ്ത് 29ന് അലിപൂരിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഈ വിധിക്കെതിരെ 2019 സെപ്തംബര്‍ 9ന് ഷമി സെഷൻസ് കോടതിയെ സമീപിച്ചു. സെഷൻസ് കോടതി ഷമിക്കെതിരായ അറസ്റ്റ് വാറന്‍റും മുഴുവന്‍ ക്രിമിനല്‍ വിചാരണാ നടപടികളും സ്റ്റേ ചെയ്തു. തുടർന്ന് ഹസിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ നീക്കിയില്ല. 2023 മാര്‍ച്ച് 28നുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹസിന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
വേഗത്തിലുള്ള വിചാരണയ്ക്കുള്ള തന്റെ അവകാശം ലംഘിക്കുന്ന വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന് ഹസിന്‍ ആരോപിച്ചു. സെലിബ്രിറ്റികൾക്ക് നിയമത്തില്‍ പ്രത്യേക പരിഗണന നൽകരുത്. കഴിഞ്ഞ നാലു വര്‍ഷമായി വിചാരണയില്‍ ഒരു പുരോഗതിയുമില്ല. അറസ്റ്റ് വാറന്‍റിനെതിരെ മാത്രമാണ് പ്രതി കോടതിയെ സമീപിച്ചത്. വിചാരണക്കെതിരെയല്ല. സെഷന്‍സ് കോടതി പക്ഷപാതപരമായി പ്രവര്‍ത്തിച്ചെന്നും ഹസിന്‍ ഹരജിയില്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.