കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച രവിചന്ദ്രൻ അശ്വിന്‍റെ ക്രിക്കറ്റിങ് ബുദ്ധി എന്നും ചർച്ചയാകുന്ന കാര്യമാണ്. അദ്ദേഹത്തിന്‍റെ ബൗളിങ്ങിലും ക്രിക്കറ്റ് ഫീൽഡിലെ മറ്റ് ഇടപെടലുകളിൽ നിന്നുമെല്ലാം ഇത് വ്യക്തമാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ മറ്റൊരു നീക്കം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഐ.പി.എല്ലിൽ അശ്വിൻ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കുമ്പോഴുണ്ടായ സംഭവമാണ് കൈഫ് ഓർത്തെടുക്കുന്നത്.
നെറ്റ്സിൽ ടീം മേറ്റായിരുന്ന ആസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് ബൗൾ ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ ഹെൽമെറ്റിലുണ്ടായിരുന്ന ക്യാമറ അശ്വിൻ ശ്രദ്ധിച്ചതെന്നും പിന്നീട് താരം ബോൾ ചെയ്യില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. 'അശ്വിൻ 2020ൽ ഞങ്ങൾക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. അത് കഴിഞ്ഞുള്ള 2021ൽ ട്വന്‍റി-20 ലോകപ്പിന് മുമ്പ് ഒരു ഐ.പി.എൽ സീസണുണ്ടായിരുന്നു. ഇതിനിടെ നെറ്റ്സിൽ ബൗൾ ചെയ്തുകൊണ്ടിരുന്ന അശ്വിൻ പെട്ടെന്ന് അത് നിർത്തി.
എന്താണ് പന്ത് എറിയാത്തതെന്ന് ഞാൻ ചോദിച്ചു, ഞാൻ ബൗൾ ചെയ്യില്ലെന്നായിരുന്നു അശ്വിന്‍റെ മറുപടി. അദ്ദേഹം എല്ലാ കാര്യവും ഒരുപാട് നിരീക്ഷിക്കും. സ്തമിത്ത് ഹെൽമറ്റിൽ ക്യാമറ പിടിപിച്ചിരിക്കുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അശ്വിൻ, അക്സർ പട്ടേൽ, എന്നിവരുൾപ്പെടുന്ന താരങ്ങളുടെ ബൗളിങ് റെക്കോഡ് ചെയ്യാനായിരുന്നു സ്മിത്ത് ക്യാമറ പിടിപ്പിച്ചത്. ഇത് മനസിലാക്കിയ അശ്വിൻ അപ്പോൾ തന്നെ ഇവൻ ഞങ്ങളുടെ വീഡിയോ റെക്കോഡ് ചെയ്യുന്നുണ്ട് ഞാൻ ബൗൾ ചെയ്യില്ല എന്ന് പറഞ്ഞു.
ലോകകപ്പിന്‍റെ സമയത്ത് ഇത് വിശകലനം ചെയ്യുവാൻ സ്മിത്ത് ഉപയോഗിക്കുന്നതിനാൽ അദ്ദേഹം ബൗൾ ചെയ്തില്ല. പിന്നാലെ അക്സറിനെയും അമിത് മിശ്രയെയും അറിയിക്കുകയും ചെയ്തു, അവരും ബൗളിങ് നിർത്തി. ഹെൽമറ്റിലെ ക്യാമറ എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. ക്രിക്കറ്റ് നിരീക്ഷണത്തിൽ അശ്വിന്റെ കഴിവ് വെളിവാക്കുന്നതായിരുന്നു ഈ സംഭവം,' കൈഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.