ന്യൂഡൽഹി: 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ അമൻ ഷെഹ്റാവത്ത് 10 മണിക്കൂറിൽ കുറച്ചത് 4.6 കിലോ ഗ്രാം ഭാരം. സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെ അമന്റെ ഭാരം 61.5 കിലോഗ്രാമായി കൂടിയിരുന്നു. പിന്നീട് വെങ്കല മെഡൽ പോരാട്ടത്തിന് മുമ്പ് 10 മണിക്കൂറിനുള്ളിൽ ഷെഹ്റാവത്ത് 4.6 കിലോ കുറക്കുകയായിരുന്നു.
ഒരു രാത്രി മുഴുവൻ വിശ്രമമില്ലാതെ ജോലി ചെയ്താണ് അമൻ ഭാരം കുറച്ചത്. മത്സരത്തിന് പിന്നാലെ മുതിർന്ന ഇന്ത്യൻ പരിശീലകരായ ജാഗ്മാന്ദീർ സിങ്, വീരേന്ദർ ദഹിയ എന്നിവരുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ കഠിനമായി വ്യായാമം ചെയ്യിപ്പിച്ചു. അതിന് ശേഷം ഒരു മണിക്കൂർ ഹോട്ട് ബാത്തിന് വിധേയനാക്കി. പിന്നീട് പുലർച്ചെ പന്ത്രണ്ടരയോടെ ജിമ്മിലെത്തി ട്രെഡ് മില്ലിൽ വർക്ക് ഔട്ട് ചെയ്തു.
30 മിനിറ്റ് വിശ്രമമെടുത്തിന് ശേഷം അഞ്ച് മിനിറ്റ് സോന ബാത്തിനും അമൻ വിധേയനായി. ഇതിനെല്ലാം ശേഷവും അമന്റെ ഭാരം 900 ഗ്രാം കൂടുതലായിരുന്നു. പിന്നീട് അമനെ മസാജിന് വിധേയമാക്കുകയും 15 മിനിറ്റ് ഓടിക്കുകയും ചെയ്തതോടെ ഭാരം 56.9 കിലോ ഗ്രാമായി കുറഞ്ഞു. ഇതോടെയാണ് പരിശീലകർ ആശ്വാസമായത്.
നേരത്തെ ഭാരക്കൂടുതലിന്റെ പേരിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. ഭാരം 100 ഗ്രാം കൂടിയതിന്റെ പേരിലാണ് വിനേഷിനെ അയോഗ്യത വന്നത്. ഇതുമൂലം ഫൈനൽ മത്സരത്തിൽ പങ്കെടുക്കാനും അവർക്ക് സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.