കുന്നംകുളം (തൃശൂർ): പൂരക്കാഴ്ചകൾ വിസ്മയം തീർക്കാറുള്ള സാംസ്കാരിക ജില്ലക്ക് ഇനി കൗമാര കേരളത്തിന്റെ വിസ്മയ പ്രകടനങ്ങളുടെ നാല് ദിനരാത്രങ്ങൾ. കുന്നംകുളം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക് സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീൽഡിലും കുതിപ്പിന്റെ കാഴ്ചകൾ തീർക്കാൻ പ്രതിഭകൾ തയാറായിക്കഴിഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഏഴിന് 65ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യ മത്സരത്തിന് വെടിയൊച്ച മുഴങ്ങും. തുടർന്നുള്ള നാലുദിവസം വാശിയേറിയ പോരാട്ടത്തിനാകും മൈതാനം സാക്ഷ്യം വഹിക്കുക.
37ാമത് ദേശീയ ഗെയിംസ് ഒക്ടോബർ 25 മുതലും ദേശീയ സ്കൂൾ കായികമത്സരങ്ങൾ നവംബർ രണ്ടാം വാരത്തിലും നടക്കുന്നതിനാലാണ് സാധാരണ ഡിസംബറിൽ നടക്കേണ്ട സംസ്ഥാന കായികോത്സവം ഇത്തവണ നേരത്തേ നടത്തുന്നത്. പല ജില്ല കായികമേളകളും കഴിഞ്ഞദിവസമാണ് പൂർത്തിയായതെന്നതിനാൽ താരങ്ങളുടെ പ്രകടനത്തെ അത് ബാധിക്കുമോയെന്ന ആശങ്കയുണ്ട്.
15 വർഷത്തെ ഇടവേളക്കുശേഷമാണ് തൃശൂരിലേക്ക് സംസ്ഥാന സ്കൂൾ കായികോത്സവം എത്തുന്നത്. മൂവായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്. താരങ്ങളുടെ രജിസ്ട്രേഷൻ നടപടികളും പൂർത്തിയായി.
17ന് രാവിലെ ഏഴിന് മത്സരങ്ങൾ ആരംഭിക്കും. ഒമ്പത് മണിക്ക് പതാക ഉയർത്തും. വൈകീട്ട് മൂന്നരക്ക് കുട്ടികളുടെ മാർച്ച് പാസ്റ്റും, ദീപശിഖ തെളിയിക്കലും നടക്കും. തുടർന്ന് കായികോത്സവ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. 20ന് വൈകീട്ട് കൊടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.