അ​ഞ്ജു ബോ​ബി ജോ​ർ​ജും നീ​ര​ജ് ചോ​പ്ര​യും 

നീരജ് ചോപ്രയെ തഴഞ്ഞു, ഒളിമ്പിക്സിൽ പതാകയേന്താൻ ടേബിൾ ടെന്നിസിലെ 88ാം റാങ്കുകാരൻ; പ്രതിഷേധവുമായി അഞ്ജു

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം സ്വന്തമാക്കി അഭിമാനമായ നീരജ് ചോപ്രയെ പാരിസ് ഒളിമ്പിക്സിൽ പതാകയേന്തുന്നതിൽനിന്ന് ഒഴിവാക്കിയത് വിവാദമാകുന്നു. നീരജിനെ തഴഞ്ഞ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) ടേബ്ൾ ടെന്നിസ് താരം ശരത് കമലിനെയാണ് പതാകവാഹകനായി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത്. പി.ടി. ഉഷ നയിക്കുന്ന ഐ.ഒ.എയുടെ തീരുമാനത്തിനെതിരെ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് രംഗത്തെത്തി.

ആശ്ചര്യകരമെന്നു പറയട്ടെ, 2024 ലെ ഒളിമ്പിക് ഗെയിംസിന്റെ പതാകവാഹകനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നമ്മുടെ സുവർണ താരം നീരജ് ചോപ്രയെ പരിഗണിച്ചില്ലെന്നും എന്തുകൊണ്ടാണെന്നും അഞ്ജു സമൂഹമാധ്യമങ്ങളിലെ കുറിപ്പിൽ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കായിക മന്ത്രി അനുരാഗ് ഠാകുർ, മുൻമന്ത്രി കിരൺ റിജിജു, അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, നീരജ് ചോപ്ര തുടങ്ങിയവരെ ടാഗ് ചെയ്താണ് അഞ്ജു പ്രതിഷേധക്കുറിപ്പെഴുതിയത്.

ലോകനിലവാരമുള്ള നീരജ് ചോപ്രയെ മാറ്റിനിർത്തിയതിന് പിന്നിൽ ഐ.ഒ.എ അധികൃതരുടെ ‘കളി’കളുണ്ടെന്നാണ് സൂചന. ലോക റാങ്കിങ്ങിൽ 88ാം സ്ഥാനക്കാരനായ ശരത് കമലിന് ഒളിമ്പിക്സിൽ നേരിയ മെഡൽ പ്രതീക്ഷ പോലുമില്ല. കഴിഞ്ഞതവണ സ്വർണം നേടി അഭിമാനമായ നീരജിന് ഇത്തവണ ആദരവെന്ന നിലയിലും ദേശീയ പതാകയേന്താൻ ചുമതല നൽകുമെന്നായിരുന്നു അത്‍ലറ്റിക്സ് ഫെഡറേഷൻ ഭാരവാഹികളടക്കം പ്രതീക്ഷിച്ചത്.

ഹോക്കി ഇതിഹാസങ്ങളായ ധ്യാൻ ചന്ദും ബൽബീർ സിങ് സീനിയറും പതാകയേന്തിയത് സ്വർണം നേടിയതിന്റെ അടുത്ത തവണയായിരുന്നു. 1980ലെ മോസ്കോ ഒളിമ്പിക്സിൽ ഹോക്കിയിൽ സ്വർണമണിഞ്ഞ ടീമിലെ പ്രമുഖനായിരുന്ന സഫർ ഇഖ്ബാലായിരുന്നു 84ലെ പതാകവാഹകൻ. 2004ൽ ആതൻസിൽ വെള്ളി നേടിയ ഷൂട്ടർ രാജ്യവർധൻ സിങ് റാത്തോഡിനായിരുന്നു അടുത്ത തവണ ഇന്ത്യയുടെ പതാക വഹിക്കാനുള്ള ഭാഗ്യം. 2008ൽ ബെയ്ജിങ്ങിൽ സ്വർണമണിഞ്ഞ അഭിനവ് ബിന്ദ്രക്ക് 2016ലും അവസരം നൽകി.

കഴിഞ്ഞ തവണ ഹോക്കി താരം മൻപ്രീത് സിങ്ങും വെറ്ററൻ ബോക്സർ മേരികോമുമായിരുന്നു ഇന്ത്യൻ പതാകയേന്തിയത്. ഇത്തവണ ഇന്ത്യയുടെ ചെഫ് ഡി മിഷൻ മേരികോമാണ്. ശരത് കമലിന് അഞ്ചാമത്തെയും അവസാനത്തെയും ഒളിമ്പിക്സാണിത്.

Tags:    
News Summary - 88th ranked table tennis player to carry Olympic flag, Neeraj Chopra was pampered; Anju reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.